ആരെന്ത് ചെയ്താലും മോദിയും ബി.ജെ.പിയും ആയി ചാപ്പകുത്തുന്നതിനോട് യോജിപ്പില്ല-ഓര്‍ത്തഡോക്സ് മെത്രപ്പൊലീത്ത

കോട്ടയം: ബി.ജെ.പി. അനുകൂല പ്രസ്താവനയുമായി ഓർത്തഡോക്‌സ് മെത്രപ്പൊലീത്ത. മലങ്കര ഓർത്തഡോക്‌സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് ആണ് ബി.ജെ.പി. അനുകൂലപ്രസ്താവന നടത്തിയത്.
ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാമെന്ന് അഭിപ്രായപ്പെട്ട മെത്രാപ്പൊലീത്ത ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയോ ബിജെപിയോ ആണ് ചെയ്യുന്നതെന്ന് ചാപ്പകുത്തുന്നതിനോട് യോജിപ്പില്ലെന്നും പറഞ്ഞു. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് ശരിയല്ലെന്നും മെത്രപ്പൊലീത്ത കൂട്ടിച്ചേർത്തു.
കൊൽക്കത്തയിൽ കന്യാസ്ത്രീ ആശ്രമത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ താനടക്കമുള്ളവർ പ്രതിഷേധം സംഘടിപ്പിച്ചു, എന്നാൽ അക്രമികൾ ബംഗ്ലാദേശിൽ നിന്നും വന്ന ചിലർ ആരാണെന്ന് പിന്നീട് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ആളുകളുടെ വ്യക്തിത്വ വികസനമാണ് ആർ.എസ്.എസ് ലക്ഷ്യമെന്നാണ് താൻ മനസിലാക്കുന്നതെന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് ആർ.എസ്. എസ് പഠിപ്പിക്കുന്നതെന്നും യൂലിയോസ് മെത്രോപ്പൊലീത്ത വ്യക്തമാക്കി.
ബിജെപി നേതാവ് എൻ. ഹരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഓർത്തഡോക്സ് മെത്രാപ്പൊലീത്ത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.