നാലു വയസ്സുകാരന്റെ ജീവനെടുത്തത് ബൈക്ക് റേസിങ്; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കോവളത്ത് ബൈക്കിടിച്ച് നാല് വയസ്സുകാരന്‍ യുവാന്‍ മരിച്ചത് റേസിങ്ങിനിടെയെന്ന് സ്ഥിരീകരണം. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം സ്വദേശി ആഷിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് 30-ന് കോവളത്ത് വച്ച് അമ്മയ്‌ക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. യുവാനെ ഇടിച്ചുവീഴ്ത്തിയ ശേഷം ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നു.
അപകടസ്ഥലത്ത് നിന്നും ബൈക്കിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സിസിടിവിയും സര്‍വീസ് സെന്ററുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കരമനയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും ബൈക്ക് കണ്ടെത്തി.
പ്രദേശത്ത് സ്ഥിരമായി റേസിങ് നടത്തുന്ന വ്യക്തിയാണ് ആഷിക്കെന്ന് പോലീസ് പറഞ്ഞു. യുവാവിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.