ഊരത്തൂരിലെ സമൂഹ ആലകൾ കയ്യേറി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു

ഇരിക്കൂർ : പടിയൂർ ഊരത്തൂരിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള സമൂഹ ആലകൾ ഒരു സംഘം കയ്യേറി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. സമീപത്തെ കൃഷികൾ വെട്ടി നശിപ്പിച്ച് തീയിട്ട് സ്ഥലം നിരത്തി.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പടിയൂർ പഞ്ചായത്തിന്റെ സ്ഥലമാണെന്നും സ്റ്റേഡിയം നിർമിക്കാനാണെന്നും പറഞ്ഞ് 15 പേരടങ്ങുന്ന സംഘമെത്തി സ്ഥലം കയ്യേറുകയായിരുന്നുവെന്നു പറയുന്നു.
ഇവർ സിപിഎം പ്രവർത്തകർ ആണത്രെ. കുറ്റ്യാടൻ സരോജിനി, കുഞ്ഞിമ്പിടുക്ക ഭാസ്കരൻ നമ്പ്യാർ എന്നിവരുടെ ആലകൾ തകർത്ത് കുലച്ച 15 ലേറെ വാഴകൾ, മറ്റു പച്ചക്കറികൾ ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിച്ചു.
ഓടുമേഞ്ഞ് നിലം കോൺക്രീറ്റ് ചെയ്ത ആലകളാണു തകർത്തത്. കോയാടൻ പ്രഭാകരൻ ഉൾപ്പെടെ ആറോളം പേരുടെ കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തു.
നേരത്തെ ഇവർക്ക് ഇവിടെ ആലകൾ ഉണ്ടായിരുന്നെങ്കിലും ഇവിടെ ഇപ്പോൾ പച്ചക്കറി കൃഷി നടത്തുകയായിരുന്നു. കുഞ്ഞിമ്പിടുക്ക ഭാസ്കരൻ നമ്പ്യാർ, കോയാടൻ പ്രഭാകരൻ എന്നിവരുടെ പരാതിയിൽ ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ കെ.ദിനേശൻ, എസ്ഐ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.