Kerala
സ്നേഹവും പ്രാർഥനയുമായി ഉയരെ ഈ ഏകാന്ത ജീവിതം
കോട്ടയം: ദുഃഖവെള്ളി ദിനത്തിലും ഇടുക്കി കുട്ടിക്കാനത്തിനടുത്ത് നല്ലതണ്ണിയിലെ ഏകാംഗ ആശ്രമത്തിൽ പാലാ രൂപതാ മുൻ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനെ കണ്ട് അശ്വാസം തേടിയെത്തുന്നവരുണ്ട്. സാധാരണ വീട്ടമ്മമാർ മുതൽ പുരോഹിതരും കന്യാസ്ത്രീകളും വരെ.
‘‘വളരെ ദൂരെനിന്ന് പോലും വരുന്നവരുണ്ട്. മനുഷ്യർ എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നത്തിലാണ്. കഴിഞ്ഞയാഴ്ച കുട്ടനാട്ടിൽനിന്ന് കുറച്ചുപേർ വന്നു. അവിടെ കൊച്ചുകുട്ടികളിൽപോലും രോഗങ്ങൾ. ഏയ്ഞ്ചൽവാലിയിൽനിന്ന് വന്നവർക്ക് ബഫർസോണാണ് പ്രശ്നം. ചിലർക്ക് സാന്പത്തികപ്രശ്നവും ആത്മഹത്യാപ്രവണതയും. എല്ലാവരുംവന്ന് അവർക്കുവേണ്ടി പ്രാർഥിക്കാനാണ് പറയുന്നത്.
മനുഷ്യർ അത്രയും പ്രതിസന്ധികളിലാണ്. അവർക്കുവേണ്ടി പരിത്യാഗം ചെയ്യുമ്പോൾ സന്തോഷം തോന്നും. എല്ലാവരിലും ദൈവത്തിന്റെ കാഴ്ചപ്പാടുണ്ട്. ദൈവമില്ലെന്ന് പറയുന്നവരിൽ പോലും. അവർക്ക് വേണ്ടത് പ്രത്യാശയാണ്.
ഞായറാഴ്ച പ്രത്യാശയുടെ പെരുന്നാളായ ഈസ്റ്ററാണ്. എല്ലാ ദിവസവും എന്നെ കാണാൻ വരുന്നവർക്കും ദൈവം സഹായിക്കും എന്ന പ്രത്യാശയാണ് ഞാൻ നൽകുന്നത്’’ ജേക്കബ് മുരിക്കൻ പ്രാർഥനയുടെ ഏകാന്ത വഴികളിലൂടെ സംസാരിക്കുന്നു.
സിറോ മലബാർ സഭയിൽ സ്ഥാനത്യാഗത്തിലൂടെ ആദ്യമായി സന്ന്യാസം സ്വീകരിച്ച അദ്ദേഹം എട്ടുമാസം മുമ്പാണ് പുരുഷൻമാർക്കുവേണ്ടി സ്ഥാപിതമായ നല്ലതണ്ണി ആശ്രമത്തിലെത്തിയത്. ആശ്രമംവക അഞ്ചുസെന്റ് സ്ഥലത്ത് ചെറിയൊരുകൂടാരംപോലുള്ള ഒറ്റമുറി വീടാണ് ഏകാന്തഇടം. വീടിനെ പകുത്ത് ചെറിയൊരു കിടപ്പുമുറിയും അടുക്കളയും പ്രാർഥനാമുറിയും. ആശ്രമത്തിൽ പതിവു വെള്ള ളോഹയ്ക്ക് പകരം കാവി ജുബ്ബയും പൈജാമയുമാണ് വേഷം.
എന്താണ് ഈ കാവിവേഷത്തലൂടെ ദർശിക്കുന്നത്?
ഇന്ത്യൻ തത്വചിന്തയനുസരിച്ച് ത്യജിക്കുന്നതിന്റെ അടയാളമാണ് കാവിനിറം. എന്തെങ്കിലുമൊക്കെ ത്യജിക്കുന്നവർക്കേ ആ നിറം ധരിക്കാനുള്ള അവകാശമുള്ളൂ. വീട്ടിൽ ഈ വേഷമാണെങ്കിലും സഭാധികാരികൾ പറഞ്ഞിരിക്കും പ്രകാരം പൊതുവായ ശുശ്രൂഷകൾക്കും കുർബാന അർപ്പിക്കുമ്പോഴും വെള്ള കുപ്പായമണിയാറുണ്ട്.
കൂടുതൽ ആകർഷണം തോന്നിയ വ്യക്തിത്വം?
റോമിൽ നേരിൽ സന്ദർശിച്ചിട്ടുള്ള ഫ്രാൻസിസ് പോപ്പ്. പരിസ്ഥിതിക്കും മനുഷ്യനന്മയ്ക്കുമായി നിലകൊള്ളുന്ന അദ്ദേഹം പുറത്തിറക്കിയിട്ടുള്ള‘ചാക്രികലേഖന’(മാർപ്പാപ്പ ഇറക്കുന്ന പ്രബോധനക്കുറിപ്പ്)ത്തിലെ ‘മനുഷ്യന്റെപൊതുഭവനമാണ് ഭൂമി’എന്നത് ഏറെ ഇഷ്ടപ്പെട്ട വാക്കുകൾ. അഭയാർഥികളായവർക്ക് തന്റെ വാസസ്ഥലത്ത് അഭയം നൽകിയതും അദ്ദേഹത്തിന്റെ നല്ല മനസ്സാണ്. അർജന്റീനയിൽ നിന്നുള്ള അദ്ദേഹം ദാരിദ്ര്യവും കഷ്ടപ്പാടും അടുത്തറിഞ്ഞിട്ടുണ്ട്.
ഹാപ്പിനെസ് ഇൻഡെക്സ് ഉയർന്ന് നിൽക്കുന്ന രാജ്യങ്ങളുണ്ട് ?
സ്കാൻഡിനേവിയൻ രാജ്യങ്ങളൊക്കെ അങ്ങനെയാണെന്ന് ചിലർ വന്ന് പറയാറുണ്ട്. അവിടെ മതങ്ങളില്ലാത്തതാണ് സന്തോഷത്തിന് കാരണമായി അവർ പറയുന്നു. പക്ഷേ എന്താണ് സന്തോഷത്തിന്റെ മാനദണണ്ഡം.
ആവശ്യമുള്ള ചികിത്സ, ഭക്ഷണം , സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം എന്നിവയിൽ ഭരണകർത്താക്കൾ നൽകുന്ന സഹായങ്ങളാകും അവിടുത്തെ സന്തോഷത്തിന് കാരണം. അത്തരം ഉറപ്പ് നമ്മുടെ ഭരണകർത്താക്കൾക്കു നൽകാൻ കഴിഞ്ഞാൽ സന്തോഷം ഉണ്ടാകുമായിരിക്കും.
പക്ഷേ അതിനപ്പുറം മാനസികസന്തോഷമല്ലേ പ്രധാനം. അത് ഉറപ്പാക്കാൻ ഭരണകർത്താക്കൾക്കു കഴിയുമോ. ശ്രമിച്ചാൽ കഴിഞ്ഞേക്കും.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടേണ്ടതായിരുന്നു ഒരു കാലത്ത് ജനങ്ങൾക്ക് ആവശ്യം. അതിനായി ഗാന്ധിജി മുന്നിട്ടറങ്ങി. ലക്ഷ്യത്തിലൂന്നി പ്രവർത്തിച്ചതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി. അത്തരം പ്രവർത്തനങ്ങൾ ഇന്ന് നടക്കുന്നുേണ്ടായെന്ന് ചിന്തിക്കണം.
സമൂഹത്തിന് സന്തോഷം നൽകാൻ കഴിയുന്നത് വലിയ കാര്യമാണ്. ഒരു കാലത്ത് രാഷ്ട്രീയപ്രസ്ഥാനങ്ങളും നേതാക്കളും അതിനായി ശ്രമിച്ചിട്ടുണ്ട്. കാറൽമാർക്സ് തൊഴിലാളി വർഗത്തിന് വേണ്ടി നിലകൊണ്ടു. അത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നു. നമ്മുടെ നാട്ടിൽ എ.കെ.ജിയെ പോലുള്ള നേതാക്കളും അത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
ഇന്നും രാഷ്ട്രീയത്തിൽ നല്ല നേതാക്കന്മാർ ഉണ്ടായേക്കാം.എന്നാൽ ഹൃദയത്തിൽ തട്ടും വിധമൊരു നേതാവിന്റെ പേര് പറയുക ബുദ്ധിമുട്ടാണ്. ജനങ്ങളുടെക്ഷേമത്തിലൂന്നി ഭരിച്ചാൽ രാജ്യം ഉയർച്ചയിലെത്തും. അതിനുള്ള ശ്രമം കാണുന്നില്ല.
സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമെടുത്ത അദ്ദേഹത്തിന് ശാസ്ത്രം അടിസ്ഥാനപ്പെടുത്തിയുള്ള പരിഹാരമാണ് ലോകത്തിന് ആവശ്യമെന്ന് പറയുന്നതിൽ കൃത്യതയുണ്ട്. വന്യജീവി ആക്രമണങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കുമൊക്കെ സാമ്പത്തികശാസ്ത്രത്തിലൂന്നി പരിഹാരം കാണാൻ ഭരണാധികാരികൾ ശ്രമിക്കണം.
ഏത് ആശങ്കയ്ക്കും ഭരണ, പ്രതിപക്ഷമെന്ന വ്യത്യാസമില്ലാതെ കൂട്ടായ ചർച്ച നടത്തിയാൽ പരിഹാരമുണ്ടാകും. വിദ്യാഭ്യാസപരമായി ഉയർന്നെങ്കിലും കാർഷിക-വ്യവസായമേഖലയിൽ കേരളം തമിഴ്നാട്ടിൽ നിന്ന് പോലും കുറെയേറെ പഠിക്കാനുണ്ട്. ഇവിടെ ദിനം പ്രതി സ്റ്റാർട്ടപ്പ് പദ്ധതികൾ തുടങ്ങുന്നു. പക്ഷേ എത്രയെണ്ണം വിജയിക്കുന്നുണ്ടെന്ന് കണ്ടെത്താൻ വ്യവസ്ഥയില്ല.
മതവും വില്ലനാകുന്ന കാഴ്ചയുണ്ട്?
സന്തോഷമായി ജീവിക്കുന്നതിനാണ് പ്രധാന്യം. മതങ്ങൾ തമ്മിൽ പോലും എന്തിനാണ് മത്സരം എന്ന് മനസിലാകുന്നില്ല.
ഞാനാണ് കൂടുതൽ കേമൻ എന്ന വിചാരിച്ചിട്ട് കാര്യമില്ല. ദൈവത്തിന്റെ ഹിതം നടപ്പലാക്കുന്നിടത്താണ് മതത്തിന്റെ പ്രാധാന്യം.എല്ലാവർക്കും സംതൃപ്തി,സ്നേഹം,സന്തോഷം എന്നിവ നൽകാൻ കഴിയണം. ഇത് പരിപാലിക്കുന്നത് മാത്രമാകണം ലക്ഷ്യം.
ഹിന്ദു സമുദായത്തിലുള്ളയാൾക്ക് സ്വന്തം കിഡ്നി ദാനം ചെയ്തയാളാണ്. അതാകട്ടെ വിമർശനത്തിനും ഇടയാക്കി?
വൃക്കദാനത്തിന് പ്രാധാന്യം നൽകുന്ന ഫാ.ഡേവിസ് ചിറമ്മേലിനോട് വൃക്ക ആവശ്യമുള്ളവരുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചു.
എത്ര പേർക്ക് വൃക്ക വേണ്ടി വരുമെന്ന് ചോദിച്ചു. ഉത്തരം കേട്ട് ഞെട്ടിപ്പോയി. 2000 പേർക്ക്. അവരിൽ ഏറ്റവും അർഹനായ ഒരാൾക്ക് കിഡ്നി കൊടുക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. ആൾ ഏത് മതസ്ഥനെന്ന് ചോദിച്ചില്ല. മനുഷ്യനാണല്ലോയെന്നേ ഞാൻ നോക്കിയുള്ളൂ.
അതൊക്കെ ദൈവത്തിന്റെ പ്രവൃത്തിയാണ്. അതിന് ഞാൻ കാരണമായെന്ന് മാത്രം. പാലായിൽ നിന്ന് നല്ല തണ്ണിയിലേക്ക് പോകും മുമ്പ് അദ്ദേഹം വന്ന് കണ്ടു. എന്നിലൂടെ മറ്റൊരാൾക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. വിമർശനമുണ്ടായി. ഞാൻ ശ്രദ്ധിച്ചില്ല.
മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളിൽ പോയിട്ടുണ്ടോ ?
പഠിക്കുന്ന കാലത്ത് മധുരമീനാക്ഷി ക്ഷേത്രത്തിൽ പോയിട്ടുണ്ട്. കുത്തബ് മിനാർ, താജ് മഹൽ ഒക്കെ സന്ദർശിച്ചിട്ടുണ്ട്.
എന്താണ് ആത്മീക ?
എനിക്ക് സ്വന്തമായ വസതിയില്ല എന്നതിൽ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആ വിശ്വാസത്തിൽ ഒരു ആന്തരിക ആത്മീകതയുണ്ട്. ഹിമാലയത്തിൽ ജീവിക്കുന്ന മുനിമാരിലൊക്കെ ആ ആത്മീകതയാണുള്ളത്. മനുഷ്യന്റെ സൃഷ്ടിയായ ദൈവവുമായുള്ള അടുപ്പം അവരുണ്ടാക്കുന്നു. അത് ആത്മീകതയാണ്.
അതിന് ഏകാന്തത, നിശബ്ദത ആവശ്യമാേണാ?
ദൈവം നമ്മോട് സംസാരിക്കുന്ന ഭാഷയാണ് നിശബ്ദത. നമ്മുടെ ശരീരത്തിൽ രക്തം പമ്പ് ചെയ്യുന്നു. നമ്മൾ ശ്വസിക്കുന്നു. ഇതൊക്കെ നിശബ്ദമായി നടക്കുന്ന കാര്യങ്ങളാണ്. ചെടികൾ വളരുന്നു. ഇലകൾ ഉണ്ടാകുന്നു. ഒന്നിലും ബഹളമില്ല. അത് പ്രപഞ്ചത്തിന്റെ ശക്തിയാണ്. ആ ശക്തിയെ മനസിലാക്കിയാൽ ദൈവത്തിലേക്ക് ബന്ധപ്പെടാൻ കഴിയും. അത് നിശബ്ദതയിലാണ് സംഭവിക്കുന്നത്.
വിശ്വാസികൾ പോലും ഒരു വേള ചിന്തിച്ചേക്കാം.‘‘ദൈവമുണ്ടോ?’’
ഉണ്ടെന്ന് വിശ്വസിക്കാൻ ഈ പ്രകൃതി തന്നെ സാക്ഷ്യം. ഒരു കാരണവുമില്ലാതെ ലോകത്ത് ഒന്നുമുണ്ടാകുന്നില്ല. പ്രപഞ്ചത്തിന്റെ മുഴുവൻ സൃഷ്ടാവായ ദൈവം വലിയൊരു ക്രമീകരണമാണ് നടത്തിയിരിക്കുന്നത്. ആധുനിക കംപ്യൂട്ടറിനെ വെല്ലുന്ന വിധമുള്ള ക്രമീരണമാണ് അത്. മനുഷ്യൻ ഓക്സിജൻ സ്വീകരിക്കുന്നു.മരങ്ങൾ കാർബൺ ഡയോക്സൈഡ് സ്വീകരിക്കുന്നു.അതൊരു തരം വലിയ ടെക്നോളജിയല്ലേ.
ദൈവവും മാന്ത്രികനാകുന്നുവോ?
കഴിഞ്ഞ ദിവസം മൂന്ന് വയസുള്ള കുഞ്ഞിനേയും കൊണ്ട് മാതാപിതാക്കൾ വന്നു. ഇത് വരെ കുഞ്ഞ് സംസാരിച്ചിട്ടില്ല. അതാണ് സങ്കടം. കുഞ്ഞിനോട് ‘ഈശോ ..ഈശോ..’’എന്ന് പലവട്ടം പറഞ്ഞപ്പോൾ അവനും ഏറ്റുപറഞ്ഞു.‘‘ഈശോ’യെന്ന്. ആദ്യമാണ് അവൻ ഒരു വാക്ക് പറയുന്നത്. അതൊക്കെ ദൈവമല്ലേ. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്.
ദിവസവും പുലർച്ചെ മൂന്നിന് എഴുന്നേൽക്കുന്ന അദ്ദേഹം 16 മണിക്കൂറും പ്രാർഥനയിലാണ്. തേടിയെത്തുന്നവർക്ക് സ്വയം പാകപ്പെടുത്തിയ കഞ്ഞിയും പയറും വിളമ്പും .ദു:ഖവെളളി ദിനത്തിലും ആ ചര്യ തെറ്റുന്നില്ല.
ലോകത്തിന് ഈ താപസൻ നൽകുന്ന സന്ദേശം എന്താണ്?
പ്രതിസന്ധികളിൽ ഓർക്കൂ.‘‘ശാന്തമാകൂ…ശാന്തമാകൂ…ഭയപ്പെടേണ്ട. ദൈവം കൂടെയുണ്ട്. ഇനിയും മുൻപിൽ പാതകളുണ്ട്. പരസ്പരം സ്നേഹിക്കുമ്പോഴാണ് നമ്മൾ ദൈവത്തെ കൂടുതൽ അറിയുക. അതുകൊണ്ട് ലോകത്തെ സ്നേഹിക്കൂ.
Kerala
ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു
ചാലക്കുടി: ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി പി പോൾ (83) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ചാലക്കുടിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ മൂന്ന് മണിക്ക് ചാലക്കുടി ഫോറോന പള്ളിയിൽ.കുന്ദംകുളം സ്വദേശിയായിരുന്ന സി പി പോൾ പിന്നീട് ചാലക്കുടിയിൽ സ്ഥിരതാമസമാക്കിയതാണ്. ഹാർഡ് വെയർ വ്യാപാരത്തിലൂടെയായിരുന്നു ബിസിനസ് രംഗത്ത് ചുവടുവച്ചത്. പിന്നീട് സ്വർണ്ണ വ്യാപാരരംഗത്തേക്ക് കടന്നു. ഭാര്യ: ലില്ലി. മക്കൾ: രാജി, രാജീവ്, രഞ്ജിത്ത്, രേണു. മരുമക്കൾ: ഡോ.ടോണി തളിയത്ത്, അനി, ഡയാന, അഭി ഡേവിസ്.
Kerala
വീഗനൊപ്പം വളർന്ന് കേരളത്തിലെ ചക്ക വിപണിയും, കിലോയ്ക്ക് 70 രൂപ വരെ
പന്തളം: ‘വീഗൻ’ വിപണി രാജ്യത്ത് കുതിക്കുമ്പോൾ കേരളത്തിലെ ചക്കവിപണിക്കും അത് ഊർജമായി. മൂപ്പെത്തുംമുമ്പുള്ള ചക്ക വൻതോതിൽ ഇപ്പോൾ കയറ്റിപ്പോകുന്നു. ചക്കയുടെ സീസൺ ആരംഭിച്ചപ്പോൾത്തന്നെ ആവശ്യകത ഇരട്ടിയായി. ഇടിച്ചക്ക മുതൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചുതുടങ്ങിയതോടെ ഇരട്ടിയോടടുത്താണ് വില. കേരളത്തിലെ ചക്കയ്ക്കാണ് ഏറെ പ്രിയം.തമിഴ്നാട്ടിലേക്കും വടക്കൻ സംസ്ഥാനങ്ങളിലേക്കുമാണ് ചക്ക കൂടുതലായി കയറ്റിവിടുന്നത്.പ്രധാനമായി വിവിധതരം അച്ചാറുകൾ, ചക്കയുടെ മറ്റ് ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് മൂക്കാത്തചക്ക ഇവിടെനിന്ന് കൊണ്ടുപോകുന്നത്. മസാല ചേർത്ത വെജിറ്റേറിയൻ ഫാസ്റ്റ് ഫുഡ് ഉത്പന്നങ്ങളുടെ പട്ടികയിലും മൂക്കാത്തചക്ക സ്ഥാനം പിടിച്ചിട്ടുണ്ട്.
കിലോയ്ക്ക് 70 വരെ രൂപ
കിലോയ്ക്ക് 30 മുതൽ 50 വരെയാണ് മൊത്തവില. ചില്ലറവിൽപ്പനയിൽ വില 70 രൂപയിൽ എത്തിനിൽക്കുന്നു. അച്ചാറുകൾ പോലെയുള്ള ഉത്പന്നമായി ഇത് തിരികെ കേരളത്തിലേക്കെത്തുന്നുമുണ്ട്.
അച്ചാർ കമ്പനിക്കാർ ആവശ്യപ്പെടുന്നതനുസരിച്ച് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിൽ തൂക്കമുള്ള ചക്കയാണ് കയറ്റി അയയ്ക്കുന്നവയിൽ അധികവും. തമിഴ്നാട്ടിലേക്ക് അധികവും കൊണ്ടുപോകുന്നത് മൂത്തചക്കയാണ്. സീസൺ അല്ലാതെ കായ്ക്കുന്ന പ്ലാവുകൾ കേരളത്തിൽ ധാരാളമായി കൃഷിചെയ്യുന്നതാണ് എക്കാലത്തുമുള്ള ഉത്പാദനത്തിനും വിപണനത്തിനും ആധാരമെന്ന് ചക്കക്കൂട്ടം ഗ്രൂപ്പ് അഡ്മിൻ ആർ.അശോക് പറഞ്ഞു.
അധികം ഉയരം വരാത്തതും ഏതാണ്ട് എല്ലാ കാലത്തും ചക്കയുണ്ടാകുന്നതുമായ പ്ലാവുകളുള്ളതിനാൽ എപ്പോഴും സംസ്കരണവും വിപണനവും സുഗമമായി നടക്കുമെന്നതുതന്നെയാണ് പ്രധാനമെന്ന് ചക്കക്കൂട്ടം കോഡിനേറ്റർ അനിൽ ജോസ് പറയുന്നു.
വീഗൻ എന്നാൽ
മത്സ്യ മാംസാദികളും പാലും പാലുത്പന്നങ്ങളും മുട്ടയും പൂര്ണമായി വര്ജിച്ചുകൊണ്ടുള്ള ആഹാരക്രമമാണിത്. വീഗന് ആഹാരക്രമം എന്നത് വെറുമൊരു ഭക്ഷണക്രമത്തിലെ തിരഞ്ഞെടുപ്പ് മാത്രമല്ല, മറിച്ച് അതൊരു ജീവിതരീതിയാണ്. ഇറച്ചിയും മീനും കൂടാതെ പാല് പോലും കഴിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് കരുതുന്നവരാണ് വീഗനുകള്. കഴിവിന്റെ പരമാവധി മൃഗങ്ങളെ ഉപയോഗിക്കുന്നതോ, ചൂഷണം ചെയ്യുന്നതോ ആയ ഉല്പ്പന്നങ്ങള് അവര് ഒഴിവാക്കുന്നു. പോഷണം, ധാര്മ്മികത, പരിസ്ഥിതിസ്നേഹം, ആരോഗ്യസംരക്ഷണം എന്നിവയെല്ലാം ഒരാളെ വീഗനാക്കുന്നതില് പങ്കുവഹിക്കുന്നു.
Kerala
ജാമ്യത്തുകയില്ലാത്ത തടവുകാർക്ക് പുറത്തിറങ്ങാം, അർഹരായവരെ ലീഗൽ സർവീസ് അതോറിറ്റി സഹായിക്കും
കോടതി ജാമ്യം അനുവദിച്ചിട്ടും പണമടയ്ക്കാൻ നിർവാഹമില്ലാതെ ജയിലിൽത്തുടരേണ്ടിവരുന്ന തടവുകാർക്ക് സാമ്പത്തിക സഹായം നൽകാൻ നിയമസംവിധാനമുണ്ട്. വിചാരണത്തടവുകാർക്ക് 40,000 രൂപവരെയും ശിക്ഷിക്കപ്പെട്ടവർക്ക് 25,000 രൂപ വരെയുമാണ് പാവപ്പെട്ടവരെങ്കിൽ ജാമ്യത്തുകയടയ്ക്കാൻ സാമ്പത്തികസഹായം കിട്ടുക. ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിലുള്ള ജില്ലാതല എംപവേഡ് കമ്മിറ്റിയാണ് സഹായധനം നൽകാൻ നടപടിയെടുക്കുന്നത്.ദ്വയാർഥപരാമർശത്തിന്റെ പേരിൽ ജയിലിൽ പോകേണ്ടിവന്ന വ്യവസായി ബോബി ചെമ്മണൂർ ഇത്തരം തടവുകാർക്ക് പിന്തുണ പ്രഖ്യാപിക്കുന്നെന്ന് പറഞ്ഞത് വിവാദമായിരുന്നു.ജയിലിന്റെ പരിധിയിൽ വരുന്ന പ്രദേശത്തെ ജഡ്ജി, കളക്ടർ, ജില്ലാ പോലീസ് മേധാവി, ജയിൽ സൂപ്രണ്ടുമാർ തുടങ്ങിയവർ ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയാണ് കൺവീനർ. പണമടയ്ക്കാനില്ലാതെ ജയിലിൽനിന്ന് ഇറങ്ങാൻ സാധിക്കാത്ത പ്രതികളുടെ പട്ടിക ജയിലിൽനിന്ന് വാങ്ങി ഈ കമ്മിറ്റിയിൽ വെക്കും. അർഹരായവർക്ക് തുക അനുവദിക്കണമെന്ന് കമ്മിറ്റി ശുപാർശചെയ്യും. ഇതു പ്രകാരമാണ് സർക്കാർ പണമനുവദിക്കുന്നത്.
ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമാണ് അർഹത, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും എൻ.ഡി.പി.എസ്., േപാക്സോ കേസ് പ്രതികൾ എന്നിവർക്കും സഹായം ലഭിക്കില്ല. സ്ഥിരം കുറ്റവാളികൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായവർ, യു.എ.പി.എ. ചുമത്തപ്പെട്ടവർ എന്നിവർക്കും ഈ ആനുകൂല്യമില്ല.
ഒരു പ്രതിക്ക് ഒരു തവണ മാത്രമേ സാമ്പത്തിക സഹായം കിട്ടൂ. പണമില്ലാത്ത പ്രതികൾക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന് നേരിട്ട് കോടതിയിൽ അപേക്ഷ നൽകാനും കഴിയും. കോടതി പരിേശാധിച്ച് നടപടിയെടുക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു