ലോറി ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു; തീപിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

താനൂർ: ലോറി ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചുണ്ടായ തീപിടിത്തത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് തൊപ്പാശ്ശീരി നവാസാണ് (24) മരിച്ചത്. വിഷുദിനത്തിൽ ഉച്ചയ്ക്ക് രണ്ടോടെ പരപ്പനങ്ങാടി റോഡിൽ സ്കൂൾപടിയിൽ വച്ചാണ് അപകടം.
തിരൂർ ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട ലോറി സമീപത്തെ വൈദ്യുതതൂണിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ലോറിക്കടിയിൽ കുടുങ്ങിയ യുവാവ് പെള്ളലേറ്റാണ് മരിച്ചത്.
താനൂർ ഫയർഫോഴ്സ് സംഘവും, പൊലീസും സ്ഥലത്തെത്തി. ടിഡിആർഎഫ്, ട്രോമകെയർ വളണ്ടിയർമാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം തിരൂർ ജില്ലാആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പരപ്പനങ്ങാടി – താനൂർ റൂട്ടിൽ എറെനേരം ഗതാഗതം തടസ്സപ്പെട്ടു. ബാപ്പ: യൂസഫ്. ഉമ്മ: ഷെരീഫ. സഹോദരങ്ങൾ: മുഹമ്മദ് അസ്ലം, ഫസീല, നഹ് ല, നിഹ് ല.