അവണൂര്‍/മെഡിക്കല്‍ കോളേജ്(തൃശ്ശൂര്‍): അവണൂരില്‍ കുടുംബനാഥന്‍ വിഷബാധയേറ്റ ലക്ഷണങ്ങളോടെ മരിച്ചു. സമാനലക്ഷണങ്ങളോടെ അമ്മയും ഭാര്യയും വീട്ടില്‍ തെങ്ങുകയറാനെത്തിയ രണ്ടുപേരും ആസ്പത്രിയില്‍. അവണൂര്‍ എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍ (58) ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ അമ്മ കമലാക്ഷി (90), ഭാര്യ ഗീത (42), തെങ്ങുകയറ്റത്തൊഴിലാളികളായ വേലൂര്‍ തണ്ടിലം സ്വദേശി ചന്ദ്രന്‍ (47), മുണ്ടൂര്‍ വേളക്കോട് സ്വദേശി ശ്രീരാമചന്ദ്രന്‍ (50) എന്നിവര്‍ ചികിത്സയിലാണ്.
കമലാക്ഷി അമല ആസ്പത്രിയിലും ഗീത തൃശ്ശൂര്‍ ദയ ആസ്പത്രിയിലും മറ്റുള്ളവര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുമാണുള്ളത്. ആരോഗ്യനില വഷളായ ശ്രീരാമചന്ദ്രനെ ഉച്ചയ്ക്ക് രണ്ടുമണിയോടെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഗീതയും ചന്ദ്രനും അപകടനില തരണംചെയ്തിട്ടില്ല.
ഞായറാഴ്ച രാവിലെ ഒമ്പതരയോടെ മുളങ്കുന്നത്തുകാവ് ആരോഗ്യ സര്‍വകലാശാലയ്ക്ക് സമീപം സ്‌കൂട്ടറില്‍ തളര്‍ന്നിരിക്കുന്ന രീതിയില്‍ കണ്ട ശശീന്ദ്രനെ ആസ്പത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നതിനിടെയാണ് മരിച്ചത്.
ഹൃദയാഘാതമെന്ന് കരുതി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കിയെങ്കിലും ബാക്കിയുള്ളവര്‍ക്കും ഛര്‍ദിയുണ്ടെന്നറിഞ്ഞതോടെ പോലീസുംകൂടി ഇടപെട്ട് ആസ്പത്രിയില്‍ തിരിച്ചെത്തിച്ചു.
മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ സംസ്‌കാരത്തിന് വീട്ടില്‍ ഒരുക്കം തുടങ്ങിയിരുന്നു. ഇതിനിടെ ഭാര്യയ്ക്ക് ഛര്‍ദി തുടങ്ങിയതോടെ മൃതദേഹമെത്തിച്ച ആംബുലന്‍സില്‍ത്തന്നെ ഭാര്യയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വിളക്കുവെച്ച് മൃതദേഹം നിലത്ത് കിടത്തിയശേഷമാണ് തിരികെയെത്തിക്കാന്‍ മെഡിക്കല്‍ കോളേജില്‍നിന്ന് നിര്‍ദേശം വന്നത്.
വീട്ടിലുണ്ടാക്കിയ ഇഡ്ഡലി, സാമ്പാര്‍, കടലക്കറി എന്നിവ കഴിച്ചശേഷമാണ് എല്ലാവര്‍ക്കും അസ്വസ്ഥത തുടങ്ങിയത്. ഭക്ഷണം കഴിക്കാതിരുന്ന ശശീന്ദ്രന്റെ മകന്‍ മയൂര്‍നാഥിന് മാത്രമാണ് വിഷബാധയേല്‍ക്കാത്തത്. ശശീന്ദ്രന്റെ ആദ്യവിവാഹത്തിലെ മകനാണ് മയൂര്‍. മയൂരിന്റെ അമ്മ 15 വര്‍ഷംമുമ്പ് ആത്മഹത്യചെയ്യുകയായിരുന്നു.
തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് ശാസ്ത്രീയപരിശോധനകള്‍ക്കും ശേഷമേ മരണകാരണം വ്യക്തമാകൂ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് ദുരൂഹത സംശയിക്കുന്നുണ്ട്.
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് വീട്ടിലെ ഭക്ഷണം കഴിക്കാതിരുന്നതെന്നാണ് മകന്‍ മയൂര്‍ പോലീസിനോട് പറഞ്ഞത്. ആയുര്‍വേദ ഡോക്ടറാണ് മയൂര്‍. വീട്ടില്‍ തയ്യാറാക്കിയ ഇഡ്ഡലിയില്‍നിന്ന് ഭക്ഷ്യവിഷബാധാസാധ്യത കുറവാണെന്നാണ് പോലീസ് വിലയിരുത്തല്‍. മെഡിക്കല്‍ കോളേജ് അധികൃതരും ഭക്ഷ്യവിഷബാധയാകാനിടയില്ലെന്നാണ് പറയുന്നത്.
എല്ലാവരും ചോര ഛര്‍ദിച്ചു. വിറയലും വായില്‍നിന്ന് നുരയും പതയും വരുകയും ചെയ്തു. ഫോറന്‍സിക്, വിരലടയാളവിദഗ്ധര്‍ വീട്ടിലെത്തി തെളിവെടുത്തു. വീടിനു മുകളിലെ നിലയില്‍ മയൂര്‍ ആയുര്‍വേദ ലാബ് സജ്ജീകരിച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിഷബാധയേറ്റവര്‍ മെഡിക്കല്‍ കോളേജിലെത്തിയത് പലസമയത്ത്
തൃശ്ശൂര്‍: ഒരേ സ്ഥലത്തുനിന്ന് വിഷബാധയേറ്റവര്‍ക്ക് സമാനലക്ഷണങ്ങളുണ്ടായിട്ടും മെഡിക്കല്‍ കോളേജില്‍ എത്തിയത് പലസമയത്ത്. രാവിലെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചശേഷമാണ് സ്‌കൂട്ടറില്‍ എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ ശശീന്ദ്രന്‍ പോയത്.
ഒന്നരക്കിലോമീറ്റര്‍ അകലെ ആരോഗ്യ സര്‍വകലാശാലയ്ക്കു സമീപം കോഫി ഹൗസിനു മുന്നില്‍ സ്‌കൂട്ടറില്‍ തളര്‍ന്നിരിക്കുന്ന രീതിയില്‍ മെഡിക്കല്‍ കോളേജ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. സി. രവീന്ദ്രനാണ് ശശീന്ദ്രനെ കണ്ടത്.
ഡോ. രവീന്ദ്രന്റെയും ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ശശീന്ദ്രനെ മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അവിടെയെത്തിച്ചശേഷം ചോര ഛര്‍ദിച്ച് തളരുകയായിരുന്നു. വായില്‍നിന്ന് നുരയും പതയും വിറയലുമായി പത്തരയോടെ മരണം സ്ഥിരീകരിച്ചു.
ശശീന്ദ്രന്‍ നല്‍കിയ വിലാസമനുസരിച്ച് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ മകന്‍ മയൂര്‍നാഥ് എത്തി. മകന്‍ പോസ്റ്റ്‌മോര്‍ട്ടം വേണ്ട എന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. ഇതിനിടെ അമ്മ കമലാക്ഷിക്ക് ലക്ഷണം തുടങ്ങിയതോടെ അമല ആസ്പത്രിയിലേക്ക് കൊണ്ടുപോയി. കമലാക്ഷി നേരത്തെ മറ്റൊരു മകന് വൃക്ക ദാനം ചെയ്തിരുന്നു.
ഭാര്യ ഗീതയ്ക്കും രോഗലക്ഷണം കണ്ടതോടെ മൃതദേഹം കൊണ്ടുവന്ന ആബുലന്‍സില്‍ത്തന്നെ ഇവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അതിനുമുമ്പ് തൊഴിലാളികളെയും ഇവിടുത്തെ അത്യാഹിതവിഭാഗത്തിലെത്തിച്ചിരുന്നു. ഗീതയെ പിന്നീട് സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.
ഒരേ സ്ഥലത്തുനിന്നാണ് എല്ലാവരും വന്നതെന്നറിഞ്ഞ ഡോക്ടര്‍മാരാണ് വീട്ടിലുള്ളവരെ മുഴുവന്‍ ആസ്പത്രിയിലെത്തിക്കാന്‍ പറഞ്ഞത്. തുടര്‍ന്ന് മകന്‍ മയൂര്‍നാഥിനെയും ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ അപ്പുറമുള്ള പറമ്പില്‍ നാല് തൊഴിലാളികളാണ് പണിക്കുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചുവന്നതിനാല്‍ ഇഡ്ഡലി കഴിച്ചിരുന്നില്ല.