‘പ്രണയക്കെണികളില്‍ പെണ്‍കുട്ടികളെ കുടുക്കുന്നത് ആശങ്കാജനകം’; ഇടയലേഖനത്തിൽ തലശ്ശേരി ബിഷപ്പ്

Share our post

കണ്ണൂര്‍: പ്രണയക്കെണികള്‍ പെണ്‍കുട്ടികള്‍ക്ക് ചതിക്കുഴികളാകുന്ന സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനം.

ഈസ്റ്റര്‍ ദിനത്തില്‍ ഇടവക പള്ളികളില്‍ വായിക്കുന്നതിനുള്ള ഇടയലേഖനത്തിലാണ് പാംപ്ലാനി ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. പിതൃസ്വത്തില്‍ ആണ്‍-പെണ്‍ മക്കള്‍ക്ക് തുല്യാവകാശം നല്‍കണമെന്നും സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഇടയലേഖനത്തിൽ പറയുന്നു.

‘സ്ത്രീകളെ ആദരിക്കുന്നതില്‍ നമ്മുടെ രാജ്യവും സംസ്‌കാരവും നിലവില്‍ ഏറെ പിന്നിലാണ്. സഭയിലും സമുദായത്തിലും സ്ത്രീകള്‍ അവഗണന നേരിടുന്നു എന്നത് വിസ്മരിക്കാനാവില്ല. കാലാന്തരത്തില്‍ കായിക ബലത്തിന്റെ പിന്തുണയില്‍ പുരുഷാധിപത്യം സമൂഹത്തില്‍ ശക്തിപ്പെട്ടു.

നിയമവിരുദ്ധമായ സ്ത്രീധന സമ്പ്രദായം നമ്മുടെ സമുദായത്തിലും പലരൂപത്തിലും നിലനില്‍ക്കുന്നു എന്നത് അപമാനകരമാണ്.

സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന ചിന്ത ശക്തിപ്പെടണം. ദാമ്പത്യത്തെ സമ്പത്തുമായി ബന്ധിപ്പിക്കുന്ന സ്ത്രീവിരുദ്ധ സമ്പ്രദായം പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’, ഇടയലേഖനത്തില്‍ പറയുന്നു.

ആണ്‍മക്കള്‍ക്ക് എന്നതുപോലെ പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍ തുല്യ അവകാശമുണ്ട് എന്ന സുപ്രീംകോടതി വിധി നമ്മുടെ സമുദായം ഇനിയും വേണ്ടരീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ല.

ആണ്‍മക്കളെ പോലെ പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശം ഉറപ്പുവരുത്തുന്നതിലൂടെ കല്യാണസമയത്തെ ആഭരണധൂര്‍ത്തിന് അറുതിവരുത്താന്‍ കഴിയുമെന്നും പാംപ്ലാനി പറയുന്നു.

പ്രണയക്കെണികളില്‍ കുടുക്കി നമ്മുടെ പെണ്‍മക്കള്‍ക്ക് ചതിക്കുഴികളൊരുക്കുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി വര്‍ധിക്കുകയാണ്. ഇതിനെതിരേ കരുതല്‍ വേണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!