പശുക്കളുടെ സംരക്ഷണത്തിനായി നാലരക്കോടി;പാട്ട് പാടി നോട്ടുമഴ പെയ്യിച്ച് ഗുജറാത്തി ഗായിക

Share our post

പാട്ടില്‍ മതിമറന്ന് ആസ്വാദകര്‍ പണം വാരിയെറിഞ്ഞതോടെ ഗുജറാത്തി ഗായിക ഗീത ബെന്‍ റബാരി വാരിക്കൂട്ടിയത് നാലരക്കോടി രൂപ. ഗുജറാത്തിലെ കച്ചിലാണ് രാത്രി മുഴുവന്‍ നീണ്ടുനിന്ന സംഗീത പരിപാടിയിലാണ് നോട്ടുമഴ പെയ്തത്. ഒടുവില്‍ കുമിഞ്ഞുകൂടിയ നോട്ടുകള്‍ക്ക് നടുവില്‍ ഇരുന്നാണ് ഗീത സംഗീത പരിപാടി പൂര്‍ത്തിയാക്കിയത്.

ഇതിന്റെ വീഡിയോ ഗീത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ജനക്കൂട്ടം വേദിയിലേക്ക് കടന്നുവന്ന് നോട്ടുകള്‍ വാരിയെറിയുന്നത് വീഡിയോയില്‍ കാണാം. പശുക്കളുടെ സംരക്ഷണത്തിനായ് ഇത്രയും പണം സംഭാവന ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും വീഡിയോക്കൊപ്പം ഗീത കുറിച്ചു.
നേരത്തെ അമേരിക്കയിലെ വേദിയില്‍ പാട്ട് പാടി ‘ഡോളര്‍ മഴ’ പെയ്യിച്ചിരുന്നു ഗീത. യുക്രൈയ്ന്‍ ജനതയ്ക്കു വേണ്ടിയുള്ള ധനസമാഹരണത്തിനായി അമേരിക്കയിലെ ഗുജറാത്തി സമൂഹം ജോര്‍ജിയയിലെ അന്റ്ലാന്റയില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയിലാണ് ശ്രോതാക്കള്‍ അകമഴിഞ്ഞ് പണം നല്‍കിയത്. മൂന്ന് ലക്ഷം ഡോളറാണ് (2.25 കോടി രൂപ) ആ പരിപാടിയില്‍ സമാഹരിക്കാന്‍ സാധിച്ചത്.
ശാസ്ത്രീയമായി സംഗീതമഭ്യസിക്കാതെ തന്നെ മികച്ച ഗായികയെന്ന അംഗീകാരം നേടിയ ഗീത ഗുജറാത്തിലെ കച്ചിലാണ് ജനിച്ചത്. അഞ്ചാം ക്ലാസ് മുതലാണ് ഗീത പാട്ടുപാടാന്‍ ആരംഭിച്ചത്. മനോഹരമായ ശബ്ദത്തിനുടമയായ അവരെ ഗ്രാമീണര്‍ പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും പാടാന്‍ ക്ഷണിക്കുമായിരുന്നു.
പിന്നീട് ഭജനുകള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് പങ്കെടുക്കുന്നതിലൂടെ ഗീതയ്ക്ക് ചെറിയ വരുമാനം ലഭിച്ചു തുടങ്ങി. ഇരുപത് വയസ്സായപ്പോഴേക്കും അറിയപ്പെടുന്ന ഗായികയായി മാറി. ആദ്യ മ്യൂസിക് വീഡിയോ റോണ ശേര്‍ മാരേ…വന്‍ഹിറ്റായിരുന്നു. ‘കച്ചി കോയല്‍'(കച്ചിലെ കുയില്‍) എന്നാണ് അവര്‍ അറിയപ്പെടുന്നത്.

2019-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കും ഗീതയ്ക്ക് അവസരം ലഭിച്ചിരുന്നു. പ്രധാനമന്ത്രിയെ കുറിച്ച് താന്‍ തയ്യാറാക്കിയ ഗാനവും ഗീത അന്ന് കൈമാറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!