നാടകപ്രവർത്തക ജലബാല വൈദ്യ വിടവാങ്ങി

Share our post

ന്യൂഡൽഹി: പ്രമുഖ നാടകപ്രവർത്തകയും നർത്തകിയുമായ ജലബാല വൈദ്യ (86) ഡൽഹിയിൽ അന്തരിച്ചു. ശ്വാസകോശ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നെന്ന് മകളും നാടകസംവിധായകയുമായ അനസൂയ വൈദ്യ ഷെട്ടി പറഞ്ഞു. ഡൽഹിയിലെ പ്രസിദ്ധമായ അക്ഷര തിയേറ്ററിന്റെ സഹസ്ഥാപകയാണ് ജലബാല വൈദ്യ.

ഇന്ത്യൻ എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ സുരേഷ് വൈദ്യയുടെയും ഇംഗ്ലീഷ് ക്ലാസിക്കൽ ഗായിക മാഡ്‌ജ് ഫ്രാങ്കീസിന്റെയും മകളായി ലണ്ടനിലാണ് ജലബാല ജനിച്ചത്. ലണ്ടനിലും മുംബൈയിലുമായി പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഡൽഹി സർവകലാശാലയിലെ മിരാന്റ കോളേജിൽനിന്ന് ഇംഗ്ലീഷ് ഓണേഴ്‌സിൽ ബിരുദം നേടി.

പത്രപ്രവർത്തകയായാണ് കരിയർ ആരംഭിച്ചത്. രാജ്യതലസ്ഥാനത്തെ പത്രങ്ങളിലും മാസികകളിലും ജോലിചെയ്തു. ഇതിനിടെ പ്രശസ്ത കോളമിസ്റ്റും പത്രപ്രവർത്തകനും മലയാളിയുമായ സി.പി. രാമചന്ദ്രനെ വിവാഹംചെയ്തെങ്കിലും ആ ബന്ധം ഏറെനാൾ നീണ്ടുനിന്നില്ല.

നാടകകൃത്തും കവിയുമായ ഗോപാൽ ശർമനെ വിവാഹംകഴിച്ചശേഷമാണ് ജലബാല ജീവിതം കലാപ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുന്നത്. 1968-ലെ ‘ഫുൾ സർക്കിളി’ലൂടെയാണ് അരങ്ങിലെത്തുന്നത്. ഇതിനിടെ അക്ഷര തിയേറ്ററും പിറന്നു.

ദി ഭഗവദ്ഗീത, ദി രാമായണ, ദി കാബൂളിവാല, ഗീതാഞ്ജലി, ബില്ലി ബിശ്വാസിന്റെ വിചിത്രമായ കേസ് എന്നീ നാടകങ്ങളുടെ ഭാഗമായി. ബി, ദിസ് ഈസ് ഫുൾ, ലൈഫ് ഈസ് ബട്ട് എ ഡ്രീം, ദി അക്ഷര ആക്‌റ്റിങ് മെത്തേഡ് എന്നീ പുസ്തകങ്ങൾ രചിച്ചു.

സംഗീത നാടക അക്കാദമിയുടെ ടാഗോർ അവാർഡ്, ഡൽഹി നാട്യസംഘ അവാർഡ്, ആന്ധ്രാപ്രദേശ് നാട്യ അക്കാദമി ബഹുമതി, ബാൾട്ടിമോർ, യു.എസ്.എ. എന്നിവിടങ്ങളിലെ ഓണററി പൗരത്വം, ഡൽഹി സർക്കാരിൽനിന്ന് വാരിഷ് സമ്മാൻ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾക്കും അർഹയായി. ഗായികയും അഭിനേത്രിയുമായ നിസ ഷെട്ടി, നടൻ ധ്രുവ് ഷെട്ടി, എഴുത്തുകാരി യഷ്ന ഷെട്ടി എന്നിവർ ചെറുമക്കളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!