വടക്കൻ കേരളത്തിന്റെ പൈതൃകസംരക്ഷണം: തലശ്ശേരി ഹെറിറ്റേജ് പദ്ധതി വിജയത്തിലേക്ക്

തലശേരി : വടക്കൻ കേരളത്തിന്റെ പൈതൃകങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച തലശ്ശേരി ഹെറിറ്റേജ് പദ്ധതി വിജയത്തിലേക്ക്. ഒരു നാടിന്റെ ചരിത്രം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുകയെന്ന ഉദ്ദേശത്തോടെ 2.21 കോടി രൂപ ചെലവിൽ തലശ്ശേരി ഇല്ലിക്കുന്നിൽ നിർമ്മിച്ച ഗുണ്ടർട്ട് മ്യൂസിയം വടക്കൻ കേരളത്തിലെ ടൂറിസം വികസനത്തോടൊപ്പം ചരിത്രസാക്ഷ്യം കൂടിയാണ്.
മലയാള ഭാഷയെയും സംസ്‌കാരത്തെയും സമ്പന്നമാക്കിയ ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ ജീവിത കഥ പറയുന്ന ഗുണ്ടർട്ട് മ്യൂസിയം തലശ്ശേരി ഹെറ്റിറ്റേജ് പദ്ധതിയുടെ പ്രധാന ഭാഗമാണ്. സുഗന്ധ വ്യഞ്ജനങ്ങളുടെ കച്ചവടകേന്ദ്രമായിരുന്ന താഴെയങ്ങാടിയുടെ പുനരാവിഷ്കാരണമെന്ന നിലയിൽ 4.84 കോടി ചിലവിട്ട് നിർമ്മിച്ച താഴെയങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റ് പദ്ധതിയാണ് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു പദ്ധതി.
നടപ്പാത,വേസ്റ്റ്ബിൻ, തെരുവുവിളക്കുകൾ, സിസിടിവി, ഡ്രെയിനേജ് എന്നിവ ഇവിടെ ഒരുക്കി. സെന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച് 1.84 കോടി രൂപ ചെലവിട്ട് നവീകരിച്ചു. നടപ്പാത, ചുറ്റുമതിൽ, മുറ്റം, പൂന്തോട്ടം, വൈദ്യുതീകരണം, ദീപ വിതാനം, ഡ്രെയിനേജ് എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
തലശ്ശേരി കോട്ട നിർമ്മിച്ച എഡ്‌വേർഡ് ബ്രണ്ണന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന സെമിത്തേരി ഇവിടെയാണുള്ളത്.തീർത്ഥാടനടൂറിസം പദ്ധതി അവസാഘട്ടത്തിൽ ടിപ്പുവിന്റെയും പഴശ്ശിയുടെയും പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശത്ത് ഈ കാലഘട്ടത്തിന്റെ ചരിത്രശേഷിപ്പുകളും ആരാധനാ കേന്ദ്രങ്ങളും ടൂറിസം പദ്ധതിയിൽ നിർണായകമാണ്.
മൂന്നു കോടി മുടക്കിയാണ് പഴശ്ശിയുടെ കുടുംബക്ഷേത്രമായ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിനായുള്ള മ്യൂസിയം നിർമ്മാണം നടത്തിയത്.ഈ ക്ഷേത്രത്തിൽ മൃഗബലി നടത്തിയിട്ടാണ് പഴശ്ശി യുദ്ധത്തിനു പോയിരുന്നത്.
കണ്ണവത്ത് നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള തൊടീക്കളം ശിവക്ഷേത്രം രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ശിവവൈഷ്ണവ ചുമർ ചിത്രങ്ങൾകൊണ്ട് പ്രസിദ്ധമാണ്. പഴശ്ശിയുടെ പടയോട്ട കാലത്തെ പ്രധാന ഒളിത്താവളങ്ങളിലൊന്നായിരുന്നു തൊടീക്കളം ക്ഷേത്രം.
ഈ ചുമർ ചിത്രങ്ങളെ സംരക്ഷിച്ചുകൊണ്ട് 2.57 കോടിരൂപ ചെലവിൽ ചരിത്ര മ്യൂസിയം സ്ഥാപിച്ചു. മക്രേരി ക്ഷേത്രത്തിന്റെ നവീകരണം 1.93 കോടി ചിലവിൽ പൂർത്തിയാവുകയാണ്. കൊട്ടിയൂർ ക്ഷേത്രം രണ്ടാംഘട്ട നവീകരണം പുരോഗമിക്കുകയാണ്.