ഇരട്ടിത്തുക, മാസംതോറും 70,000 രൂപ; മൈക്ലബ് ട്രേഡേഴ്‌സ് നിക്ഷേപത്തട്ടിപ്പില്‍ രണ്ടുപേര്‍ പിടിയില്‍

വണ്ടൂര്‍: ഇല്ലാത്ത കമ്പനിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ചു പണം തട്ടിയെന്ന കേസില്‍ രണ്ടുപേര്‍ വണ്ടൂര്‍ പോലീസിന്റെ പിടിയില്‍.
വണ്ടൂര്‍ കാപ്പില്‍ സ്വദേശികളായ പെരക്കാത്ര പ്രവീണ്‍, തരിയറ ശ്രീജിത്ത് എന്നിവരെയാണ് വണ്ടൂര്‍ സി.ഐ. ഇ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
കാപ്പില്‍ സ്വദേശി തരിയറ വീട്ടില്‍ ദേവാനന്ദിന്റെ പരാതിയിലാണ് അറസ്റ്റ്. ദേവാനന്ദും ഭാര്യയും സഹോദരിയും ചേര്‍ന്ന് രണ്ടുവര്‍ഷം മുന്‍പ് എം.സി.ടി. (മൈ ക്ലബ്ബ് ട്രേഡേഴ്സ്) എന്ന കമ്പനിയില്‍ 5.3 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.
നിക്ഷേപിച്ചതിന്റെ ഇരട്ടിത്തുക നല്‍കാമെന്നും മാസംതോറം ലാഭവിഹിതമുണ്ടാകുമെന്നുമായിരുന്നു വാഗ്ദാനം. മാസംതോറും 70,000 രൂപവീതം നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ആദ്യ മൂന്നുമാസം ലാഭവിഹിതം ലഭിച്ചു. തുടര്‍ന്ന് കിട്ടാതായതോടെ ഇവര്‍ പ്രതികളെ സമീപിപ്പിച്ചപ്പോള്‍ പണം കമ്പനിയില്‍നിന്ന് ഉടന്‍ ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.
വിശ്വാസം നഷ്ടപ്പെട്ട ദേവാനന്ദ് വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ സമാനരീതിയില്‍ ഒട്ടേറെപ്പേരില്‍നിന്ന് പണം വാങ്ങിയതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഇരകളായവരിലധികവും സാധാരണക്കാരാണ്. വാങ്ങിയ പണം കമ്പനിയില്‍ അടച്ചതായും ഇവര്‍ പോലീസിനോട് പറയുന്നു.
അതേസമയം പണം നിക്ഷേപിച്ചവര്‍ക്ക് രസീതോ മറ്റു രേഖകളോ നല്‍കിയിരുന്നില്ല. വിശ്വാസവഞ്ചന, ചതി തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി.