അയാള്‍ തന്നെ ഇയാള്‍; ഫോട്ടോ തിരിച്ചറിഞ്ഞു,ഷാരൂഖ് കുറ്റക്കാരനെങ്കില്‍ കടുത്തശിക്ഷ നല്‍കണമെന്ന് പിതാവ്

Share our post

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ രത്‌നഗിരിയില്‍ പിടിയിലായതും ഡല്‍ഹിയില്‍നിന്ന് കാണാതായ ഷാരൂഖ് സെയ്ഫിയും ഒരാള്‍ തന്നെയെന്ന് സ്ഥിരീകരണം.

ഷാരൂഖ് സെയ്ഫിയുടെ ഡല്‍ഹി ഷഹീന്‍ബാഗിലെ വീട്ടിലെത്തി പോലീസും കേരള എ.ടി.എസും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

രത്‌നഗിരിയില്‍ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോയും കുടുംബാംഗങ്ങളെ കാണിച്ചിരുന്നു. ഫോട്ടോയിലുള്ളത് കാണാതായ ഷാരൂഖ് സെയ്ഫി തന്നെയാണെന്ന് കുടുംബം തിരിച്ചറിഞ്ഞു.

എലത്തൂരിലെ തീവെപ്പിന് പിന്നാലെ കണ്ടെടുത്ത കുറിപ്പുകളും മൊബൈല്‍ഫോണില്‍ ഉപയോഗിച്ച സിംകാര്‍ഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള എ.ടി.എസും പോലീസും ഇയാളുടെ വീട്ടിലെത്തിയത്.

ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ നോട്ടുപുസ്തകങ്ങളടക്കം പോലീസ് വിശദമായി പരിശോധിച്ചിരുന്നു. റെയില്‍വേ ട്രാക്കില്‍നിന്ന് കിട്ടിയ കുറിപ്പുകളിലെ കയ്യക്ഷരവും വീട്ടിലെ പുസ്തകങ്ങളിലെ കയ്യക്ഷരവും ഒന്നുതന്നെയാണെന്ന് പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തു.

ഷാരൂഖ് സെയ്ഫിയെ കാണാനില്ലെന്ന് മാര്‍ച്ച് 31-ാം തീയതിയാണ് കുടുംബം ഷഹീന്‍ബാഗ് പോലീസില്‍ പരാതി നല്‍കിയത്.

ഇതിനിടെയാണ് എലത്തൂരിലെ തീവെപ്പില്‍ അന്വേഷണവുമായി പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയത്. എലത്തൂരില്‍നിന്ന് കിട്ടിയ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് മാര്‍ച്ച് 30-നായിരുന്നു. ഇതും അന്വേഷണത്തില്‍ നിര്‍ണായകമായി.

ഷാരൂഖിന്റെ ഷഹീന്‍ബാഗിലെ വീട്ടില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും മണിക്കൂറുകളോളം പോലീസ് സംഘവും എ.ടി.എസും പരിശോധന നടത്തിയിരുന്നു.

പരിശോധനയ്ക്ക് പിന്നാലെ ഡയറിയും മറ്റൊരു മൊബൈല്‍ഫോണും ഷഹീന്‍ബാഗ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് കേരള എ.ടി.എസിന് കൈമാറും.

അതിനിടെ, ഷാരൂഖ് കേരളത്തില്‍ പോയതിനെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നായിരുന്നു ഷാരൂഖിന്റെ പിതാവിന്റെ പ്രതികരണം. മകന്‍ കുറ്റക്കാരനാണെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കണം.

അതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. കഴിഞ്ഞദിവസം പോലീസ് വീട്ടിലെത്തിയതോടെയാണ് സംഭവമെല്ലാം അറിയുന്നത്. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി ശിക്ഷ ലഭിക്കണമെന്നും ഷാരൂഖിന്റെ പിതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധനഗര്‍ സ്വദേശികളായ ഷാരൂഖിന്റെ പിതാവും കുടുംബവും വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ താമസമാക്കിയവരാണ്. രണ്ട് സഹോദരങ്ങളാണ് ഇയാള്‍ക്കുള്ളത്. ഷാരൂഖിന് മാനസികപ്രശ്‌നങ്ങളില്ലെന്നും പിതാവിനൊപ്പം മരപ്പണി
ചെയ്തുവരികയായിരുന്നു ഷാരൂഖ് സെയ്ഫിയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!