ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രങ്ങളും ഗുരുദ്വാരകളും സന്ദർശിക്കാറുള്ള പ്രധാനമന്ത്രി ഇന്ത്യയിൽ ക്രിസ്‌ത്യൻ ദേവാലയത്തിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്.
തന്റെ ദേവാലയ സന്ദർശനം സമൂഹത്തിൽ സന്തോഷവും സൗഹാർദ്ദവും പരത്താൻ ഇടയാക്കട്ടെയെന്ന് സന്ദർശനത്തിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് മോദി ട്വീറ്റു ചെയ്‌തു.
കേരളത്തിൽ അടക്കം ക്രൈസ‌്‌തവ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ബി.ജെ.പിയുടെ നിർണായക നീക്കങ്ങൾക്കിടെയാണ് മോദിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.കനത്ത സുരക്ഷയിൽ ഡൽഹി സീറോമലബാർ സഭയുടെ ഗോൾടാക്ഘാന സേക്രഡ് ഹാർട്ട് കത്തീഡ്രൽ മോദി എത്തിയത് വൈകിട്ട് 5.30ന് ഫരീദാബാദ് രൂപതാ ബിഷപ്പ് ഡോ. കുര്യോക്കോസ് ഭരണികുളങ്ങര, ഡൽഹി അതിരൂപത ആർച്ച് ബിഷപ്പ് അനിൽ ക്യൂട്ടോ, ഗുരുഗ്രാം മലങ്കര ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, കത്തീഡ്രൽ വികാരി ഫ്രാൻസിസ് സ്വാമിനാഥൻ തുടങ്ങിയവർ സ്വീകരിച്ചു.കത്തീഡ്രലിനുള്ളിൽ പ്രവേശിച്ച പ്രധാനമന്ത്രി അൾത്താരയ്‌ക്കു മുന്നിൽ പ്രതിഷ്ഠിച്ച തിരുരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ചു.
ബിഷപ്പുമാർക്കൊപ്പമിരുന്ന് കൊയർ സംഘത്തിന്റെ ഗാനങ്ങൾ കൈകൂപ്പി ആസ്വദിച്ചു. അൽത്താരയ്ക്ക് മുന്നിൽ അൽപനേരം കണ്ണടച്ച് പ്രാർത്ഥിച്ചു. വിശ്വാസികളെ അഭിവാദ്യം ചെയ്തശേഷം പള്ളി അങ്കണത്തിൽ ചെടി നടുകയും ചെയ്തു. ബിഷപ്പുമാർക്കൊപ്പം ഫോട്ടോയെടുത്ത അദ്ദേഹം നൂറിലധികം വരുന്ന വിശ്വാസികളെയും ഫോട്ടോയ്‌ക്ക് ക്ഷണിച്ചു.
എടുത്ത ഫോട്ടോ എവിടെ നിന്ന് കിട്ടുമെന്ന് അറിയാമോ എന്ന് വിശ്വാസികളോട് ചോദിച്ച ശേഷം നമോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ എടുക്കുന്ന വിധം വിവരിച്ചു. ബിഷപ്പുമാർ പ്രധാനമന്ത്രിക്ക് യേശുദേവന്റെ ചെറു ശില്പം ഉപഹാരമായി നൽകി. പള്ളിയിൽ ചെലവഴിച്ചത് 20മിനിട്ട്.ഒരുക്കങ്ങൾ:മുമ്പ് ബിഷപ്പുമാർ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കിടെ ദേവാലയം സന്ദർശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.
ഡൽഹിയിലെ പ്രധാന ദേവാലയങ്ങളിലൊന്നായ ഗോൾടാക്ഘാന സേക്രഡ് ഹാർട്ട് കത്തീഡ്രൽ തിരഞ്ഞെടുത്തത് സുരക്ഷ ഒരുക്കാനുള്ള സൗകര്യം പരിഗണിച്ച്.ബി.ജെ.പി ന്യൂനപക്ഷ മോർച്ച എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ജോജോ ജോസിനായിരുന്നു ചുമതല.1986ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇന്ത്യയിലെത്തിയ ജോൺ പോൾ മാർപ്പാപ്പയ്‌ക്കൊപ്പം ഇവിടെ സന്ദർശിച്ചു.
ഫരീദാബാദ് രൂപതാ ബിഷപ്പ് ഡോ. കുര്യോക്കോസ് ഭരണികുളങ്ങരഈസ്റ്റർ ദിനത്തിലുള്ള പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം ക്രിസ്‌ത്യൻ സമുദായത്തിന് നൽകുന്ന ആത്മവിശ്വാസം വലുതാണ്. സന്ദർശനത്തിൽ രാഷ്ട്രീയം കാണുന്നില്ല.ആദ്യ പള്ളി സന്ദർശനം ശ്രീലങ്കയിൽ2019ലെ ഈസ്റ്റർ ദിനത്തിൽ ബോംബ് സ്ഫോടനത്തിൽ 250പേർ കൊല്ലപ്പെട്ട ശ്രീലങ്കയിലെ കൊച്ചിക്കാഡെ പള്ളി മോദി സന്ദർശിച്ചു.
രാഷ്‌ട്രീയം:ക്രിസ്‌ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗലാൻഡിലും മേഘാലയിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ കുതിപ്പ് നടത്തി.
കേരളത്തിൽ ക്രിസ്‌ത്യൻ വിഭാഗത്തെ വിശ്വാസത്തിലെടുക്കാൻ കാര്യമായ നീക്കം. ആദ്യ മോദി മന്ത്രിസഭയിൽ അൽഫോൺസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം നൽകി. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പാർട്ടി അംഗത്വം. ക്രിസ്‌തീയ പുരോഹിതൻമാരുമായി ചർച്ചകൾ.