പഴയ വാഹനങ്ങള്‍ റോഡില്‍ കാണരുത്; കാലപ്പഴക്കംചെന്ന വാഹനങ്ങള്‍ ഇനി ആക്രിക്കടയിലേക്ക്

Share our post

കാലപ്പഴക്കംചെന്ന വാഹനങ്ങളെ ആക്രിക്കടകളിലേക്ക് അയയ്ക്കാനുള്ള തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍. കാലപ്പഴക്കം വന്ന വാഹനങ്ങള്‍ നഗരത്തില്‍ ഓടുന്നതായോ, പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായോ കണ്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നേരിട്ട് സ്‌ക്രാപ്പിങ് യാര്‍ഡുകളിലേക്ക് അയയ്ക്കുകയും ചെയ്യുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഡല്‍ഹിയില്‍ നിലവില്‍ 53 ലക്ഷത്തോളം വാഹനങ്ങളുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെടുന്നതിനാല്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായി തുടരാനാവില്ലെന്നതാണ് കാരണം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും (എന്‍.ജി.ടി.) സുപ്രീംകോടതിയുടെയും ഉത്തരവുകളെത്തുടര്‍ന്ന്, കാലപ്പഴക്കമുള്ള എല്ലാ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് വകുപ്പ് കഴിഞ്ഞവര്‍ഷം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഇതുവരെ, കാലപ്പഴക്കമെത്തിയ 53,78,514 ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 80,000 വാഹനങ്ങളും സര്‍ക്കാരിന്റെതാണ്.

പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആദ്യത്തെ അഞ്ചുദിവസത്തിനുള്ളില്‍ 50 വാഹനങ്ങളാണ് പിടികൂടിയത്. വൊളന്ററി വെഹിക്കിള്‍ സ്‌ക്രാപ്പിങ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വാഹനം സ്‌ക്രാപ്പിങ്ങിനായി നല്‍കാം.

നടപടിയില്‍നിന്ന് രക്ഷപ്പെടാനായി വാഹനഉടമകള്‍ക്ക് മറ്റൊരു സംസ്ഥാനത്ത് ഓടുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി.) എടുക്കാനുള്ള സംവിധാനവുമുണ്ട്.

നിരോധിതപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങള്‍ ഒഴികെ ഏത് സംസ്ഥാനത്തും പത്ത് വര്‍ഷത്തിന് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിന് മുകളിലുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും എന്‍.ഒ.സി. നല്‍കും.

ഇത്തരം വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റിയാലും ഡല്‍ഹിയിലെ നിരത്തുകളില്‍ ഓടിക്കാവുന്നതാണ്.

എന്നാല്‍, ഇത്തരം വാഹനങ്ങളുടെ റെട്രോ ഫിറ്റ്മെന്റ് ഗതാഗതവകുപ്പ് അംഗീകരിച്ച ഏജന്‍സികള്‍ മുഖേന നടത്തിയിരിക്കണം. രാജ്യത്തെ പഴയ വാഹനങ്ങള്‍ സ്‌ക്രാപ്പുചെയ്യുന്നതിനുള്ള ഏറ്റവും വലിയ വിപണിയാണ് ഡല്‍ഹിയെന്നും വ്യവസായ വകുപ്പിന്റെ അനുമതിക്കുശേഷം നഗരത്തില്‍ സ്‌ക്രാപ്പിങ് യൂണിറ്റുകള്‍ തുറക്കാമെന്നും ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആശിഷ് കുന്ദ്ര പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!