മകളുടെ ചികിത്സക്ക് ഉള്ളതെല്ലാം ചെലവാക്കി; പിന്നാലെ അമ്മയ്ക്ക് 20 ലക്ഷം ഡോളര്‍ ലോട്ടറിയടിച്ചു

Share our post

‘അതൊരു വിജയകഥയുടെ തുടക്കം മാത്രമായിരുന്നു’ എന്ന അടിക്കുറിപ്പിൽ ഫ്ലോറിഡ ലോട്ടറി പങ്കുവെച്ച ട്വീറ്റിന് താഴെ അഭിനന്ദനങ്ങള്‍ നിറയുകയാണ്. ജെറാൾഡിൻ ഗിംബ്ലറ്റ് എന്ന സ്ത്രീയ്ക്ക് 20 ലക്ഷം ഡോളര്‍ സമ്മാനമായി ലോട്ടറിയടിച്ചതിന്റെ ചിത്രമായിരുന്നു ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ലോട്ടറി അടിച്ചതിലായിരുന്നില്ല അഭിനന്ദനങ്ങൾ, അതിലുപരി ഗിംബ്ലറ്റിന്റെ ജീവിത കഥയ്ക്കായിരുന്നു അഭിനന്ദനം.

യു.എസിലെ ഫ്ലോറിഡയിലാണ് സംഭവം. അർബുദബാധിതയായ മകളെ, ജീവിത കാലം മുഴുവൻ സമ്പാദിച്ചതെല്ലാം ചെലവിട്ട്‌ ചികിത്സിച്ച ഒരമ്മ, ലോട്ടറി കടയിൽ ചെന്ന് ലോട്ടറിയെടുക്കാൻ തീരുമാനിക്കുന്നു. എന്നാൽ, എല്ലാ ടിക്കറ്റുകളും വിറ്റുപോയെന്നു ജോലിക്കാരൻ പറഞ്ഞെങ്കിലും വീണ്ടും ഒന്നുകൂടി പരിശോധിക്കാൻ ആവശ്യപ്പെടുന്നു.

തുടർന്ന്, പരിശോധിച്ചപ്പോൾ ഒരു ടിക്കറ്റ് ബാക്കിയായി കിടക്കുന്നത് കണ്ട്, അതു വാങ്ങുന്നു. അപ്പോഴേക്കും തന്റെ മകൾ അർബുദത്തോട് പൊരുതി ആസ്പത്രിയിൽനിന്ന് അവസാന ഘട്ട ചികിത്സയും പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നുവെന്ന് സ്ത്രീയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഫ്ലോറിഡ ലോട്ടറി പുറത്തുവിട്ട കുറിപ്പ് പ്രകാരം, ലേക് ലാൻഡിലെ ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് യുവതി ലോട്ടറി ടിക്കറ്റ് എടുത്തത്‌.

‘കടയിൽ ഇനി ടിക്കറ്റുകളൊന്നും ബാക്കിയില്ലെന്നായിരുന്നു ജീവനക്കാരൻ ആദ്യം കരുതിയത്. എന്നാൽ, വീണ്ടും ആവശ്യപ്പെട്ടത് പ്രകാരം ഒന്നു കൂടി പരിശോധിക്കാൻ പറഞ്ഞു. ഒരെണ്ണം ബാക്കിയായിക്കിടക്കുന്നത് കണ്ടു.’ ഭാഗ്യം കടാക്ഷിച്ച യുവതി പറയുന്നു.

മറ്റു തുകകൾ ഒക്കെ കഴിച്ച് 1,645,000 ഡോളർ (ഏകദേശം 13.5 കോടിയോളം ഇന്ത്യൻ രൂപ) ഇവർക്ക് ലഭിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. തുക കൈമാറുന്നതിന്റെ ചിത്രം ഫ്ലോറിഡ ലോട്ടറി ട്വിറ്ററിൽ പങ്കുവെച്ചു. ഭാഗ്യവതിയായ ഗിംബ്ലറ്റ് അർബുദ രോഗബാധിതയായ മകൾ, കൊച്ചുമകൾ എന്നിവരാണ് ചിത്രത്തിലുള്ളത്‌.

“അമ്മ ലോട്ടറി ടിക്കറ്റെടുക്കുന്നതിന് ഒരു ദിവസം മുമ്പ്, സ്തനാർബുദ ചികിത്സയുടെ അവസാനഘട്ടവും കഴിഞ്ഞ് ആശുപത്രിയിൽനിന്ന് അമ്മയ്ക്ക് ഫോൺ ചെയ്തു കൊണ്ടായിരുന്നു ഞാൻ ഇറങ്ങിയത്.

അമ്മ അവരുടെ ജീവിതകാലത്ത് സമ്പാദിച്ച് വെച്ചതൊക്കെ എനിക്ക് വേണ്ടി ചെലവഴിച്ചു. ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്.” ഗിംബ്ലറ്റിന്റെ മകൾ പറഞ്ഞു.

ട്വീറ്റിൽ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ‘യഥാർഥ കൈകളിൽ തന്നെയാണ് തുക എത്തിയിരിക്കുന്നത്’, ‘ലോകത്ത് പല നന്മകളും നടക്കുന്നുണ്ട്’, ‘സ്വാർഥതയില്ലാത്ത നിങ്ങളുടെ ഈ പ്രവൃത്തി അതിലേറെ തിരിച്ചു തന്നു’ തുടങ്ങി അഭിനന്ദനപ്രവാഹങ്ങളിൽ നീണ്ടു പോകുന്നു കമന്റുകൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!