ട്രഷറിയിൽ സമർപ്പിച്ച ബിൽ പാസാക്കിയില്ല; വൃക്കരോഗികൾക്കുള്ള ധനസഹായം മുടങ്ങി

കണ്ണൂർ : വൃക്ക രോഗികൾക്ക് ഡയലിസിസ് ധനസഹായം ലഭ്യമാക്കാനായി കോർപറേഷൻ സമർപ്പിച്ച 17 ലക്ഷത്തോളം രൂപയുടെ പദ്ധതികളുടെ ആനുകൂല്യം വിഷുവിനു ലഭ്യമാവില്ല. ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ പാസാക്കാത്തതാണ് കാരണമെന്ന് കിഡ്നി കെയർ കേരള പ്രവർത്തക സമിതി യോഗം ആരോപിച്ചു.
പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കുന്ന കാര്യത്തിൽ ട്രഷറി പോലും അവഗണന കാട്ടിയെന്നും യോഗം കുറ്റപ്പെടുത്തി. തുക ഉടൻ രോഗികൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നു യോഗം കോർപറേഷനോടും ജില്ലാ ട്രഷറിയോടും ആവശ്യപ്പെട്ടു.
ധനസഹായ പദ്ധതി പ്രഖ്യാപിച്ചതു മുതൽ താളപ്പിഴകളാണെന്ന് കിഡ്നി കെയർ കേരള ചൂണ്ടിക്കാട്ടി. സഹായം രോഗികൾക്കു നൽകാതെ ആസ്പത്രികൾക്ക് നൽകാനാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഡയാലിസിസ് ചെയ്തു കഴിഞ്ഞ ഉടൻ ആസ്പത്രികൾ രോഗിയിൽ നിന്നു പണം ഈടാക്കും.
ഇതു പിന്നീട് ആസ്പത്രിയിൽ നിന്നു രോഗിക്ക് തിരികെക്കൊടുക്കുന്ന തരത്തിലുള്ള ഉത്തരവുതന്നെ തലതിരിഞ്ഞതാണെന്നു യോഗം കുറ്റപ്പെടുത്തി.ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കി രോഗിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം ലഭ്യമാക്കിയാൽ ഈ ദുരവസ്ഥ ഉണ്ടാവില്ലായിരുന്നു.
പദ്ധതി നടപ്പാക്കേണ്ട ഉദ്യോഗസ്ഥരും വൃക്കരോഗികളോട് ക്രൂരമായ അനാസ്ഥയാണു കാണിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടി.
നിർവഹണ ഉദ്യോഗസ്ഥയായി നിശ്ചയിച്ച പള്ളിക്കുന്ന് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ചു. പിന്നീട് ഹെൽത്ത് സൂപ്പർവൈസറെ നിർവഹണ ഉദ്യോഗസ്ഥനായി നിയമിച്ച് മാർച്ച് 28നാണ് ബിൽ ജില്ലാ ട്രഷറിയിൽ സമർപ്പിച്ചത്. എന്നാൽ, പല കാരണങ്ങളും പറഞ്ഞ് പാസാക്കാതെ മാർച്ച് 31ന് രാത്രി വരെ നീട്ടിക്കൊണ്ടുപോയി. 31ന് രാത്രി 11വരെ കോർപറേഷൻ ഉദ്യോഗസ്ഥർ ട്രഷറിയിൽ ഉണ്ടായിരുന്നു.
ബില്ലിൽ ട്രഷറി ഉദ്യോഗസ്ഥർ പറഞ്ഞ ന്യൂനതകൾ അവർ അപ്പപ്പോൾ തന്നെ പരിഹരിച്ചു കൊടുക്കുകയും ചെയ്തു. എന്നിട്ടും പാസാക്കിക്കൊടുത്തില്ല.രണ്ടു പ്രോജക്ടുകളിലായി 16,89,800 രൂപയുടെ സഹായമാണ് വൃക്ക രോഗികൾക്ക് ലഭിക്കേണ്ടിയിരുന്നത്.
ഒട്ടേറെ പദ്ധതികളിൽ തദ്ദേശ സ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ധനസഹായം നൽകുമ്പോഴാണ് വൃക്കരോഗികളോട് മാത്രം ചിറ്റമ്മ നയമെന്നും കിഡ്നി കെയർ കേരള കുറ്റപ്പെടുത്തി.
യോഗത്തിൽ ചെയർമാൻ പി.പി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ.എസ്.സുനിൽ, കെ.ജയരാജൻ, കെ.വി.ജയറാം, ഇ.ബാലകൃഷ്ണൻ, പി.അബ്ദുൾ മുനീർ, കെ.മഹിജ, വി.കെ.ബാലകൃഷ്ണൻ, ടി.ഇ.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.