മരുമകളെ തല്ലുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍; ഭര്‍തൃപിതാവ് അറസ്റ്റില്‍

പാറശ്ശാല: വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മരുമകളെ തല്ലിയെന്ന കേസില്‍ ഭര്‍തൃപിതാവിനെ അറസ്റ്റ് ചെയ്തു. പരശുവയ്ക്കലിന് സമീപം ആടുമന്‍കാട് മുണ്ടുതോട്ടം കിഴക്കേ പുത്തന്‍വീട്ടില്‍ രാമചന്ദ്രനെ (75) യാണ് മരുമകള്‍ പ്രേമലതയുടെ പരാതിയില്‍ പാറശ്ശാല പോലീസ് അറസ്റ്റു ചെയ്തത്.
രാമചന്ദ്രന്‍ മരുമകളെ മര്‍ദിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രാമചന്ദ്രനും മകനും കുടുംബവും ആടുമന്‍ക്കാട്ടിലെ വീട്ടിലാണ് താമസിക്കുന്നത്. വസ്തുവിന്റെ പകുതി രാമചന്ദ്രന്‍ മകന്റെ പേരില്‍ എഴുതി നല്‍കിയിരുന്നു.
ഇവര്‍ തമ്മില്‍ തെറ്റിയതിനെ തുടര്‍ന്ന് മകനും കുടുംബവും വീട്ടില്‍നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കും പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
രണ്ട് ദിവസം മുമ്പ് രാമചന്ദ്രനും മരുമകളുമായി വാക്കേറ്റമുണ്ടാവുകയും രാമചന്ദ്രന്‍ പ്രേമലതയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
മര്‍ദിക്കുന്ന രംഗങ്ങള്‍ പ്രേമലതയുടെ മക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രേമലത പാറശ്ശാല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.