പോക്സോ: യുവാവിന് തടവും പിഴയും വിധിച്ചു

തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദേഹോപദ്രവമേൽപ്പിച്ചുവെന്ന കേസിൽ യുവാവിന് 3 വർഷം കഠിന തടവും 50000 രൂപ പിഴ ശിക്ഷയും വിധിച്ചു. കാസർകോട് കോടോംബേളൂർ അമ്പലത്തറ പാറപ്പള്ളി മലയാക്കോൾ കെ.ശരത്ത് കുമാറിനാ(32)ണു ശിക്ഷ വിധിച്ച് കൊണ്ട് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ഉത്തരവിട്ടത്.
2017 മാർച്ച് 27ന് 13 വയസ്സുള്ള പെൺകുട്ടിയെ ശരത്ത് കുമാറിന്റെ പിലാത്തറയിലുള്ള ക്വാർട്ടേഴ്സിൽ എത്തിച്ചു ദേഹോപ്രദവമേൽപ്പിച്ച് പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്നാണ് കേസ്.
തളിപ്പറമ്പ് സിഐയായിരുന്ന കെ.ഇ.പ്രേമചന്ദ്രനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാദി ഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.