കണ്ണൂർ ഭക്ഷ്യപ്രദർശന വിപണനമേള; രുചിയുടെ ആഘോഷം

Share our post

കണ്ണൂർ: കണ്ടാൽ കഴിച്ചുപോകും, കഴിച്ചാൽ കൊതിതീരാതെ കഴിച്ചുകൊണ്ടേയിരിക്കും. ഇങ്ങനെ പലവിധ രുചികളുടെ സാമ്രാജ്യമൊരുക്കുകയാണ്‌ കണ്ണൂർ ടൗൺ സ്ക്വയറിലെ ‘കൊഫെയ്ക്ക് ടേസ്റ്റ് ഓഫ് കണ്ണൂർ’ ഭക്ഷ്യപ്രദർശന വിപണനമേള.

മായമില്ലാത്തതും വിഷരഹിതവുമായ പലവിധ വിഭവങ്ങളാണെല്ലാം. ചെറുകിടവ്യവസായ സംരംഭങ്ങൾക്ക്‌ വിപണിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ കാർഷിക, വ്യാവസായ വകുപ്പുകളുമാണ്‌ മേള സംഘടിപ്പിച്ചത്‌. രാസവസ്തുക്കൾ ചേർക്കാതെയുള്ള ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും വീടുകളിലാണ്‌ നിർമിക്കുന്നത്‌.

ചക്കപ്പായസം, വിവിധ രുചിഭേദങ്ങളിലുള്ള കേക്ക്‌, ഉണ്ണിയപ്പം, ഐസ് ക്രീം, തരിയുണ്ട , ഉണക്കമീൻ മസാല, അച്ചാറുകൾ തുടങ്ങിയവയുണ്ട്‌. ചക്ക ഉണ്ണിയപ്പം, പായസം, അവുലോസുണ്ട, ചിപ്സ്, മിഠായി, പുളിയിച്ചി, ചമ്മന്തിപ്പൊടി എന്നിവ ഭക്ഷ്യ വിപണന മേളയുടെ മുഖ്യ ആകർഷണമാണ്.

ജീവിതശൈലിരോഗങ്ങളെ തടയാൻ പ്രാപ്തമാക്കുന്ന പുതിയ വിഭവങ്ങൾ പരിചയപ്പെടുത്തുകയാണ് ‘ഹഫ്സ്’ നാച്വറൽ ഫുഡ്‌സ് . ഒരുവർഷം ഉപയോഗിക്കാൻ പാകത്തിൽ പഴവർഗങ്ങൾ ഉണക്കിയെടുത്ത് വിപണിയിലെത്തിക്കുകയാണ്‌ ആഗ്രോ ഫുഡ് ഇൻഡസ്ട്രിസ്.

ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണത്തിനൊപ്പം വരക്, ചാമ, കുതിരവാലി, തിന, കമ്പ്, മുതിര, ചോളം തുടങ്ങിയ രോഗപ്രതിരോധ ശേഷിയുള്ള ചെറുധാന്യങ്ങളുടെ പൊടിയുമുണ്ട്‌. റമദാൻ, ഈസ്റ്റർ, വിഷു എന്നീ ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേള 15ന്‌ സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!