കണ്ണൂർ ജില്ലയിൽ മാലിന്യമില്ലാതാക്കാൻ കുട്ടികളിറങ്ങും; സമ്മാനം ബാലലൈബ്രറി
കണ്ണൂർ: വീടുകളിലെ മാലിന്യമില്ലാതാക്കാൻ കുട്ടികൾ രംഗത്തിറങ്ങും. മാലിന്യത്തിന്റെ അളവ് കുറച്ചാൽ സമ്മാനമായി പോയിന്റും ബാലലൈബ്രറി തുടങ്ങാൻ സഹായധനവും കിട്ടും.
കുടുംബശ്രീ സംസ്ഥാനമിഷനാണ് മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ കുട്ടികളെയും പങ്കാളികളാക്കുന്നത്. ഇതിനായി ബാലസഭാംഗങ്ങളെ ഉൾപ്പെടുത്തി ശുചിത്വോത്സവം എന്നപേരിൽ പ്രചാരണം നടത്തും. സംസ്ഥാനത്തെ 28,387 ബാലസഭകളിലെ 3.9 ലക്ഷം കുട്ടികൾ പങ്കാളികളാകും.
കുടുംബശ്രീ നൽകുന്ന ഗ്രീൻ കാർഡിൽ ഓരോ കുട്ടിയും സ്വന്തം വീട്ടിലുണ്ടാകുന്ന മാലിന്യത്തിന്റെ തോത് രേഖപ്പെടുത്തും. കൂടാതെ ജൈവ, അജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കണക്കും ശേഖരിക്കും.
തുടർന്ന് ഓരോ ബാലസഭാംഗത്തിന്റെയും വീട്ടിലുണ്ടാകുന്ന മാലിന്യത്തിന്റെ തോത് ക്രമാനുഗതമായി കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മാലിന്യത്തിന്റെ അളവ് കുറച്ചുകൊണ്ടുവരാനായി കുട്ടികൾക്കായി പരിശീലനവും നൽകും. തുടർന്ന് ഗ്രീൻകാർഡ് പരിശോധിച്ച് വീടുകളിലെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്ന ബാലസഭാംഗങ്ങൾക്ക് ക്രെഡിറ്റ് പോയിന്റ് നൽകും. മാലിന്യം വലിയതോതിൽ കുറയ്ക്കുന്ന ബാലസഭകൾക്കാണ് ബാലലൈബ്രറി തുടങ്ങാൻ സഹായം നൽകുക.
ശുചിത്വസന്ദേശം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അവിടെനിന്ന് സമൂഹത്തിലേക്കും എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. 22 മുതൽ കാമ്പയിൻ തുടങ്ങും.
ഇതുമായി ബന്ധപ്പെട്ട സംസ്ഥാനതല മൊഡ്യൂൾ നിർമാണ ശില്പശാല തിരുവനന്തപുരത്ത് ആരംഭിച്ചു. റിസോഴ്‌സ് പേഴ്‌സൺമാർ, സി.ഡി.എസ്. ചെയർപേഴ്‌സൺമാർ എന്നിവർക്ക് പരിശീലനം നൽകും.
കാമ്പയിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ പ്രവർത്തനപദ്ധതികളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.