തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്മർദത്തിനൊടുവിൽ വന്ദേഭാരത് കേരളത്തിൽ എത്തുമ്പോൾ പ്രതീക്ഷയോടെ റെയിൽ യാത്രികർ.
തിരുവനന്തപുരത്തുനിന്ന് കോട്ടയംവഴി കണ്ണൂരിലേക്ക് 501 കിലോമീറ്ററിലാണ് വന്ദേഭാരത് സർവീസ് നടത്തുക. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാകും സ്‌റ്റോപ്പ് എന്നാണ് അറിയുന്നത്.
സംസ്ഥാനത്തെ വേഗമേറിയ ട്രെയിനുകളാണ് രാജധാനിയും ജനശതാബ്ദിയും. രാജധാനിക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്താൻ എട്ടു മണിക്കൂറും ജനശതാബ്ദിക്ക് 7.55 മണിക്കൂറും വേണം. വന്ദേഭാരത് എത്തുമ്പോൾ എത്ര സമയലാഭം ഉണ്ടാകുമെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്.
അതിന് അനുസരിച്ച് യാത്രാനിരക്കും ആകർഷകമാകണം. ഫ്ലസി നിരക്ക് ബാധകമായതിനാൽ നിശ്ചിത സീറ്റിന് അപ്പുറം വലിയ നിരക്ക് കൊടുക്കേണ്ടിവരുമെന്നാണ് സൂചന.
മൊത്തം സീറ്റിന്റെ അഞ്ചുശതമാനം തൽക്കാൽ സീറ്റാണ്. ഇത് 30 ശതമാനംവരെ ഉയർത്താൻ ദക്ഷിണ റെയിൽവേക്ക് അനുമതിയുണ്ട്. കുട്ടികൾക്കും മുതിർന്ന ആളുടെ ചാർജ് ഈടാക്കും.
കൊച്ചുവേളിയിൽ എത്തി
കേരളത്തിൽ സർവീസ് ആരംഭിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷന് അനുവദിച്ച രണ്ട് വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ഒന്ന് വെള്ളി വൈകിട്ട് ആറോടെ കൊച്ചുവേളിയിൽ എത്തി.
ചെന്നൈ പെരമ്പൂരിലെ ഇന്റർഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ നിർമിച്ച ട്രെയിനാണ് പാലക്കാട് വഴി എത്തിയത്. 25ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുമെന്നാണ് പ്രചാരണം. പക്ഷേ, കേന്ദ്ര– -സംസ്ഥാന സർക്കാരുകളോ റെയിൽവേയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
റൂട്ട്, ടൈംടേബിൾ, ഫ്‌ളാഗ് ഓഫ് തീയതി എന്നിവയെക്കുറിച്ച് പറയേണ്ടത് റെയിൽവേ ബോർഡാണ്. ഇത്തരം അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസ് പറഞ്ഞു.
അതേസമയം ഫ്‌ളാഗ് ഓഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് പറയുന്നു. 25ന് സംസ്ഥാന സർക്കാരിന്റെ മൂന്നു പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല.
പാലക്കാട്, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിർത്തിയാണ് ട്രെയിൻ കൊച്ചുവേളിയിൽ എത്തിയത്. ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ നടക്കുക ഇവിടെയാകും. കൊച്ചുവേളിയിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തിയിരുന്നു.
16 കോച്ച്
ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വന്ദേ ഭാരതാണ് കേരളത്തിൽ സർവീസ് നടത്താനിരിക്കുന്നത്. 16 കോച്ച് ഇതിലുണ്ടാകും. അതിൽ 14 ചെയർകാറും രണ്ടെണ്ണം എക്‌സിക്യൂട്ടീവ് ചെയർകാറുമാണ്. ഇരുഭാഗത്തും എൻജിനുണ്ട്.
എൻജിനോടു ചേർന്ന കോച്ചുകളിൽ 44 സീറ്റ് വീതവും മറ്റ് കോച്ചുകളിൽ 78 സീറ്റ് വീതമാണുള്ളത്. 156 സീറ്റ് എക്‌സിക്യൂട്ടീവ് കോച്ചുകളിലുണ്ട്. 1024 സീറ്റ് ചെയർകാറുകളിലും. എല്ലാ കോച്ചുകളും എസിയാണ്.