ഒരു ജോഡി ഷൂവിന് 18 കോടി; റെക്കോഡുകൾ പഴങ്കഥയാക്കി ‘ലാസ്റ്റ് ഡാൻസ്’- അപൂർവ ലേലത്തിൽ ഞെട്ടി ലോകം

Share our post

ഒരു ജോഡി ഷൂവിന് എത്ര വിലയാകാം? പരമാവധി പറഞ്ഞാലും അത് കോടിയിലെത്താൻ സാധ്യത കുറവ്. എന്നാൽ, അമേരിക്കയിൽ ചൊവ്വാഴ്ച പൂർത്തിയായ ലേലത്തിൽ ഒരു ജോഡി ഷൂ കൈമാറിയത് 22 ലക്ഷം ഡോളറി(ഏകദേശം 18 കോടി രൂപ)നാണ്.

അമേരിക്കൻ ബാസ്ക്കറ്റ് ബാൾ ഇതിഹാസം മൈക്കൽ ജോർഡൻ ഉപയോഗിച്ച സ്നീക്കറുകളാണ് ഷൂലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലക്ക് വിറ്റുപോയത്. 1998ലെ എൻ.ബി.എ ഫൈനൽസിൽ ഉപയോഗിച്ച ‘ലാസ്റ്റ് ഡാൻസ്’ എന്നു പേരിൽ പ്രശസ്തമായ സ്നീക്കറുകളാണിവ.

40 ലക്ഷം ഡോളർ വരെ നേടുമെന്ന പ്രതീക്ഷിച്ച സ്നീക്കറുകൾ അത്ര ഉയർന്ന വിലയിലെത്തിയില്ലെന്ന സംഘാടകരുടെ പരിഭവം ഇതോടു ചേർത്തുവായിക്കണം. എൻ.ബി.എ ഫൈനൽസിൽ ഷിക്കാഗോ ബുൾസ് യൂട്ട ജാസിനെതിരെ മുഖാമുഖം നിന്ന മത്സരത്തിലായിരുന്നു ജോർഡാൻ ഇത് അണിഞ്ഞിരുന്നത്.

ഈ കളിയിൽ ജോർഡാൻ 37 പോയിന്റുകളാണ് എടുത്തത്. കളിയിൽ 93-88ന് സ്വന്തം ടീം ജയിക്കുകയും ചെയ്തു.

മത്സര ശേഷം ഈ സ്​നീക്കറുകൾ എതിർടീമിന്റെ ഒരു ​ബാൾബോയിക്ക് ജോർഡാൻ സമ്മാനിച്ചിരുന്നു. ആ വർഷവും ഷിക്കാഗോ ബുൾസ് തന്നെയായിരുന്നു ജേതാക്കൾ- ഒരു പതിറ്റാണ്ടിനിടെ ടീം സ്വന്തമാക്കിയ ആറാം കിരീടം.

ബാസ്കറ്റ് ബോളിലെ എക്കാലത്തെയും ഏറ്റവും മികച്ച താരങ്ങളിൽ മുന്നിലുള്ള ജോർഡാൻ ഉപയോഗിച്ച വസ്തുക്കൾ ഇപ്പോഴും ലേലപ്പട്ടികയിൽ റെക്കോഡ് തുക നേടുന്നവയാണ്.

സൂപർ താരം ആദ്യമായി പ്രഫഷനൽ ബാസ്കറ്റ് ബോളിൽ ധരിച്ച ഷൂകൾ അടുത്തിടെ 10 കോടിയിലേറെ രൂപക്ക് ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷം താരത്തിന്റെ ഒരു ജേഴ്സി വിൽപന നടത്തിയത് അനേക ഇരട്ടി തുകക്കാണ്- ഒരു കോടിയിലേറെ ഡോളറിന് (ഏകദേശം 83 കോടി രൂപ).

കളി നിർത്തി വ്യവസായത്തിലേക്കു തിരിഞ്ഞ താരം നിലവിൽ അമേരിക്കയിലെ അതിസമ്പന്നരിലൊരാളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!