എം.ഡി.എം.എ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കാണാതായി; യുവാവിന്റെ മൃതദേഹം ജലാശയത്തില്‍

കട്ടപ്പന: ചൊവ്വാഴ്ച നഗരത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ.യുമായി പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതിയുടെ മൃതദേഹം ഇടുക്കി ജലാശയത്തിൽ കണ്ടെത്തി. കല്ലുകുന്ന് വട്ടക്കാട്ട് ജോ മാർട്ടിൻ ജോസി (24) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കേസിൽ ജാമ്യത്തിലിറങ്ങിയശേഷം ബുധനാഴ്ച ഇയാളെ കാണാതായിരുന്നു. തുടർന്ന് ഇയാളുടെ വാഹനം ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽനിന്നും കണ്ടെടുത്തു.
കേസിൽ താൻ നിരപരാധിയാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇയാൾ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി സൂചനയുണ്ട്.
പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ജോ മാർട്ടിൻ ജോസിന്റെ മൃതദേഹം കണ്ടെത്തിയത്.
ജോ മാർട്ടിൻ ജോസിന്റെ ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്. ചെയ്യാത്ത തെറ്റിനാണ് തന്നെ പിടിച്ചതെന്നും ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിലുണ്ട്.