ആദ്യം ഡ്രൈവര്‍ വിട്ടു, പിന്നാലെ യാത്രക്കാരും; കൊട്ടിഘോഷിച്ചെത്തിയ കേരളസവാരി പെരുവഴിയില്‍

കൂടുതല്‍ യാത്രാക്കൂലി ഈടാക്കി ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന കമ്മിഷന്‍ നല്‍കുന്ന സ്വകാര്യ കമ്പനികള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സിസംവിധാനമായ കേരളസവാരിക്ക് കാലിടറി.
യാത്രയും കമ്മിഷനും കുറവായതിന്റെ പേരില്‍ ആദ്യം ഡ്രൈവര്‍മാരും വാഹനം കിട്ടാതായതോടെ യാത്രക്കാരും കൈയൊഴിഞ്ഞു. 2022 ഓഗസ്റ്റ് 17-ന് ഓണസമ്മാനമായാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡ് കേരളസവാരി എന്നപേരില്‍ ഓണ്‍ലൈന്‍ ടാക്‌സി ഏര്‍പ്പെടുത്തിയത്.
പോലീസ് സുരക്ഷാപരിശോധനയ്ക്കുശേഷം തിരഞ്ഞെടുത്ത ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി. സര്‍വീസ് ചാര്‍ജ് എട്ടുശതമാനമായി നിശ്ചയിച്ചു.
ഉദ്ഘാടനദിവസംതന്നെ മൊബൈല്‍ആപ് പ്ലേസ്റ്റോറില്‍ എത്തിക്കാന്‍ കഴിയാതിരുന്നത് തുടക്കത്തിലേ കല്ലുകടിയായി. ദിവസങ്ങള്‍ക്കുശേഷമാണ് ആപ് ലഭിച്ച് തുടങ്ങിയത്.
പരീക്ഷണാര്‍ഥം തിരുവനന്തപുരത്ത് ആരംഭിച്ച പദ്ധതിയില്‍, മാര്‍ച്ചില്‍ സര്‍ക്കാര്‍ ലഭ്യമാക്കിയ കണക്കുകള്‍പ്രകാരം 1552 ഓട്ടോറിക്ഷകളും 340 ടാക്‌സികളുമാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 1023 പേരില്‍നിന്നായി 2234 യാത്രകളാണ് ലഭിച്ചത്.
രജിസ്റ്റര്‍ചെയ്തതില്‍ ഭൂരിഭാഗം വാഹനങ്ങളും ഓണ്‍ലൈനില്‍വരുന്നില്ല. അമ്പതില്‍താഴെ ഡ്രൈവര്‍മാര്‍ മാത്രമാണ് മിക്കപ്പോഴും ആപ് ഉപയോഗിക്കുന്നത്. കൂടുതല്‍ വാഹനങ്ങള്‍ ഓണ്‍ലൈനില്‍ ഉണ്ടായാലേ യാത്രക്കാരെ ലഭിക്കുകയുള്ളൂ.
കൂടുതല്‍ വാഹനങ്ങള്‍ ആപ്പില്‍ എത്തിക്കുക, പദ്ധതിയെക്കുറിച്ച് പ്രചാരം നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുക, തുടക്കത്തിലെ നഷ്ടം ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ഇന്‍സെന്റീവ് നല്‍കുക തുടങ്ങിവ ഒരേസമയം ചെയ്താലേ വിജയിക്കുകയുള്ളൂ.
നഗരത്തില്‍ തിരക്കുള്ള സമയങ്ങളില്‍ 1500 വാഹനങ്ങളെങ്കിലും ഒരേ സമയം ഓണ്‍ലൈനില്‍ എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടിയിരുന്നു. എന്നാല്‍ ഇതെല്ലാം പാളി. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് പ്രതിഫലം കുറവാണെന്നാണ് ഡ്രൈവര്‍മാരുടെ പരാതി. ഒരു പരിധിവരെ സര്‍ക്കാരിന്റെ ഉദാസീനതയും കാരണമാണ്.
ഓണ്‍ലൈന്‍ ടാക്‌സികളെ നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മാതൃകയില്‍ സംസ്ഥാനവും നയം കൊണ്ടുവരേണ്ടതുണ്ട്.
എന്നാല്‍ നയരൂപവത്കരണചര്‍ച്ചകള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. അമിതനിരക്ക് വാങ്ങുന്ന സ്വകാര്യക്കമ്പനികളെ തടയാന്‍ കഴിയുന്നില്ല.
ഓട്ടോ, ടാക്‌സി നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതേ തുകതന്നെ ഓണ്‍ലൈനില്‍ വാങ്ങുന്നുവെന്ന് ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. ഇതു മുതലെടുത്താണ് സ്വകാര്യ കമ്പനികള്‍ കേരളസവാരിക്ക് തടയിടുന്നത്.