വന്യമൃഗ ശല്യം: ആറളം കാർഷിക ഫാം തകർച്ചഭീഷണിയിൽ

കേളകം: ആറളം കാർഷിക ഫാം വന്യമൃഗങ്ങളുടെ ആക്രമണ പരമ്പരയിൽ തകർന്നടിയുന്നു. വന്യമൃഗങ്ങളിൽനിന്ന് ഫാമിനെ കരകയറ്റാൻ നൂതന ആശയങ്ങളുമായി ഫാം അധികൃതർ പരിശ്രമിക്കുമ്പോഴും കാട്ടാനക്കൂട്ടം ഓരോ പ്രദേശങ്ങളും തരിശാക്കുകയാണ്.
കാർഷിക വിളകൾ വന്യമൃഗങ്ങൾ വിളവെടുക്കുന്ന കാഴ്ചയാണ് ആറളത്ത്. പൂർണ വളർച്ചയെത്തിയ തെങ്ങും കവുങ്ങും വ്യാപകമായി നശിപ്പിക്കുകയാണ്.
കാട്ടാനയെ ഫാമിൽനിന്ന് ഓടിക്കുന്ന പ്രവൃത്തി തുടർച്ചയായി നടക്കുന്നുണ്ടെങ്കിലും ഇവ ദിവസങ്ങൾക്കുള്ളിൽ തന്നെ തിരികെയെത്തും.
സൗരോർജ തൂക്കുവേലി ഫാം അതിർത്തിയിലും സ്ഥാപിച്ചാൽ വന്യജീവി ശല്യത്തിന് താൽക്കാലിക ശമനമാകുമെന്നാണ് പ്രതീക്ഷ. കാട്ടാനകളിൽനിന്ന് ആറളം ഫാമിനെ മോചിപ്പിക്കാൻ ഇനിയും വൈകിയാൽ ആറളം ഫാം വൈകാതെ വിസ്മൃതിയിലാവും.
അഞ്ച് വർഷത്തിനിടെ പതിനായിരത്തോളം കായ്ഫലമുള്ള തെങ്ങുകൾ നശിപ്പിച്ച് ആറളം ഫാമിന്റെ കേര സമൃദ്ധി ഇല്ലാതാക്കിയ കാട്ടാനക്കൂട്ടം ഇപ്പോൾ കായ്ഫലമുള്ള കശുമാവുകൾ കുത്തിമറിക്കുന്നതും തുടരുകയാണ്.
തേങ്ങയുടെ വരുമാനം നിലച്ചപ്പോൾ ഫാമിന്റെ സാമ്പത്തിക ഭദ്രതക്ക് മുതൽകൂട്ടായ കശുമാവ് തോട്ടങ്ങളും ഇല്ലാതായാൽ ആറളം ഫാം തന്നെ നശിക്കും. സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായപ്പോൾ നഷ്ടമാകുന്നത് നാടിന്റെ യശസ്സുയർത്തിയ കാർഷിക ഫാമാണ്.