കാൻസർ സെന്ററിലെ സാന്ത്വന കേന്ദ്രം ഇനി കോടിയേരിയുടെ ചിരസ്മരണ

Share our post

തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്ക് താമസിക്കാൻ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ മുൻകൈയെടുത്ത് സ്ഥാപിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റി സാന്ത്വനകേന്ദ്രം ഇനി കോടിയേരിയുടെ മറ്റൊരു സ്മാരകമാവും.ആശ്രയയുടെ പുനർനാമകരണം എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
കോടിയേരിയുടെ ആഗ്രഹപ്രകാരമാണ് സാന്ത്വനകേന്ദ്രം തുടങ്ങിയത്.സാന്ത്വനകേന്ദ്രത്തിന്റെ തുടക്കം മുതൽ രക്ഷാധികാരിയായിരുന്നു കോടിയേരി.കാൻസർ ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇവിടെ താമസവും മൂന്ന് നേരത്തെ ഭക്ഷണവും സൗജന്യമാണ്.ഭക്ഷണം പാചകം ചെയ്യാൻ താല്പര്യമുള്ളവർക്ക് അതിനുള്ള പ്രത്യേക സൗകര്യവുമുണ്ട്.

ട്യൂബിലൂടെ ഭക്ഷണം നൽകുന്ന രോഗികൾക്ക് അതും ഇവിടെ സൗജന്യമാണ്.35 രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സൗകര്യമാണ് നിലവിലുള്ളത്.കുട്ടികൾക്കും രക്ഷിതാക്കൾക്കും താമസത്തിനുള്ള സൗകര്യം പുതുതായി ഒരുക്കി.ഇതിനായി രണ്ടുനില കെട്ടിടം നിർമ്മിച്ചു.പത്തു കുട്ടികൾക്കും 10 രക്ഷിതാക്കൾക്കും താമസിക്കാനുള്ള സൗകര്യമുണ്ട്.

കെട്ടിടത്തിന്റെ ഒരുനിലയിൽ താമസ സൗകര്യവും മറ്റൊരു നിലയിൽ റിക്രിയേഷൻ ക്ലബുമാണ്.എപ്രിൽ എട്ടിന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം ഉദ്ഘാടനവും കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വനകേന്ദ്രമെന്ന് പുനർനാമകരണവും നിർവഹിക്കും.ആശ്രയം തന്നെസൊസൈറ്റി ചെയർമാൻ ഒ.വി.മുഹമ്മദ് മുസ്തഫയാണ് 55 ലക്ഷം ചെലവഴിച്ച് ഇരുനില കെട്ടിടം നിർമ്മിച്ചത്.

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം കാൻസർ ചികിത്സയ്ക്കിടെ ഇവിടെ താമസിച്ചുവരുന്നുണ്ട്.
2014 ജനുവരി 18ന് പിണറായി വിജയനാണ് കെട്ടിട നിർമ്മാണത്തിന് തറക്കല്ലിട്ടത്.2016 ഫെബ്രുവരി ആറിന് കോടിയേരി ബാലകൃഷ്ണൻ ഇവിടെ സാന്ത്വനകേന്ദ്രം ഉദ്ഘാടനം ചെയ്തു.

തുടക്കത്തിൽ അഞ്ചുനിലകെട്ടിടമായിരുന്നത് പിന്നീട് രണ്ടുനില കൂടി വർദ്ധിപ്പിച്ചു. സ്പീക്കർ അഡ്വ.എ.എൻ.ഷംസീറാണ് നിലവിൽ സ്ഥാപനത്തിന്റെ വർക്കിംഗ് ചെയർമാൻ.ഒ.വി.മുഹമ്മദ് മുസ്തഫ ചെയർമാനും എ.എൻ.ഷംസീർ വർക്കിംഗ് ചെയർമാനും കെ.അച്യുതൻ സെക്രട്ടറിയും പി.കനകരാജ് ജോയിന്റ് സെക്രട്ടറിയും എം.വി.ബാലറാം ഖജാൻജിയുമായ 31അംഗ ഡയറക്ടർ ബോർഡാണ് സൊസൈറ്റിയുടെത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!