70 ഓട്ടോ കളറാക്കി, ഓടിക്കാനും പഠിച്ചു; ഇനി ഓട്ടം കൊച്ചിയില്‍ നിന്ന് രാജസ്ഥാനിലേക്ക്

നിരത്തിയിട്ട ഓട്ടോറിക്ഷകളില്‍ നിറങ്ങള്‍ വാരിപ്പൂശുകയാണിവര്‍. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ സഞ്ചാരികള്‍ ഓട്ടോറിക്ഷകളെ പെയിന്റടിച്ച് സുന്ദരമാക്കുകയാണ്.
ഫോര്‍ട്ട്കൊച്ചി കടപ്പുറത്തിനടുത്തായി 70 ഓട്ടോകളാണ് കൊണ്ടുവന്നിട്ടുള്ളത്. 170-ഓളം സഞ്ചാരികളും എത്തിയിട്ടുണ്ട്. സ്ത്രീകളും കൂട്ടത്തിലുണ്ട്. ഇവരില്‍ പലരും ഇതിനു മുന്‍പ് ഓട്ടോയില്‍ കയറിയിട്ടില്ല.
എന്നാല്‍ കൊച്ചിയിലെത്തിയ ഇവരെല്ലാംതന്നെ ഇപ്പോള്‍ ഓട്ടോകള്‍ ഓടിക്കുന്നുണ്ട്. പലരും ഇപ്പോഴും പരിശീലനത്തിലാണ്. അഡ്വഞ്ചര്‍ ടൂറിസം എന്ന സംഘടനയാണ് ഈ ഓട്ടോയാത്ര ഒരുക്കുന്നത്.
ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് തുടങ്ങുന്ന ഈ ഓട്ടം രാജസ്ഥാനിലെ ജെയ്സാല്‍മിറില്‍ സമാപിക്കും; കടല്‍ത്തീരത്തുനിന്ന് തുടങ്ങി മലനിരകളില്‍ അവസാനിക്കുന്ന യാത്ര.
3500 കിലോമീറ്റര്‍ സഞ്ചരിച്ച് രണ്ടാഴ്ചയ്ക്കകം ഇവര്‍ രാജസ്ഥാനിലെത്തും. സാഹസികമായ ഈ യാത്രയ്ക്കായുള്ള ഒരുക്കങ്ങള്‍ വളരെ നേരത്തേതന്നെ തുടങ്ങിയിരുന്നു.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇതേ രീതിയില്‍ കൊച്ചിയില്‍ നിന്ന് രാജസ്ഥാനിലേക്ക് ഒരു സംഘം യാത്ര നടത്തിയിരുന്നു. സംഘം ഓരോ കേന്ദ്രത്തിലെത്തുമ്പോഴും അവര്‍ക്കുള്ള താമസ സൗകര്യവും മറ്റും ടൂര്‍ സംഘാടകര്‍ ഒരുക്കും.
സാഹസിക ടൂര്‍ ആയതിനാല്‍ ഓട്ടോ എത്തുന്ന സ്ഥലങ്ങളില്‍ ടെന്റുകള്‍ സ്ഥാപിച്ചാണ് ഇവര്‍ താമസിക്കുന്നതത്രെ. അതിസമ്പന്നരാണ് ഈ യാത്രാ സംഘത്തിലുള്ളത്. യാത്ര അവസാനിച്ചാല്‍ അവിടെ നിന്നുതന്നെ ഇവര്‍ അവരുടെ രാജ്യങ്ങളിലേക്ക് പോകും.
ഞായറാഴ്ച ഓട്ടോകള്‍ ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് പുറപ്പെടും. കൊച്ചി നഗരസഭാംഗം അഡ്വ. ആന്റണി കുരീത്തറ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.