ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയുടെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി യാഥാർഥ്യത്തിലേക്ക്. കീഴ്പ്പള്ളിയിൽ 11നു രാവിലെ 11ന് മന്ത്രി കെ.രാധാകൃഷ്ണൻ ഫ്ലാഗ്ഓഫ് ചെയ്യും.
സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. കെ. എസ്. ആർ. ടി. സിയും ആറളം പഞ്ചായത്തും പട്ടിക വർഗ വികസന വകുപ്പും ചേർന്നാണ് ജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി സർവീസ് ആറളത്ത് ആരംഭിക്കുന്നത്.
3500 ഏക്കറിലധികം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഫാം പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളെ കോർത്തിണക്കിയാണു ഗ്രാമവണ്ടി ഓടുക.
ആറളം ഫാം സ്കൂൾ വിദ്യാർഥികളുടെയും ഫാമിൽ എത്തുന്നവരുടെയും പുനരധിവാസ മേഖലയിലെ കുടുംബങ്ങളുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിനായി ‘കെ. എസ്. ആർ. ടി. സി ഗ്രാമവണ്ടികൾ’ ഓടിക്കാൻ കഴിഞ്ഞ വർഷം നവംബറിൽ ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത്, ഐ.ടി.ഡി.പി – ടി.ആർ.ഡി.എം, കെ. എസ്. ആർ. ടി. സി പ്രതിനിധികൾ ചേർന്ന് എടുത്ത തീരുമാനം ആണ് ഇപ്പോൾ നടപ്പിലാകുന്നത്.
ഫാം സ്കൂളിൽ പഠിക്കുന്ന പുനരധിവാസ മേഖലയിൽ നിന്നുള്ള വിദ്യാർഥികൾക്കു യാത്ര സൗജന്യമാണ്. ഫാമിനു പുറത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കും.
ഗ്രാമവണ്ടി പദ്ധതി യാഥാർഥ്യമാകുന്നതോടെ പട്ടിക വർഗ വികസന വകുപ്പ് ഇപ്പോൾ നടപ്പിലാക്കുന്ന ഗോത്ര സാരഥി (വിദ്യാവാഹിനി) പദ്ധതി സാവകാശം ഇല്ലാതാകും. ഫാമിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുളള കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതു ഗോത്ര സാരഥി പദ്ധതി പ്രകാരം കരാറിൽ ഓടുന്ന സ്വകാര്യ വാഹനങ്ങളാണ്. മിനി ബസുകളും ജീപ്പുകളും ഉൾപ്പെടെ 20ൽ അധികം വാഹനങ്ങൾ പദ്ധതി പ്രകാരം ഇപ്പോൾ ഓടുന്നുണ്ട്.
ഒരു മാസം പട്ടിക വർഗ വികസന വകുപ്പ് 12 ലക്ഷത്തോളം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. കെ. എസ്. ആർ. ടി. സിയുടെ ഗ്രാമവണ്ടി സർവീസ് നടത്തിയാൽ ഇതിന്റെ മൂന്നിലൊന്നു തുകയെ വേണ്ടി വരൂ എന്നുള്ള കണ്ടെത്തലും പദ്ധതി നിർവഹണത്തിനു പിന്നിൽ ഉണ്ട്. 2 കെഎസ്ആർടിസി ബസുകളാണ് ഗ്രാമവണ്ടി സർവീസ് പദ്ധതിയിൽ ഉള്ളത്. ആദ്യഘട്ടത്തിൽ 1 ബസ് ഓടും.
ഫാം ഗവ. സ്കൂളിലേക്ക് പുനരധിവാസ മേഖലയിലെ വിദൂര മേഖലയിൽ നിന്നടക്കം ആണു കുട്ടികൾ എത്തുന്നത്. റോഡുകൾ ഉൾപ്പെടെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വാഹന സൗകര്യം ഇല്ല. 2 ഗ്രാമവണ്ടി സർവീസ് നടത്തുന്നതോടെ പൊതുജനങ്ങളുടെ യാത്ര പ്രശ്നത്തിനും പരിഹാരമാകും.
റൂട്ട് ഇങ്ങനെ
ദിവസവും രാവിലെ ഫാമിൽ നിന്ന് വളയംചാൽ – കീഴ്പ്പള്ളി – ഇരിട്ടി റൂട്ടിലേക്കും തിരിച്ചും 2 സർവീസ് നടത്തും. ഇതിനിടെ ഫാമിനുള്ളിൽ വിദ്യാവാഹിനി പദ്ധതി പ്രകാരം സ്വകാര്യ വാഹനങ്ങൾ എടുക്കുന്ന സ്ഥലങ്ങളിലെ കുട്ടികളെയും ഫാം സ്കൂളിൽ എത്തിക്കും. തുടർന്ന് ഇരിട്ടി – മട്ടന്നൂർ – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തി ഫാമിൽ തിരികെയെത്തും. സ്കൂളിൽ നിന്ന് കുട്ടികളെ തിരികെ വീടുകളിലും എത്തിച്ച ശേഷം ഇരിട്ടി വരെ സർവീസ് നടത്തി മടങ്ങി ഫാമിൽ എത്തി ട്രിപ്പ് അവസാനിപ്പിക്കും.
ഇതോടെ ആറളം പുനരധിവാസ മേഖല, ആറളം കൃഷി ഫാം, ആറളം ഫാം ഗവ. ഹയർസെക്കൻഡറി സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ, എം.ആർ.എസ് ഹോസ്റ്റൽ എന്നിവിടങ്ങളിലെയും പഞ്ചായത്തിന്റെ മറ്റ് മേഖലകളിലെയും യാത്രാ പ്രശ്നത്തിന് പരിഹാരമാകുമെന്നാണു പ്രതീക്ഷ.
ഗ്രാമവണ്ടി വ്യവസ്ഥകൾ:
∙ ആറളത്തും കണ്ണൂരിലേക്കും ആയി 11 ട്രിപ്പുകളിലായി 260 കിലോമീറ്റർ ഒരു ദിവസം സർവീസ് നടത്തും
∙ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കു സൗജന്യ നിരക്കിൽ യാത്ര ഉറപ്പാക്കാനായി പഞ്ചായത്ത് തിരിച്ചറിയൽ കാർഡ് നൽകും
∙ ബസിന്റെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസിയിൽ നിന്നും പഞ്ചായത്തിൽ നിന്നും 2 വീതം അംഗങ്ങൾ ഉൾപ്പെട്ട വിദഗ്ധ സമിതിയെ നിയോഗിക്കും.
∙ വിദ്യാർഥികൾ ഒഴികെയുള്ള മറ്റു യാത്രക്കാർക്കുളള ടിക്കറ്റ് നിരക്ക് സർക്കാർ നിരക്കിന് അനുസരിച്ചായിരിക്കും
∙ ടിക്കറ്റ് നിരക്കിൽ നിന്നുള്ള വരുമാനം കെഎസ്ആർടിസിയുടെ ഡീസൽ ഒഴിച്ചുള്ള മറ്റു ചെലവുകൾക്ക് വേണ്ടി ഉപയോഗിക്കും.
∙ ഡീസൽ ചാർജ് തുടർന്നു വരുന്ന മാസം 20നുള്ളിൽ പഞ്ചായത്ത് ഒടുക്കണം. 20ന് ശേഷം വൈകുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പഞ്ചായത്തിൽ നിന്ന് പിഴ ഈടാക്കും.
∙ 1 ലക്ഷം രൂപ സെക്യൂരിറ്റി തുകയായി പഞ്ചായത്ത് കെഎസ്ആർടിസിക്കു നൽകണം.
∙ ധാരണാപത്രം 3 വർഷത്തിനു ശേഷം പുതുക്കുകയും ഷെഡ്യൂൾ നഷ്ടത്തിലാകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്താൽ വിദഗ്ധ സമിതി കൂടി നിരക്കുകൾ പുതുക്കും.
∙ ബസ് ഷെഡ്യൂൾ മുടങ്ങുന്ന സാഹചര്യം ഉണ്ടായാൽ പഞ്ചായത്ത് ബദൽ സംവിധാനം ഏർപ്പെടുത്തണം.
കെ.പി.രാജേഷ് പ്രസിഡന്റ്, : ആറളം പഞ്ചായത്ത് ആറളം ഫാം പുനരധിവാസ മേഖലയുടെ യാത്രാക്ലേശം പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്. ഗ്രാമവണ്ടി സർവീസിലൂടെ വിദ്യാർഥികൾക്കു കൂടുതൽ സുരക്ഷിത യാത്ര ഉറപ്പാക്കാനാകും. ഫാം സ്കൂൾ കുട്ടികൾക്കു സൗജന്യ യാത്രയ്ക്കു കൂപ്പൺ എടുക്കുന്നതിനുള്ള പണവും പഞ്ചായത്താണ് നൽകുന്നത്. അതിനാൽ അവരുടെ യാത്ര പൂർണമായും സൗജന്യം ആയിരിക്കും.