പോലീസ് കസ്റ്റഡിയിലിരിക്കെ ഓടി ട്രാൻസ്‌ഫോമറിൽ കയറി, ഷോക്കേറ്റ് റോഡിൽ വീണു

തൃശൂർ: ചാലക്കുടി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ഇറങ്ങിയോടിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷാജി എന്ന യുവാവാണ് ഓടി ട്രാൻസ്‌ഫോമറിന്റെ മുകളിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
മദ്യലഹരിയിൽ ചാലക്കുടി ബസ് സ്റ്റാൻഡിലെ യാത്രക്കാരെ ഷാജി ശല്യം ചെയ്യുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.
എന്നാൽ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി, അടുത്തുള്ള ട്രാൻസ്‌ഫോമറിയിൽ കയറുകയായിരുന്നു. പൊലീസുകാർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ട്രാൻസ്‌ഫോമറിൽ നിന്ന് വൈദ്യുത ലൈനിൽ തൊടാനുള്ള ശ്രമം നടത്തിയതോടെ വൈദ്യുതാഘാതമേറ്റ യുവാവ് റോഡിൽ വീഴുകയായിരുന്നു. ഇയാൾക്ക് പതിനഞ്ച് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
റോഡിൽ വീണപ്പോൾ തലയ്ക്കും പരിക്കേറ്റു. ഷാജി മദ്യലഹരിയിലായിരുന്നെന്നും തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.