Local News
വഴി ചോദിക്കാനെന്ന വ്യാജേന എത്തി വീട്ടമ്മയുടെ അഞ്ചു പവൻ സ്വർണ മാല കവർന്ന കള്ളന്മാരെ വലയിലാക്കി പോലീസ്

മട്ടന്നൂർ: വഴി ചോദിക്കാനെന്ന വ്യാജേന വീടിനു മുന്നിൽ ചെന്ന് വീട്ടമ്മയുടെ അഞ്ചു പവൻ സ്വർണ മാല കവർന്ന സംഭവത്തിലെ 2 പ്രതികൾ പിടിയിൽ.
മാങ്ങാട്ടിടം കരിയിൽ സ്വദേശി സി.പി.ഖാലിദ് (38), പാലോട്ടുപള്ളി സ്വദേശിയും ഇപ്പോൾ പടിക്കച്ചാലിൽ താമസിക്കുന്നതുമായ കെ.പി.നവാസ് (39) എന്നിവരെയാണ് മട്ടന്നൂർ പോലീസ് ഇൻസ്പെക്ടർ കെ.വി.പ്രമോദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ 29ന് രാവിലെ ആറരയോടെ ചാലോട് – ഇരിക്കൂർ റോഡിൽ ടവർ സ്റ്റോപ്പിനു സമീപത്തെ ഉഷസ്സിൽ റിട്ട. അധ്യാപിക സി.ദേവി (77)യുടെ മാലയാണ് കവർന്നത്. വീടിനു മുന്നിലെ ഗേറ്റിനു സമീപം നിൽക്കുകയായിരുന്ന ദേവിയുടെ അടുത്തേക്ക് കൂത്തുപറമ്പിലേക്ക് പോകേണ്ട വഴി ഏതാണെന്ന് ചോദിച്ചെത്തിയ യുവാവ് ദേവിയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ച് ഓടിപ്പോകുകയായിരുന്നു.
പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. സ്കൂട്ടറിൽ എത്തിയായിരുന്നു മാല കവർന്നത്. കഴുത്തിനു വേദന അനുഭവപ്പെട്ടതിനാൽ ദേവി മട്ടന്നൂർ ഗവ.ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു.
ശാസ്ത്രീയമായ പരിശോധനയിലാണ് മോഷ്ടാക്കളെ പിടികൂടാനായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിലെയും മറ്റും നൂറോളം സിസിടിവി കാമറകളിലെ ദൃശ്യം പരിശോധിച്ചു പ്രതികളെ കണ്ടെത്തി.
നവാസിനെ ഉരുവച്ചാലിൽ നിന്നും ഖാലിദിനെ ഇരിക്കൂറിൽ നിന്നുമാണ് പിടികൂടിയത്. പാലോട്ടു പള്ളി സ്വദേശിയുടെ സ്കൂട്ടർ വാങ്ങിയാണ് പ്രതികൾ മോഷണം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
പ്രതികളെ സംഭവ നടന്ന സ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം മട്ടന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പിടിയിലായവർക്ക് മറ്റു കേസുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കൂത്തുപറമ്പ് എസി.പി മൂസ വള്ളിക്കാടന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
മട്ടന്നൂർ പ്രിൻസിപ്പൽ എസ്ഐ യു.കെ.ജിതിൻ, എ.എസ്ഐമാരായ ഷാജി, മിനേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എം.ഡി.ജോമോൻ, സി.രഗിനേഷ്, കെ.പി.രാഗേഷ്, കെ.രതീഷ്, എ.രഞ്ചിത്ത്, കെ.ജിനീഷ്, സി.വിനോദ്, കെ.വിപിൻ, പി.അശ്വിൻ, നിശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടാൻ പ്രയത്നിച്ചത്.
കവർച്ച നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ പ്രതികളെ പിടിക്കാൻ കഴിഞ്ഞത് പൊലീസിന്റെ അന്വേഷണ മികവിന്റെ തിളക്കമായി. വഴി ചോദിച്ചു വീടിനു മുന്നിൽ എത്തിയ യുവാവ് വീട്ടമ്മയുടെ 5 പവൻ സ്വർണ മാല പൊട്ടിച്ച് ഓടി എന്നതല്ലാതെ മറ്റൊരു തെളിവും ഇല്ലാത്തിടത്തു നിന്നാണ് കേസിലെ രണ്ടു പ്രതികളെയും പിടികൂടിയത്.
ഇക്കഴിഞ്ഞ 29 നു രാവിലെ ചാലോട് – ഇരിക്കൂർ റോഡിലെ റിട്ട. അധ്യാപിക ദേവി വീടിനു മുന്നിൽ ഗേറ്റിനു സമീപത്ത് നിൽക്കുമ്പോഴാണ് വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ യുവാവ് മാല പൊട്ടിച്ച് ഓടിപ്പോയത്.
പിറകെ കുറച്ചു ദൂരം ടീച്ചർ ഓടിയെങ്കിലും കണ്ണിൽ നിന്നും മോഷ്ടാവ് ഓടി മറഞ്ഞിരുന്നു. വിവരമറിയിച്ച് 10 മിനുറ്റിനുള്ളിൽ മട്ടന്നൂർ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ ഇതു വഴിയുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ പൊലീസ് എത്തി സിസിടിവി ഉൾപ്പെടെ ശാസ്ത്രീയമായ അന്വേഷണം നടത്തി. കൂടാതെ മാല പൊട്ടിച്ച വ്യക്തിയെ ടീച്ചർ വ്യക്തമായി കണ്ടിരുന്നതിനാൽ മോഷ്ടാക്കളുടെ പടങ്ങൾ കാണിച്ചു പരിശോധിക്കുകയും ചെയ്തിരുന്നു.
സംഭവം നടന്നു ആറാമത്തെ ദിവസം നവാസ്, ഖാലിദ് എന്നീ 2 പ്രതികളും പിടിയിലായത്. പ്രതികളെ തിരിച്ചറിഞ്ഞ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഉരുവച്ചാൽ ടൗണിന് സമീപത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം നവാസിനെ പിടികൂടിയെങ്കിലും ഖാലിദ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഖാലിദിനായുള്ള തിരച്ചിൽ ചെന്നെത്തിയത് ഇരിക്കൂറിലാണ്.
രാത്രി വൈകിയാണെങ്കിലും ഇരിക്കൂറിൽ നിന്നു പൊലീസ് സംഘം പിടികൂടി. മാല പൊട്ടിച്ച് എത്തുന്ന ഖാലിദിനെ കൂട്ടിക്കൊണ്ടു പോകുന്നതിന് നാവാസ് കുറച്ചകലെ ഇരുചക്ര വാഹനവുമായി കാത്തിരിപ്പുണ്ടായിരുന്നു. മാല പൊട്ടിച്ച ശേഷം രണ്ടു പേരും ചുറ്റിക്കറങ്ങി കൂത്തുപറമ്പ് വഴിയാണ് സ്വന്തം വീടുകളിൽ എത്തിയത്. മാല തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ദേവിയമ്മ പറഞ്ഞു.
THALASSERRY
കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ് വടക്കൻ കേരളം. സ്റ്റീൽ സ്ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്. അനുബന്ധറോഡ് നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ് മാർക്കിങ് തുടങ്ങിയ മിനുക്ക് ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന് പകരമാണ് പാലം. ദേശീയപാതയിലടക്കം കുരുക്ക് തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. കൊടുവള്ളിയിൽനിന്ന് 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ് മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ് നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന് മാത്രമായി. 27 ഭൂവുടമകളിൽനിന്ന് 123.6 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്ത് നിർമിക്കുന്ന പത്ത് മേൽപാലങ്ങളിലൊന്നാണിത്. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ് നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ് വഹിച്ചത്. ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലാണ് കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നിർമാണോദ്ഘാടനം നിർവഹിച്ചത്. കൊടുവള്ളിയിൽ പഴയബാങ്ക് കെട്ടിടത്തിന്റെ സമീപത്തുനിന്ന് ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ് മേൽപ്പാലം. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചറിലാണ് നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്റ്റീലും സ്ലാബ് കോൺക്രീറ്റുമാണ്. ഗതാഗതക്കുരുക്കിനോട് വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ് മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ് അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന് തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ് ചോദ്യംചെയ്ത് കോടതിയിലും ഹർജിയെത്തി. എൽഡിഎഫ് അധികാരത്തിൽ വന്നശേഷമാണ് സ്ഥലമെടുപ്പ് വേഗത്തിലായത്. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട് റെയിൽവേ ഗേറ്റ് തകർന്ന് ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന് കടന്നുപോവാം.
MUZHAKUNNU
കൊട്ടിയൂർ-അമ്പായത്തോട് 44 ആം മൈൽ ചുരംരഹിത പാത യഥാർഥ്യമാക്കണം; സി.പി.ഐ

മുഴക്കുന്ന് : കൊട്ടിയൂർ അമ്പായത്തോട് 44 ആം മൈൽ ചുരം രഹിത പാത യഥാർഥ്യമാക്കാൻ സർക്കാർ തയ്യാറാവണമെന്ന് സി.പി.ഐ പേരാവൂർ മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന എക്സി. അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ സംഘടന റിപ്പോർട്ടും സി.കെ.ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ അസി. സെക്രട്ടറിമാരായ കെ.ടി.ജോസ്, എ പ്രദീപൻ, സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ, ജില്ലാ എക്സി. അംഗം വി.ഷാജി,വി.ഗീത, ഷാജി പൊട്ടയിൽ, ടി.വി.സിനി, വി. പദ്മനാഭൻ, സി. പ്രദീപൻ, പി. ദേവദാസ് എന്നിവർ സംസാരിച്ചു. മുതിർന്ന നേതാക്കളായ വി.കെ. രാഘവൻ വൈദ്യർ, കെ.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പങ്കെടുത്തു.പുതിയ മണ്ഡലം സെക്രട്ടറിയായി ഷിജിത്ത് വായന്നൂരിനെ തിരഞ്ഞെടുത്തു.
PERAVOOR
പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്ലാസ് തുടങ്ങി

പേരാവൂർ: പേരാവൂർ സ്പോർട്സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും ഗുഡ് എർത്ത് ചെസ് കഫെയിൽ അവധിക്കാല ത്രിദിന ചെസ് പരിശീലന ക്യാമ്പ് തുടങ്ങി. രാജ്യസഭാ എം.പി പി.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ചീഫ് കോച്ച് എൻ.ജ്യോതിലാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗം കെ.വി.ബാബു, പിഎസ്എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം.സി.കുട്ടിച്ചൻ, ജിമ്മിജോർജ് ചെസ് ക്ലബ്ബ് പ്രസിഡന്റ് വി.യു.സെബാസ്റ്റ്യൻ, സെക്രട്ടറി എ.പി.സുജീഷ്, കോട്ടയൻ ഹരിദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്