കാമുകിയുടെ ക്വട്ടേഷന്‍: അപകടത്തില്‍പ്പെട്ട കാര്‍ കസ്റ്റഡിയില്‍, സുഹൃത്തുക്കള്‍ക്കായി തിരച്ചില്‍

വര്‍ക്കല: പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ച് എറണാകുളത്ത് റോഡരികില്‍ തള്ളിയ കേസില്‍ അന്വേഷണം അയിരൂര്‍ പോലീസ് ഊര്‍ജിതമാക്കി. കേസില്‍ ഇനി പിടികിട്ടാനുള്ള ആറുപേരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.
യുവാവിനെ മര്‍ദിച്ച ക്വട്ടേഷന്‍ സംഘത്തിലെ എറണാകുളം സ്വദേശികളായ ആറുപേരെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ക്വട്ടേഷന്‍ നല്‍കിയ ചെറുന്നിയൂര്‍ താന്നിമൂട് സ്വദേശിനി ലക്ഷ്മിപ്രിയ (19), ക്വട്ടേഷന്‍ സംഘത്തിലെ എറണാകുളം സ്വദേശി അമല്‍ മോഹന്‍ (24) എന്നിവര്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു.
ലക്ഷ്മിപ്രിയയുടെ സുഹൃത്തുള്‍പ്പെടെയുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവര്‍ക്കായി അയിരൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം തിരച്ചില്‍ നടത്തുകയാണ്.
വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനെയാണ് ക്വട്ടേഷന്‍ സംഘം ഏപ്രില്‍ അഞ്ചിന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ലക്ഷ്മിപ്രിയയുമായുള്ള പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ തയ്യാറാകാത്തതാണ് അക്രമത്തിനു പിന്നിലെന്നാണ് കേസ്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. യുവാവിനെ യുവതിയുള്‍പ്പെട്ട സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി എറണാകുളത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് വൈറ്റിലയില്‍ ഉപേക്ഷിച്ചു.
സംഭവശേഷം ലക്ഷ്മിപ്രിയയും പുരുഷസുഹൃത്തും സഞ്ചരിച്ച കാര്‍ ഒരു അപകടത്തില്‍പ്പെട്ടതായി പോലീസിനു വിവരം ലഭിച്ചിരുന്നു.
എറണാകുളം തമ്മനത്തുവച്ച് കാര്‍ റോഡരികിലുള്ള വൈദ്യുതത്തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല.
അപകടശേഷം ഇവര്‍ കാര്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. പാലാരിവട്ടം പോലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിനുശേഷം കഴക്കൂട്ടം കുളത്തൂര്‍ നിന്നാണ് ലക്ഷ്മിപ്രിയ പിടിയിലായത്.