സച്ചുവും ഭാര്യയും ബൈക്കുമായി റോഡിലിറങ്ങിയാൽ പിന്നെ മടങ്ങുന്നത് കൈനിറയെ സ്വർണവുമായി

Share our post

മാനന്തവാടി: പട്ടാപ്പകൽ ബൈക്കിലെത്തി കാൽനടയാത്രക്കാരിയുടെ മാല പൊട്ടിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കായംകുളം കൃഷ്ണപുരം കളയിക്കത്തറ വീട്ടിൽ സച്ചു എന്ന സജിത് കുമാർ ജിമ്മൻ (42) ആണ് പിടിയിലായത്.

പ്രതിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ തമിഴ്നാട് സ്വദേശിനി മുതലമ്മൾ (അംബിക ) ( 42 ) അറസ്റ്റിലായിട്ടുണ്ട്.കവർച്ചക്കുശേഷം ഇരുവരും ബൈക്കിൽ കടന്നുകളയുന്നതിനിടയാണ്‌ പൊലീസ് വലയിൽ അകപ്പെട്ടത്. താമരശേരിക്ക് സമീപം വച്ചാണ്‌ പൊലീസ് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 37കേസുകളിലെ പ്രതിയാണ് സജിത്ത്.

ബുധനാഴ്ച രാവിലെ 11 മണിയോടെ മാനന്തവാടി മൈസൂർ റോഡിൽ വച്ചായിരുന്നു വനം വകുപ്പ് ജീവനക്കാരിയുടെ മൂന്നു പവൻ സ്വർണമാല പ്രതി സജിത്ത് ബൈക്കിൽ എത്തി നിമിഷനേരം കൊണ്ട് പറിച്ചു കളഞ്ഞുകടന്നത്. മോഷണം സമീപത്തെ വ്യാപാരസ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ബൈക്ക് നിർത്തിയിട്ട് നിരീക്ഷിച്ചശേഷം പെട്ടെന്ന് ബൈക്കുമായി വേഗതയിൽ എത്തി മാല പറിച്ച്കടന്നുകളയുകയായിരുന്നു.

പ്രൊഫഷണൽ മോഷ്ടാവാണ് സംഭവത്തിന് പിന്നിലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നുതന്നെ വ്യക്തമായിരുന്നു. തുടർന്ന് മാനന്തവാടി സി.ഐ.എം.എം അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം കവർച്ചയുടെ പ്രൊഫഷണൽ രീതി മനസിലാക്കി നടത്തിയ അന്വേഷണത്തിലാണ് സജിത്താണ് പിന്നിലെന്ന് വ്യക്തമായത്. സംസ്ഥാനത്തെ ഏറ്റവും പ്രൊഫഷണലായി മാല പൊട്ടിച്ച് കടന്നുകളയുന്ന ആളാണ് സജിത്ത്.

ഇതാണ്‌ പൊലീസിന് തുമ്പായത്. തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ദൃശ്യങ്ങൾ എത്തിച്ചു. പിന്നീട് സജിത്തിനായി പൊലീസ് വല വിരിച്ചു. വയനാട്ടിൽ നിന്നും കടന്നു കളയാൻ സാധ്യതയുള്ള വഴികളിൽ എല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

തുടർന്നാണ് വയനാട്ടിൽ നിന്നും ഒരു യുവതിയുമായി ബൈക്കിൽ സജിത്ത് പുറപ്പെട്ട വിവരം പൊലീസിന് ലഭിക്കുന്നത്. വയനാട് ചുരത്തിൽ വച്ച് പിടികൂടുകയായിരുന്നു പൊലീസിന്റെ ആദ്യ നീക്കം. എന്നാൽ സജിത്ത് ബൈക്കുമായി അമിതവേഗതയിൽ മുന്നോട്ടു നീങ്ങുകയായിരുന്നു. തുടർന്ന് താമരശേരിയിൽ വച്ച് പിടികൂടുകയും ചെയ്തു.അടുത്തകാലത്ത് വയനാട്ടിൽ പൊലീസ് പിടികൂടുന്ന പ്രധാനപ്പെട്ടമോഷ്ടാക്കളിൽ ഒരാളാണ് സജിത്ത്.

സാധാരണ പൊലീസിന് സംശയം തോന്നിയെന്ന് മനസിലാക്കിയാൽ ഉടൻതന്നെ സ്ഥലം വിടുകയാണ് സജിത്തിനെ രീതി. പൊലീസിനെ പിടികൊടുക്കാതെ തന്റെ താവളത്തിലേക്ക് എത്തുകയായിരുന്നു സജിത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് മാലമോഷണം കേസുകളിലെ പ്രതിയാണ് ഇദ്ദേഹം.

 അന്വേഷണത്തിന് മാനന്തവാടി ഡി.വൈ.എസ്.പി പി.എൽ ഷൈജു, മാനന്തവാടി ഇൻസ്‌പെക്ടർ അബ്ദുൽകരീം, എസ്.ഐ മാരായ കെ.കെ സോബിൻ, എം നൗഷാദ്, സിവിൽ പൊലീസ് ഓഫീസർമാരായ വി.ആർ ദിലീപ് കുമാർ, ജാസിം ഫൈസൽ, വി.കെ രഞ്ജിത്ത്, എൻ.ജെ ദീപു, ജെറിൻ കെ.ജോണി, പ്രവീൺ, ബൈജു തുടങ്ങിയവർനേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!