ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി

കണ്ണൂർ: നാലര പതിറ്റാണ്ടിനു ശേഷം നടക്കുന്ന ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ. സംഘാടക സമിതി കൺവീനർ സി.കെ സുരേഷ് വർമ്മയ്ക്ക് ഇ മെയിൽ വഴിയാണ് പ്രധാനമന്ത്രി സന്ദേശം അയച്ചത്.
വിശ്വാസവും കലയും സംഗമിക്കുന്ന അപൂർവതയാണ് തെയ്യങ്ങളെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നാലര പതിറ്റാണ്ടിനു ശേഷം പെരുങ്കളിയാട്ടം സംഘടിപ്പിക്കുന്നതിലൂടെ പുതുതലമുറയ്ക്ക് തെയ്യത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമാകും. ഇത് ആചാര പെരുമ മനസ്സിലാക്കാനുള്ള അവസരം കൂടിയാണ്.
പഴയ സംസ്കാരത്തെ ഊട്ടിയുറപ്പിച്ചും പൈതൃകം സംരക്ഷിച്ചുമാണ് രാജ്യം ആധുനികതയിലേക്ക് കടന്നു ചെല്ലുന്നത്. സമൂഹത്തിന്റെ വിവിധ ഇടങ്ങളിൽ ഉള്ളവർക്ക് ഒത്തുചേരാനും സൗഹാർദം പങ്കുവെക്കാനും പെരുങ്കളിയാട്ടം സഹായിക്കും.
കല, ഭാഷ, സംസ്കാരം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന നാടാണ് കേരളമെന്നും ഇ മെയിൽ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.5 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ ചിറക്കൽ രാജവംശത്തിന്റെ പരദേവതമാരായ മുപ്പത്തൈവരിൽ (35 മൂർത്തികൾ) പെട്ട 30 തെയ്യങ്ങളും ഗുളികനും ഉൾപ്പെടെ 31 തെയ്യങ്ങൾ കെട്ടിയാടും. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം ചിറക്കലിൽ എത്തിക്കഴിഞ്ഞു.
അഞ്ചിന് വൈകിട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.കെട്ടിയാടുന്ന തെയ്യങ്ങൾതായ്പരദേവത, ക്ഷേത്രപാലകൻ, ചുഴലി ഭഗവതി, പാടിക്കുറ്റിയമ്മ, തിരുവർകാട്ട് ഭഗവതി, പുതിയഭഗവതി, വേട്ടക്കൊരുമകൻ, സോമേശ്വരി, ഊർപ്പഴശ്ശി, ഇളംകരുമകനും പുതൃവാടിയും, തെക്കൻ കരിയാത്തൻ, തോട്ടുങ്കര ഭഗവതി, കരിങ്കുട്ടിച്ചാത്തൻ, ഭൈരവൻ, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, പുലിച്ചാമുണ്ഡി, കണ്ഠാകർണൻ, വയനാട്ടുകുലവൻ, പാടാർകുളങ്ങര വീരൻ, വൈരജാതൻ, കരുവാൾ, ഉച്ചിട്ട, വീരർകാളി, യക്ഷി, എടലാപുരത്ത് ഭഗവതി, പൂക്കുട്ടിച്ചാത്തൻ, പൊന്നിത്തറ വീരൻ, വീരചാമുണ്ഡി.
തീച്ചാമുണ്ഡി കെട്ടാൻ എട്ടാം ക്ലാസുകാരൻപെരുങ്കളിയാട്ടത്തിൽ തീച്ചാമുണ്ഡി കെട്ടിയാടുന്നത് ചിറക്കൽ രാജാസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിരാം. ചിറക്കൽ റെയിൽവേ സ്റ്റേഷന് സമീപം മുരളി പണിക്കരുടെ മകനാണ്. പതിനൊന്നാം വയസ്സു മുതൽ തെയ്യം കെട്ടാൻ തുടങ്ങിയ അഭിരാം വിഷ്ണുമൂർത്തി, ഗുളികൻ, ഉച്ചിട്ട, കാലൻ ദൈവം തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ടെങ്കിലും തീച്ചാമുണ്ഡിയായി അഗ്നിപ്രവേശം ചെയ്യുന്നത് ഇതാദ്യമാണ്.
അച്ഛനിൽ നിന്നാണ് തെയ്യം ആചാരാനുഷ്ഠാനങ്ങൾ പഠിച്ചത്. ഫെബ്രുവരി 24 മുതൽ ആരംഭിച്ച വ്രതനിഷ്ഠ 41 ദിവസം പൂർത്തിയാകുന്ന ദിവസമാണ് അഭിരാമിന്റെ അഗ്നിക്കോലം.മേലേരിക്ക് 60 ടൺ പുളിമരംചാമുണ്ഡി കോട്ടം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി തെയ്യക്കോലങ്ങൾക്ക് അഗ്നിപ്രവേശം നടത്താൻ മേലേരി ഒരുക്കുന്നത് 60 ടൺ പുളിമരം കൊണ്ട്. മൂന്ന് ദിവസങ്ങളിലായി രണ്ട് തീച്ചാമുണ്ഡിയും ഒരു പുലിച്ചാമുണ്ഡിയും അഗ്നി പ്രവേശം ചെയ്യും.