ചിറക്കൽ ചാ‌മുണ്ഡിക്കോട്ടം പെരുങ്കളിയാട്ടം:ഭക്തജനത്തിരക്ക്, കൊടിയിറക്കം നാളെ

Share our post

ചിറക്കൽ : ചാമുണ്ഡിക്കോട്ടത്ത് നാലരപ്പതിറ്റാണ്ടിനു ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിനു ഭക്തജനത്തിരക്കേറി. കോലത്തു‌നാടിന്റെ സർവൈശ്വര്യങ്ങൾക്കു കാരണമെന്നു വിശ്വസിച്ചിരുന്ന മുപ്പത്തൈവർ തെയ്യങ്ങളാണു പെരുങ്കളിയാട്ടത്ത‌ിൽ കെട്ടിയാടുന്നത്.

വീരൻ, വീരാളി, തീച്ചാമുണ്ഡി, പുതിയ ഭഗവതി, ഭദ്രകാളി, കരിങ്ക‌ുട്ടി ശാസ്തൻ, സോമേശ്വരി അമ്മ, പാടിക്കുറ്റി അമ്മ, ഇളങ്കരുമകാൻ, പുതുർവാടി, യക്ഷി തെയ്യങ്ങളാണ് ഇന്നലെ കെട്ടിയാടിയത്. ഉച്ചയ്ക്കും രാത്രിയിലുമായി അന്നദാനത്തിൽ നാൽപതിനായിരത്തിലേറെ പേർക്കു ഭക്ഷണം വിളമ്പി.

സാംസ്കാരിക ‌പരിപാടികളിൽ ഡോ.പ്രശാന്ത് വർമ കോഴിക്കോട് നയിച്ച മാനസ ജപലഹരി, കൈരളി ചാരിറ്റി ആൻഡ് കൾചറൽ സൊസൈറ്റി അവതരിപ്പിച്ച ചിത്രയവനിക എന്ന സാമൂഹിക നാടകം എന്നിവയുണ്ടായി. 101 വാദ്യകലാകാരന്മാർ അണിനിരന്ന പാണ്ടിമേളവും കണ്ണൂരിനു പുതുമയായി. ‌

മട്ടന്നൂർ ശ്രീകാന്ത് മാരാർ, മട്ടന്നൂർ ശ്രീരാജ് മാരാർ, ചിറക്കൽ നിധീഷ് മാരാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മേളപ്പെരുക്കം. ഇന്നു വൈകിട്ട് 5.30ന് സാംസ്കാരിക സമ്മേളനവും 7 മുതൽ കേരളത്തിന്റെ നാടൻ കലാരൂപങ്ങളുടെ നേർക്കാഴ്ചയൊരുക്കുന്ന സംസ്കൃതി പരിപാടിയും നടക്കും.

പെരുങ്കളിയാട്ടത്തിൽ ഇന്ന്

രാവിലെ 6.30ന്: ഗുളികൻ തെയ്യം

7.30ന്: കളരിയാൽ ഭഗവതി, ക്ഷേത്രപാലകൻ

10.00ന്: ആറാടിക്കൽകോലസ്വരൂപത്തിൽ തായി അടിച്ചുതളി തോറ്റം

11ന്: കൂത്ത്

ഉച്ചയ്ക്ക് 12.30: അന്നദാനം

2.30ന്: കോലസ്വരൂപത്തിൽ തായി തോറ്റം

4.00ന്: പുലിച്ചാമുണ്ഡിയുടെ തോറ്റം

5.00ന്: ഉച്ചിട്ട തോറ്റം

7.00ന്: തോട്ടുങ്കര ഭഗവതി തോറ്റം

8.00ന്: കരുവാൾ ഭഗവതി തോറ്റം

9.00ന്: എടലാപുരത്ത് ചാമുണ്ഡി തോറ്റം

10.00ന്: കോലസ്വരൂപത്തിൽ തായി അന്തിത്തോറ്റം

തുടർന്ന് കൊടിയില തോറ്റം

ഞായറാഴ്ച പുലർച്ചെ

2.00ന്: തോട്ടുങ്കര ഭഗവതി തെയ്യം

3.00ന്: കരുവാൾ ഭഗവതി തെയ്യം

4.00ന്: പുലിച്ചാമുണ്ഡിയുടെ പുറപ്പാടും തീവണക്കവും

5.00ന് ഉച്ചിട്ട തെയ്യം

7.00ന് രക്തചാമുണ്ഡി

7.30ന്: കളരിയാൽ ഭഗവതി, ക്ഷേത്രപാലകൻ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!