പി .വി ദാസൻ; നാടറിയുന്നു ഈ നന്മമരത്തെ

കണ്ണൂർ: 14 ലക്ഷം ഔഷധസസ്യങ്ങൾ സൗജന്യമായി നാടിന് നൽകിയ നന്മയുടെ പേരാണ് പി വി ദാസൻ. ആയിരക്കണക്കിനാളുകൾക്ക് രോഗശമനം പകരുന്നതാണ് പ്രതിഫലം പറ്റാത്ത ഈ ജീവകാരുണ്യ പ്രവർത്തനം. ഔഷധസസ്യ വിൽപ്പനയിലൂടെ നഴ്‌സറികൾ വൻലാഭം കൊയ്യുന്ന കാലത്താണ് ഒറ്റക്കാശും കൈപ്പറ്റാത്ത സേവനത്തിന്റെ വില നാടറിയുന്നത്.
ഔഷധസസ്യങ്ങൾ സംബന്ധിച്ച് കോളേജുകളിലും സ്‌കൂളുകളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമടക്കം നാലായിരത്തിലേറെ ക്ലാസെടുത്തിട്ടുണ്ട്.പെരളശേരി ചെറുമാവിലായി സുധീഷ് റോഡിലെ ‘അക്ഷര’യിൽ പി .വി ദാസന്റെ വീട്ടുമുറ്റത്തും പറമ്പിലും പരിപാലിക്കുന്ന ഔഷധസസ്യങ്ങളും ഫലവൃക്ഷത്തൈകളും അലങ്കാരച്ചെടികളും പൂർണമായും ജനങ്ങൾക്കുള്ളതാണ്.
ഔഷധച്ചെടികളുള്ള വാഹനവുമായാണ് ദാസൻ മിക്കയിടത്തും ക്ലാസെടുക്കാൻ എത്തുക. ഇതിൽ വാഹനത്തിന്റെ വാടകക്കാശ് മാത്രമാണ് സംഘാടകർക്കുള്ള ചെലവ്. ക്ലാസിനെത്തുന്നവർക്കെല്ലാം തൈ നൽകും. ഔഷധസസ്യങ്ങൾ സംബന്ധിച്ച് 1600 ഫോട്ടോ പ്രദർശനവും നടത്തി.
കൂർക്കില, അയ്യമ്പന, വിഷമൂലി, മുറികൂടി, മാങ്ങ ഇഞ്ചി, രംഭ, ചിത്തരത്ത, നിലവേപ്പ്, സർപ്പപോള, രാമ നാമപച്ച, ആടലോടകം, വിവിധയിനം തുളസികൾ, പൊന്നാങ്കണ്ണി ചീര, ആരോഗ്യ ചീര, വശള ചീര, കറിവേപ്പില, വെത്തില, മംഗള കവുങ്ങ്, സിലോൺ കവുങ്ങ്, പാഷൻ ഫ്രൂട്സ് എന്നിവയുടെ വേര് പിടിപ്പിച്ച തൈകളാണ് വിതരണം ചെയ്യുന്നത്. പ്ലാവ്, മാവ്, ബദാം, ഞാവൽ, തുടങ്ങിയ ഫലവൃക്ഷത്തൈകളും നൽകുന്നു.
ഔഷധസസ്യങ്ങളും നാട്ടറിവുകളും ഒന്നും രണ്ടും ഭാഗങ്ങൾ, മലബാറിലെ തെയ്യ കാഴ്ചകൾ, ഇലയറിവുകൾ, മാവിലാക്കാവും ഐതിഹ്യങ്ങളും എന്നീ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്. പുതിയ പുസ്‌തകം ഉടൻ ഇറങ്ങും.
വിവിധ കോളേജുകളിലെ ബോട്ടണി അധ്യാപകരും പി ജി വിദ്യാർഥികളും ദാസന്റെ വീട്ടിൽ ഗവേഷണത്തിന് എത്താറുണ്ട്.
2021 ലെ സരോജിനി – ദാമോദരൻ പരിസ്ഥിതി അവാർഡ് ലഭിച്ചു.ചെറുമാവിലായി എ കെ ജി വായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറിയാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം പ്രവർത്തകനാണ്. പിണറായി സർവീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറിയായിരുന്നു. ദേശാഭിമാനി എടക്കാട് ഏരിയാ ലേഖകനായും പ്രവർത്തിച്ചു. ഭാര്യ റിട്ട. അധ്യാപിക കെ വി ലീനാകുമാരിയും മക്കളായ ദിൽനാ ദാസും സിംനാ ദാസും സഹായികളായി ഒപ്പമുണ്ട്. ഫോൺ: 9744675704.