പെട്രോളിനും മദ്യത്തിനും പുറമേ പടക്കത്തിനും മാഹിയിലേക്ക് ഒഴുക്ക്

മാഹി : മദ്യം, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് സമീപ ജില്ലകളിൽനിന്ന് മാഹിയിലേക്കുള്ള ഒഴുക്ക് നേരത്തെയുള്ളതാണ്. എന്നാൽ വിഷുവെത്തിയതോടെ പടക്കത്തിനും ഒട്ടേറെപ്പേരാണ്
മയ്യഴിപ്പുഴയുടെ തീരത്തേക്കെത്തുന്നത്. വിലക്കുറവ് തന്നെ കാരണം.
കണ്ണൂർ, കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ് ഒറ്റയ്ക്കും കൂട്ടായും മാഹിയിലെത്തുന്നത്. നികുതിയിലെ വ്യത്യാസമാണ് വിലക്കുറവിന് കാരണമായിപ്പറയുന്നത്. ജി.എസ്.ടി. സംവിധാനം വരുന്നതിനുമുമ്പ് വയറിങ്, പ്ലംബിങ്, ഇലക്‌ട്രോണിക്, ടെയ്‌ലറിങ് വസ്തുക്കൾ വാങ്ങാൻ നിരവധിപ്പേർ മാഹിയിലെത്തുമായിരുന്നു.
നികുതി ഏകീകരണം വന്നതോടെ സാധനങ്ങളുടെ വിലയിലെ അന്തരം ഇല്ലാതായി. പിന്നീട് മദ്യത്തിന് മാത്രമായി വിലക്കുറവിന്റെ ആകർഷണം. കേരളത്തിൽ പെട്രോളിനും ഡീസലിനും നികുതിവർധന വന്നതോടെ സമീപപ്രദേശത്തുള്ള വാഹനങ്ങൾ കൂട്ടത്തോടെ മാഹിയിലെത്താൻ തുടങ്ങി.
ഇപ്പോഴിതാ പടക്കത്തിനും. ഇരുപത് ശതമാനത്തിലധികം വിലക്കുറവുണ്ടെന്നാണ് പറയുന്നത്. വിഷുവെത്തിയതോടെ മദ്യക്കടത്ത് തടയാൻ പോലീസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്