ഹൈക്കോടതി പച്ചക്കൊടി വീശി; അരനൂറ്റാണ്ടിന്റെ തലയെടുപ്പുമായി ‘സ്വപ്ന’ വീണ്ടും നിരത്തില്‍

ഒരു സ്വകാര്യ ബസ് ഓട്ടം നിര്‍ത്തുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ പൂക്കോട്ടുംപാടം തേള്‍പ്പാറയില്‍നിന്ന് തൃശ്ശൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വപ്ന ബസ് സര്‍വീസ് നിര്‍ത്തിയപ്പോള്‍ അത് ചര്‍ച്ചയായി. ഉടമയും ജീവനക്കാരും മാത്രമല്ല യാത്രക്കാരും തേള്‍പ്പാറ ഗ്രാമവും ഒരുപോലെ സങ്കടത്തിലായി.
140 കിലോമീറ്റര്‍ ദൂരം സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സുകള്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് അരനൂറ്റാണ്ടിന്റെ പാരമ്പര്യം ഉള്ള സ്വപ്നയ്ക്കും വിലങ്ങുവീണത്.
മാര്‍ച്ച് 31-ന് നിര്‍ത്തിയ സര്‍വീസ് പുനരാരംഭിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് താത്കാലിക പെര്‍മിറ്റ് അനുവദിച്ചതോടെ വെള്ളിയാഴ്ച തേള്‍പ്പാറയില്‍നിന്ന് സ്വപ്ന വീണ്ടും കുതിക്കും.
രാവിലെ 5.30-ന് തേള്‍പ്പാറയില്‍നിന്നു പുറപ്പെട്ട് 10-ന് തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡിലെത്തുന്ന ബസ് 2.30-ന് തൃശ്ശൂരില്‍നിന്ന് തിരിച്ച് യാത്ര ആരംഭിച്ച് വൈകീട്ട് ഏഴരയോടെ തേള്‍പ്പാറയില്‍ എത്തും. അഭിഭാഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി വിവിധ മേഖലകളിലെ പതിവു യാത്രക്കാരാണ് ബസ്സില്‍ കൂടുതലുള്ളത്.
50 വര്‍ഷത്തിനിടയില്‍ മൂന്നാമത്തെ ഉടമയുടെ കൈവശമാണ് ഇപ്പോള്‍ ബസ്സുള്ളത്. എല്ലാവരും മലപ്പുറം ജില്ലക്കാരുമാണ്. ഉടമകള്‍ മാറിയപ്പോഴും സ്വപ്ന എന്ന പേര് മാറ്റിയില്ല. ജീവനക്കാരും ഇടയ്ക്കു വെച്ച് മാറാത്തവരാണ്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അനുകൂലവിധി നിരവധി ബസുകള്‍ക്ക് നേട്ടമായിട്ടുണ്ട്. അരനൂറ്റാണ്ടിനിടയില്‍ 12 ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള സ്വപ്നയുടെ തിരിച്ചുവരവ് സാമൂഹികമാധ്യമങ്ങളിലും ചര്‍ച്ചയാണ്.