കേടായ എല്‍.ഇ.ഡി ബൾബുകള്‍ വീട്ടില്‍ തന്നെ നന്നാക്കാം; പരിശീലനം നല്‍കി കെ .എസ്.ഇ. ബി

Share our post

ഇനി കേടായ എല്‍ ഇ ഡി ബള്‍ബുകള്‍ വലിച്ചെറിയേണ്ട. വീട്ടില്‍ തന്നെ നന്നാക്കി വീണ്ടും ഉപയോഗിക്കാം. കണ്ണൂര്‍ പോലീസ് മൈതാനിയിലെ എന്റെ കേരളം മെഗാ എക്‌സിബിഷനിലെ കെഎസ്ഇബിയുടെ സ്റ്റാളിലാണ് എല്‍ ഇ ഡി ബള്‍ബുകള്‍ എങ്ങനെ വീട്ടില്‍ തന്നെ നന്നാക്കി വീണ്ടും ഉപയോഗിക്കാമെന്ന് പരിശീലിപ്പിക്കുന്നത്.

40 വാട്‌സ് ബള്‍ബ് വരെ ഇതുപോലെ നന്നാക്കി ഉപയോഗിക്കാം.ഊര്‍ജ സംരക്ഷണത്തിന്റെ ഭാഗമായി കെ .എസ്.ഇ. ബിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ, ഹരിതകര്‍മ സേന തുടങ്ങിയ വിവിധ സംഘങ്ങള്‍ക്ക് ഇതിനായി പരിശീലനം നല്‍കുന്നുണ്ട്. 15 രൂപയാണ് ഒരു ബള്‍ബ് റിപ്പയര്‍ ചെയ്യാനായി ചെലവാകുന്നത്.

എല്‍ഇഡി ബള്‍ബിനകത്തെ ചിപ്പ് മാറ്റി പുതിയ ചിപ്പ് ഘടിപ്പിച്ചാണ് റിപ്പയറിങ് നടത്തുക. ഇതോടൊപ്പം എല്‍ ഇ ഡി ക്യാപ് പഞ്ചിങ് മെഷിന്‍, ക്യാപ് ടൈറ്റര്‍, സോള്‍ഡറിങ് അയണ്‍ തുടങ്ങി റിപ്പയറിങ്ങിന് ആവശ്യമായ ഉപകരണങ്ങളും സ്റ്റാളില്‍ പരിചയപ്പെടുത്തുന്നു.

നൂറിലധികം എല്‍ഇഡി ബള്‍ബുകള്‍ ഇതിനോടകം എക്‌സിബിഷനില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി റിപ്പയര്‍ ചെയ്തു നല്‍കി. നിരവധി പേരാണ് കേട്ടറിഞ്ഞ് പഴയ ബള്‍ബുകളുമായി സ്റ്റാളിലേക്ക് എത്തുന്നത്.

ഇതിന് പുറമെ ഇലക്ട്രിക് ഫാനിനെ ബി എല്‍ ഡി സി ഫാനിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുന്നതിനുള്ള പരിശീലനം, എല്‍ ഇ ഡി സീറോ വാട്ട് ബള്‍ബ് നിര്‍മാണം, സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ നല്‍കുന്നതിനായി മാല ബള്‍ബുകള്‍ നിര്‍മ്മിക്കാനാവശ്യമായ പരിശീലനം എന്നിവയും സൗജന്യമായി നല്‍കുന്നു.

എനര്‍ജി മാനേജ്‌മെന്റ് റിസോഴ്‌സ് പേഴ്‌സണ്‍ കെ പവിത്രന്റെ നേതൃത്വത്തിലാണ് ഊര്‍ജ സംരക്ഷണ പരിശീലനം.പുരപ്പുറ സൗരോര്‍ജ നിലയം, വാതില്‍പ്പടി സേവനം ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്, വൈദ്യുതി അപകടങ്ങള്‍, ബില്ലിങ്ങ് തുടങ്ങിയവയെ പറ്റിയുള്ള ബോധവല്‍ക്കരണം എന്നിവയും സ്റ്റാളിലെത്തുന്നവര്‍ക്ക് ലഭിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!