സഹപ്രവർത്തകന്റെ വിവാഹത്തിന് ജവാന്മാരുടെ ചെണ്ടമേളം; ഇലത്താളവുമായി വധുവും ഒപ്പംചേർന്നു…

പയ്യന്നൂർ : ജവാന്റെ വിവാഹ ചടങ്ങിൽ സഹപ്രവർത്തകരായ ജവാന്മാരുടെ ചെണ്ടമേളം. മേളക്കാർക്കൊപ്പം വരൻ ചെണ്ടയുമായി ചേർന്നപ്പോൾ വധു ഇലത്താളവുമായി ഒപ്പംകൂടി.
ഓണക്കുന്നിലെ മേജർ അരുണും മഹാദേവ ഗ്രാമത്തിലെ നവ്യ ശിവകുമാറും തമ്മിലുള്ള വിവാഹ ചടങ്ങിലായിരുന്നു പട്ടാളക്കാരുടെ ചെണ്ടമേളം. വെള്ളൂർ കൊടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രം ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.
കോഴിക്കോട് വെസ്റ്റ് ഹില്ലിലെ മദ്രാസ് 122 ഇൻഫാൻട്രി ബറ്റാലിയനിലെ 16 അംഗങ്ങളാണു ചെണ്ടമേളം സംഘടിപ്പിച്ചത്.
കല്യാണം കൂടാനെത്തിയവർക്ക് മുന്നിൽ സംഘം അരമണിക്കൂറോളം മേളവിസ്മയം തീർത്തു. മഹാദേവ ഗ്രാമം കലിയന്തിൽ ഹൗസിൽ കെ.ശിവകുമാർ, പി.വി.വിജയശ്രീ ദമ്പതികളുടെ മകളാണ് നവ്യ. ഓണക്കുന്നിലെ സുരേന്ദ്രൻ തൈപ്പള്ളിയുടെയും രാധാ ഇടവലത്തിന്റെയും മകനാണ് അരുൺ.