ഈ വീട്ടമ്മക്ക് വേണം സുമനസ്സുകളുടെ സഹായം

തലശ്ശേരി: രണ്ടു വൃക്കകളും തകരാറിലായ വീട്ടമ്മ സഹായത്തിനായി കാത്തിരിക്കുന്നു. ധർമടം അണ്ടലൂർ പുതുവയൽ ശ്രീശൈലത്തിൽ എം.കെ. ശൈലജയാണ് ചികിത്സ സഹായത്തിനായി ഉദാരമതികളുടെ സഹായം തേടുന്നത്.
പാലയാട്ടെ ഓട്ടോറിക്ഷ ഡ്രൈവർ വി.പി. ഗംഗാധരന്റെ ഭാര്യയും രണ്ടു മക്കളുടെ അമ്മയുമാണ് ശൈലജ. നിർധനരായ കുടുംബം വാടക വീട്ടിലാണ് താമസം. ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. കണ്ണിന്റെ കാഴ്ചശക്തിയും ഇതിനിടെ നഷ്ടമായി.
ലക്ഷക്കണക്കിന് രൂപ ഇതിനകം ചികിത്സക്കായി ചെലവായി. തുടർചികിത്സ നടത്താനുള്ള സാമ്പത്തികശേഷി കുടുംബത്തിനില്ല. കുടുംബത്തിന്റെ ദയനീയത കണ്ടറിഞ്ഞ് വാർഡ് അംഗം എം.പി. മോഹനൻ നാട്ടുകാരുടെ യോഗം വിളിച്ചുചേർത്ത് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു.
എം.പി. മോഹനൻ ചെയർമാനും എ. സുബീഷ് കൺവീനറുമായി രൂപവത്കരിച്ച സർവകക്ഷി ചികിത്സ സഹായ കമ്മിറ്റി ശൈലജയുടെ ചികിത്സക്കായി കനറാ ബാങ്ക് ധർമടം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 110109039543, ഐ.എഫ്.എസ്.സി കോഡ്: CNRB 0014227, എം.ഐ.സി.ആർ കോഡ്: 670015917. ശൈലജയുടെ ചികിത്സക്കായി സഹായിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. വാർത്തസമ്മേളനത്തിൽ സഹായ കമ്മിറ്റി ചെയർമാൻ എം.പി. മോഹനൻ, കൺവീനർ എ. സുബീഷ്, മറ്റു ഭാരവാഹികളായ ചോയിക്കണ്ടി പ്രേമനാഥ്, കണിയാറക്കൽ രമേശൻ എന്നിവർ പങ്കെടുത്തു.