ദേശീയ പഞ്ചായത്ത് അവാര്‍ഡ്: കേരളത്തിന് നാല് പുരസ്‌കാരം

Share our post

തിരുവനന്തപുരം: 2023-ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ കേരളത്തിന് നാല് പ്രധാന പുരസ്‌കാരങ്ങള്‍. വിവിധ വിഭാഗങ്ങളിലായി കേരളത്തിലെ നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടി.

ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്ത് രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടു. സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി.

ജല പര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. സല്‍ഭരണ വിഭാഗത്തില്‍ തൃശൂര്‍ അളഗപ്പ നഗര്‍ പഞ്ചായത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ് ഡി ജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി വിലയിരുത്തല്‍ നടത്തിയത്. പുരസ്‌കാരങ്ങള്‍ ഏപ്രില്‍ 17-ന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

പുരസ്‌കാരം നേടിയ എല്ലാ ഗ്രാമപഞ്ചായത്തുകളെയും തദ്ദേശ സ്വയം ഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അഭിനന്ദിച്ചു.

രാജ്യത്തെ പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മത്സരിച്ച് അഭിമാനകരമായ നേട്ടമാണ് നാല് പഞ്ചായത്തുകളും സ്വന്തമാക്കിയത്. കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഈ നേട്ടം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!