കൊലക്കേസ് പ്രതി ടിപ്പറിടിച്ചു മരിച്ചു; മനഃപൂര്‍വം ഇടിപ്പിച്ചതെന്ന് ആരോപണം, ഓടിച്ചിരുന്നയാള്‍ ഒളിവിൽ

Share our post

നെയ്യാറ്റിന്‍കര: വടകര ജോസ് കൊലക്കേസിലെ പ്രതി ടിപ്പറിടിച്ചു മരിച്ചു. മാരായമുട്ടത്തുവെച്ച് വടകര ജോസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പെരുങ്കടവിള, തോട്ടവാരം, കുഴിവിള മേലെപുത്തന്‍വീട്ടില്‍ ധര്‍മരാജിന്റെയും രമണിയുടെയും മകന്‍ രഞ്ജിത് ആര്‍.രാജ്(30)ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 10.45-ന് പുനയല്‍ക്കോണത്തുവെച്ചായിരുന്നു അപകടം. രഞ്ജിത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സഹോദരി രമണിയുടെ പേരൈക്കോണത്തെ വീട്ടില്‍ പോയ ശേഷം ബൈക്കില്‍ തിരികെ വീട്ടിലേക്കു വന്ന രഞ്ജിത്തിനെ എതിരേ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു.

അപകടം നടന്നയുടനെ ടിപ്പര്‍ ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. രഞ്ജിത്തിനെ ടിപ്പറിലുണ്ടായിരുന്ന രണ്ടുപേര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച ശേഷം അവരും ഒളിവില്‍പ്പോയതായി മാരായമുട്ടം പോലീസ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വടകര ജോസിനെ 2015-ല്‍ മാരായമുട്ടം ബിവറേജസ് മദ്യവില്പനശാലയ്ക്കു മുന്നില്‍വെച്ച് ആറു പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

ഈ കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്. വടകര ജോസ് കൊലക്കേസിലെ ഒന്നാം പ്രതിയുള്‍പ്പെടെയുള്ള രണ്ടു പ്രതികള്‍ നേരത്തേ കൊല്ലപ്പെട്ടു.

ഈ കേസിലെ മൂന്നാമത്തെ മരണമാണ് രഞ്ജിത്തിന്റേത്. വടകര ജോസ് കൊലക്കേസിലെ വിചാരണ നെയ്യാറ്റിന്‍കര കോടതിയില്‍ നടക്കുകയാണ്.

ഈ കേസില്‍ വിധി വരുന്നതിനു മുന്‍പായി പ്രതിചേര്‍ക്കപ്പെട്ട ആറുപേരില്‍ മൂന്നാമത്തെയാളാണ് മരിക്കുന്നത്.

അവിവാഹിതനായ രഞ്ജിത് കോണ്‍ക്രീറ്റ് പണിക്കാണ് പോകുന്നത്. അപകടസ്ഥലത്തുവെച്ചുതന്നെ രഞ്ജിത് മരിച്ചിരുന്നു. രഞ്ജിത്തിനെ ഇടിച്ച ടിപ്പര്‍ നിയന്ത്രണംവിട്ട് സമീപത്തു നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളിലും ഇടിച്ചു.

ടിപ്പറിന്റെ ഉടമയായ കീഴാറൂര്‍ സ്വദേശി ശ്യാംലാലിനെ മാരായമുട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തിന്റെ അനുജന്‍ ശരത്താണ് ടിപ്പര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ടിപ്പറോടിച്ച ശരത്തും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ഒളിവിലാണ്.

ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതായി മാരായമുട്ടം സി.ഐ. പ്രസാദ് പറഞ്ഞു. രഞ്ജിത്തിനെ മനഃപൂര്‍വം ടിപ്പറിടിച്ചു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ബന്ധുക്കള്‍ ഇതുസംബന്ധിച്ച് മാരായമുട്ടം പോലീസില്‍ പരാതി നല്‍കി. രഞ്ജിത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്.

തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. മാരായമുട്ടം പോലീസ് െേകസടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!