കോർപറേഷന്റെ പ്രഖ്യാപനം പാളി; ടൗണിലെ തകർന്ന മുഴുവൻ റോഡുകളും ടാർ ചെയ്യാനായില്ല

കണ്ണൂർ : നഗരത്തിലെ തകർന്ന മുഴുവൻ റോഡുകളും മാർച്ച് 31ന് ഉള്ളിൽ ടാർ ചെയ്യുമെന്ന കോർപറേഷന്റെ പ്രഖ്യാപനം പാളി. ബല്ലാർഡ് റോഡ്, ബാങ്ക് റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം തിരക്കു കൂടുമ്പോൾ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്. മേഖലയിൽ ദിവസവും വാഹനാപകടവും പതിവായി. ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും.
പൊടിശല്യം രൂക്ഷമായതോടെ ജനത്തിന് ഇവിടേക്ക് പ്രവേശിക്കാനാകാത്ത സ്ഥിതിയാണ്. മേഖലയിലെ വ്യാപാരികളാകട്ടെ തീരാദുരിതത്തിലും. റോഡിൽ വെള്ളം തളിച്ചാണു വ്യാപാരികൾ പൊടിശല്യത്തിൽ നിന്നു രക്ഷനേടുന്നത്.
റോഡിൽ ഇട്ട മെറ്റൽ എല്ലാം ഇളകി. വാഹനങ്ങൾ പോകുമ്പോൾ മെറ്റലുകൾ കാൽനടയാത്രികരുടെ ദേഹത്തേക്കു തെറിക്കുന്ന സ്ഥിതിയാണ്.
പടന്നപ്പാലത്ത് മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണത്തിനാണ് മേഖലയിലെ റോഡുകൾ വെട്ടിപ്പൊളിച്ചിരുന്നത്.
പോസ്റ്റ് ഓഫിസ് – പാറക്കണ്ടി റോഡ്, കുഴിക്കുന്ന് – താളിക്കാവ് റോഡ്, എസ്എൻ പാർക്ക് റോഡ് എന്നിവിടങ്ങളിൽ റോഡ് പണി കോർപറേഷൻ പൂർത്തിയാക്കിയെങ്കിലും മറ്റിടങ്ങളിലെ റോഡ് പൊളിച്ചിട്ടു മാസങ്ങൾ കഴിഞ്ഞു. നഗരത്തിലെ വെട്ടിപ്പൊളിച്ച മുഴുവൻ റോഡുകളും ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫും വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകളും കോർപറേഷനെതിരെ രംഗത്തെത്തിയിരുന്നു.
കോർപറേഷൻ ഓഫിസ് ഉപരോധവും നടത്തിയതോടെയാണ് നഗരത്തിലെ മുഴുവൻ റോഡുകളും മാർച്ച് 31നുള്ളിൽ ടാർ ചെയ്തു ഗതാഗതം സുഗമം ആക്കുമെന്നു കോർപറേഷൻ ഭരണസമിതി പ്രഖ്യാപിച്ചത്.
പി.ഇന്ദിര മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കണ്ണൂർ കോർപറേഷൻ
പടന്നപ്പാലത്ത് മലിനജല ശുദ്ധീകരണ പ്ലാന്റ് ശൃംഘല പണി പുരോഗമിക്കുകയാണ്. ഇതിന്റെ പണി ഉടൻ പൂർത്തിയാക്കും. ഇതോടെ റോഡ് പണിയും അതിവേഗം പൂർത്തിയാക്കും. പദ്ധതിക്കായി 13.6 കിലോമീറ്റർ റോഡ് വെട്ടി കീറിയതിൽ 2 കിലോമീറ്റർ റോഡ് മാത്രമാണ് ഇനി ടാർ ചെയ്യാനുള്ളത്.