ബൈക്കോടിച്ച 14കാരനെ എം.വി.ഡി പിടികൂടി; പിതാവിനും ബൈക്ക് നൽകിയ അയൽക്കാരിക്കും തടവും പിഴയും ശിക്ഷ

മലപ്പുറം: പതിനാല് വയസുകാരൻ ഇരുചക്രവാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നൽകിയ അയൽക്കാരിക്കും തടവും പിഴയും ശിക്ഷ വിധിച്ചു. കുട്ടിയുടെ പിതാവ് കൽപ്പകഞ്ചേരി അബ്ദുൾ നസീർ (55)ന് 25,000 രൂപയും ബൈക്ക് ഉടമ കൽപ്പകഞ്ചേരി ഫൗസിയ (38)യ്ക്ക് 5000 രൂപയുമാണ് പിഴ അടയ്ക്കേണ്ടത്.
ഇരുവർക്കും വൈകിട്ട് അഞ്ചുമണിവരെ തടവ് ശിക്ഷയും കോടതി നൽകി. പിഴ ഒടുക്കി, അഞ്ച് മണിവരെ തടവ് ശിക്ഷയും അനുഭവിച്ച ശേഷം ഇവർക്ക് മടങ്ങാവുന്നതാണ്.കഴിഞ്ഞ സെപ്തംബർ ഒന്നിന് ഉച്ചയ്ക്ക് 12.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അയൽവാസിയായ യുവതിയുടെ ബൈക്കുമായി പതിനാലുകാരനായ വിദ്യാർത്ഥി മാമ്പ്ര കടുങ്ങാത്തുകുണ്ട് റോഡിലൂടെ പോവുകയായിരുന്നു. മലപ്പുറം എന്‍ഫോഴ്‌സ്‌മെന്‍റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ കുട്ടിയെ കൈകാട്ടി നിര്‍ത്തി നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയായില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ രക്ഷിതാവിനും ആര്‍ സി ഉടമക്കും എതിരെ 1988ലെ മോട്ടോര്‍വാഹന വകുപ്പിലെ 180,199 എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.