വീട്ടുസാധനങ്ങള്‍ മാറ്റി; ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍, തത്കാലം സോണിയയുടെ വീട്ടിലേക്ക്

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയൊഴിയാനുള്ള അവസാനവട്ട തയ്യാറെടുപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹി തുഗ്ലക് ലെയ്‌നിലുള്ള വസതിയില്‍ നിന്ന് രാഹുലിന്റെ സാധനങ്ങള്‍ മാറ്റി തുടങ്ങി. ഏപ്രില്‍ 22-നു മുമ്പ് എം.പിയുടെ ഔദ്യോഗിക വസതിയൊഴിയണമെന്ന് രാഹുലിന് നോട്ടീസ് ലഭിച്ചിരുന്നു.
നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം അനുവദിച്ച സമയത്തിനു മുമ്പ് ഔദ്യോഗികമായി വസതി കൈമാറുമെന്ന് രാഹുലിന്റെ ഓഫീസ് അറിയിച്ചു. തത്കാലം ജന്‍പഥിലുള്ള സോണിയാഗാന്ധിയുടെ വസതിയിലേക്കു മാറാനാണ് രാഹുലിന്റെ തീരുമാനം.
ഡല്‍ഹിയിലെ സേവാദള്‍ നേതാവ് രാജ്കുമാരി ഗുപ്ത സ്വന്തം വീട് രാഹുല്‍ ഗാന്ധിയുടെ പേരില്‍ എഴുതി നല്‍കി. മംഗോള്‍പുരിയിലെ തന്റെ വീടിന്റെ പവര്‍ ഓഫ് അറ്റോണി രാഹുല്‍ ഗാന്ധിക്കാണ് എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള രേഖകളും രാജ്കുമാരി ഗുപ്ത നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാംഗവുമായ അജയ് റായ് വാരണാസിയിലെ തന്റെ വീട് പ്രതീകാത്മകമായി രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കി. രാഹുലിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
അതേസമയം അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ഗാദ്ധി ക്ഷേത്രത്തിലെ പൂജാരി സഞ്ജയ് ദാസ് രാഹുലിനെ അയോധ്യയിലേക്കു ക്ഷണിച്ചു. ക്ഷേത്രപരിസരത്തെ ആശ്രമത്തില്‍ രാഹുല്‍ താമസിക്കണമെന്നും സഞ്ജയ് ദാസ് പറഞ്ഞു.
പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട വയനാട്ടുകാരെ താന്‍ കണ്ടതാണെന്നും തന്റെ വീട് എന്നില്‍നിന്ന് 50 തവണ പറിച്ചെടുത്താലും ഞാന്‍ അസ്വസ്ഥനാകില്ലെന്നുമായിരുന്നു വയനാട്ടിലെ സമ്മേളനത്തില്‍ രാഹുലിന്റെ പ്രതികരണം. എന്റെ ഔദ്യോഗിക വസതിയിലേക്ക് പോലീസിനെ അയച്ചാല്‍ ഭയപ്പെടുമെന്നാണ് അവര്‍ കരുതുന്നത്.
എന്റെ വീട് എന്നില്‍നിന്നെടുത്താല്‍ ഞാന്‍ അശക്തനാകുമെന്നും അവര്‍ കരുതുന്നു. നൂറു കണക്കിന് വീടുകള്‍ നഷ്ടപ്പെട്ട ആളുകളെ ഈ വയനാട്ടില്‍ത്തന്നെ ഞാന്‍ കണ്ടിട്ടുണ്ട്. പ്രളയം വന്നപ്പോള്‍ വീടുകള്‍ നഷ്ടപ്പെട്ടവരെയും അതിനോടുള്ള ഇവിടത്തെ ജനങ്ങളുടെ പ്രതികരണവും ഞാന്‍ കണ്ടിട്ടുള്ളതാണ്.
എഎന്തെന്നാല്‍ ഞാന്‍ വയനാട്ടിലെ ജനങ്ങളില്‍നിന്ന് അതിന്റെ പാഠം പഠിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വയനാട്ടിലെയും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഞാന്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും- രാഹുല്‍ പറഞ്ഞു.