ആംബുലൻസ് വഴിയിൽ കുടുങ്ങി; അകമ്പടി വാഹനമില്ലാതെ വസതിയിലെത്തി മുഖ്യമന്ത്രി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം തലശ്ശേരി റെയിൽവേ സ്റ്റേഷൻ ബിൽഡിങ്ങിൽ കുടുങ്ങി. തുടർന്ന് അകമ്പടി വാഹനം ഇല്ലാതെയാണു മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലെത്തിയത്.
എറണാകുളത്തുനിന്ന് മാവേലി എക്സ്പ്രസിൽ പുലർച്ചെ 4.46ന് തലശ്ശേരിയിൽ എത്തിയശേഷം പിണറായിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ വി.ഐ.പി സുരക്ഷാ വാഹനം കടന്നുപോയശേഷം പിന്നാലെയെത്തിയ ജില്ലാ ആശുപത്രിയുടെ ആംബുലൻസ് തലശ്ശേരി റെയിൽവേ സ്റ്റേഷൻ ബിൽഡിങ്ങിൽ കുടുങ്ങിയിരുന്നു.
ഇതോടെ മറ്റു അകമ്പടി വാഹനങ്ങളും കുടുങ്ങി. ഒടുവിൽ ആംബുലൻസിന്റെ ടയറിന്റെ കാറ്റഴിച്ചാണ് വാഹനം മുൻപോട്ട് എടുത്തത്.
ഫയർഫോഴ്സ് അടക്കം മറ്റു അകമ്പടി വാഹനങ്ങൾ മുഖ്യമന്ത്രി വീട്ടിലെത്തിയ ശേഷം രണ്ടു മിനിറ്റ് കഴിഞ്ഞാണ് എത്തിയത്.