ബാലസാഹിത്യകാരൻ കെ.വി. രാമനാഥൻ അന്തരിച്ചു

Share our post

തൃശ്ശൂർ: പ്രമുഖ ബാലസാഹിത്യകാരൻ കെ.വി. രാമനാഥൻ (91) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അന്തരിച്ചത്.

അദ്ഭുതവാനരന്മാർ, അദ്ഭുതനീരാളി, ആമയും മുയലും ഒരിക്കൽക്കൂടി, കമാൻഡർ ഗോപി, മാന്ത്രികപ്പൂച്ച തുടങ്ങി ഒരു തലമുറ ഹൃദയത്തിലേറ്റിയ ഇരുപതോളം ബാലസാഹിത്യകൃതികളുടെ രചയിതാവാണ്.

ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനുസമീപം പാലസ് റോഡ് പൗർണമിയിൽ പരേതരായ മണക്കൽ ശങ്കരമേനോന്റെയും കിഴക്കേവളപ്പിൽ കൊച്ചുകുട്ടിയമ്മയുടെയും മകനായി 1932 ഓഗസ്റ്റ് 29-നാണ് കെ.വി. രാമനാഥൻ ജനിച്ചത്.

ഇരിങ്ങാലക്കുട സംഗമേശ്വരവിലാസം എൽ.പി. സ്‌കൂൾ, ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, തൃശ്ശൂർ ഗവ. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം നേടി. 36 വർഷം ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. പ്രധാനാധ്യാപകനായാണ് വിരമിച്ചത്.

1949-ൽ ദീനബന്ധു പത്രത്തിന്റെ വാരാന്തത്തിൽ കഥയെഴുതിയാണ് അദ്ദേഹം എഴുത്തിന്റെ ലോകത്തേക്കെത്തുന്നത്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം, കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ ഓണററി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഡൽഹിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ശങ്കറിന്റെ ‘ചിൽഡ്രൻസ് വേൾഡ്’, ഹിന്ദുവിന്റെ ‘യങ് വേൾഡ്’, യങ് എക്‌സ്‌പ്രഷൻ, യങ് കമ്യൂണിക്കേറ്റർ, ചിൽഡ്രൻസ് ഡൈജസ്റ്റ് തുടങ്ങിയ ആനുകാലികങ്ങളിൽ ഇംഗ്ലീഷിൽ കഥകളെഴുതി. 1988 മുതൽ അഞ്ചുവർഷം കേരള ബാലസാഹിത്യ അക്കാദമി എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നു.

1961-ൽ അപ്പുക്കുട്ടനും ഗോപിയും, 1968-ൽ ആമയും മുയലും ഒരിക്കൽക്കൂടി എന്നീ കൃതികൾക്ക് എസ്.പി.സി.എസ്. പുരസ്‌കാരം ലഭിച്ചു. 1987-ൽ അദ്ഭുതവാനരന്മാർക്ക് കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് പുരസ്‌കാരവും 1992-ൽ ‘അദ്ഭുതനീരാളി’ക്ക് ഭീമ പുരസ്‌കാരവും 1994-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

2012-ൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനാ പുരസ്‌കാരം നേടി. കർമകാണ്ഡം ചെറുകഥ 1992-ലെ ഏറ്റവും നല്ല കഥകളിലൊന്നായി തിരഞ്ഞെടുത്തു.

ഭാര്യ: കെ.കെ. രാധ (റിട്ട. പ്രിൻസിപ്പൽ, ഇരിങ്ങാലക്കുട ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: സാമൂഹികപ്രവർത്തകയും പത്രപ്രവർത്തകയുമായ രേണു രാമനാഥ്, ഇന്ദുകല (അധ്യാപിക). മരുമക്കൾ: പരേതനായ ചിത്രകാരൻ രാജൻ കൃഷ്ണൻ, അഡ്വ. കെ.ജി. അജയകുമാർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!