താപനില കുറഞ്ഞിട്ടും ചുട്ടുപൊള്ളുന്നു

കണ്ണൂർ : ഫെബ്രുവരി പകുതിയോടെ തന്നെ ജില്ലയിലെ മലയോര മേഖലകളിൽ പോലും 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോഴതിൽ 1–2 ഡിഗ്രി സെൽഷ്യസിന്റെ കുറവു വന്നിട്ടുണ്ട്. എന്നാൽ ഈ കുറവ് അറിയുന്നില്ലെന്നു മാത്രമല്ല, അന്നത്തേക്കാൾ ചുട്ടുപൊള്ളുന്ന സ്ഥിതിയാണ്.
ഞായറാഴ്ചയിലേതിനേക്കാൾ ചൂട് കൂടുതലായിരുന്നു ഇന്നലെ. അന്തരീക്ഷത്തിലെ ആർദ്രത(ഹ്യുമിഡിറ്റി) വർധിച്ചതാണ് യഥാർഥ ചൂടിനേക്കാൾ ഉഷ്ണം അനുഭവപ്പെടാൻ കാരണം. മാത്രമല്ല, ഉച്ച സമയത്തു മാത്രമായിരുന്നു നേരത്തേ ചൂട് ഏറ്റവും ഉയർന്നു നിന്നിരുന്നതെങ്കിൽ ഇപ്പോൾ രാവിലെ 9 മണി മുതലേ 30 ഡിഗ്രിക്കു മുകളിലേക്ക് ചൂട് എത്തുകയാണ്.
തുടർച്ചയായി ഇങ്ങനെ ചൂട് നിലനിൽക്കുന്നതിനാൽ ബാഷ്പീകരണം വളരെ വേഗത്തിലാണു നടക്കുന്നത്. പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നു കഴിഞ്ഞു. കടലോര പ്രദേശങ്ങളിൽ കടൽവെള്ളം ബാഷ്പീകരിക്കുന്നതും അന്തരീക്ഷത്തിൽ ഈർപ്പം കൂടാൻ വഴിയൊരുക്കും.
ഇതാണു പകൽ സമയത്ത് 30നും 39 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ചൂട് രേഖപ്പെടുത്തുമ്പോഴും 40–44 ഡിഗ്രി സെൽഷ്യസ് ചൂടുള്ളതുപോലെ അനുഭവപ്പെടാൻ കാരണം. കടുത്ത ക്ഷീണവും നിർജലീകരണവുമെല്ലാം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ വേണമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
കേന്ദ്ര കാലാവസ്ഥാ വിഭാഗം സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില ഇങ്ങനെ
(ഞായറാഴ്ചയിലെ താപനില ബ്രാക്കറ്റിൽ):
കണ്ണൂർ – 36 (33.5) ചെമ്പേരി – 39.3 (38.5) ഇരിക്കൂർ – 38.2 (37.3) അയ്യൻകുന്ന് – 38.2 (38) ആറളം – 37.3 (37.2)
മട്ടന്നൂർ – 36.5 (36.3)പിണറായി – 36.3 (35.5) വിമാനത്താവളം – 37.8 (37.7).