അഭിരുചിയറിഞ്ഞ് ലക്ഷ്യത്തിലെത്താം

കണ്ണൂർ: സംസ്ഥാന സർക്കാർ വാർഷികാഘോഷത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ 11 മുതൽ 17 വരെ പൊലീസ് മൈതാനിയിൽ നടക്കും.‘യുവതയുടെ കേരളം’ എന്ന ആശയത്തിലൂന്നി വിദ്യാഭ്യാസം, തൊഴിൽ, സാങ്കേതികവിദ്യ, നൈപുണി വികസനം, സേവനം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചുള്ള സ്റ്റാളുകൾ മേളയുടെ ആകർഷണമാകും.
അസാപ്, തൊഴിൽ, എംപ്ലോയ്‌മെന്റ് വകുപ്പുകൾ, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കെ ഡിസ്‌ക് തുടങ്ങിയവയുടെ വിവിധ സ്റ്റാളുകൾ ഈ വിഭാഗത്തിലുണ്ടാകും.അസാപിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് അഭിരുചി തിരിച്ചറിയാനുള്ള തത്സമയ അഭിരുചി പരീക്ഷ നടത്തും.
വിവിധ തൊഴിൽ മേഖലയ്ക്ക് അനുസരിച്ച കോഴ്‌സുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അസാപ് കോഴ്‌സുകളെ പരിചയപ്പെടുത്തുകയും ചെയ്യും. 61 നൈപുണി വികസന കോഴ്‌സുകൾക്കുള്ള പ്രവേശന സൗകര്യവുമുണ്ട്. എസ് .എസ്. എൽ .സി, പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി 13ന് കരിയർ ഗൈഡൻസ് ക്ലാസുമുണ്ടാകും.
നൈപുണ്യ വികസനമിഷൻ സ്റ്റാളുകളിൽ സ്റ്റേറ്റ് ജോബ് പോർട്ടൽ, സ്‌കിൽ രജിസ്ട്രി ആപ്പ്, സങ്കൽപ്പ് പദ്ധതി എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന സെഷൻ ഉണ്ടാകും.വിദ്യാഭ്യാസ രംഗത്തുണ്ടായ വികസനപ്രവർത്തനങ്ങളുടെ പ്രദർശനമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുക.