Kannur
വിദ്യാഭ്യാസരംഗത്ത് പുത്തൻ ചുവടുവെപ്പ്; പയ്യന്നൂരിൽ ഫിഷറീസ് കോളജ് ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

കണ്ണൂർ/പയ്യന്നൂർ: വടക്കെ മലബാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി പയ്യന്നൂർ ഫിഷറീസ് കോളജ് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് (കുഫോസ്) കീഴിൽ ആരംഭിച്ച ആദ്യത്തെ കോളജാണ് പയ്യന്നൂരിലേത്.
പയ്യന്നൂർ അമ്പലം റോഡിൽ ഒരുക്കിയ വാടക കെട്ടിടത്തിൽ (പഴയ വൃന്ദാവൻ ഓഡിറ്റോറിയം) കോളജിലെ ആദ്യബാച്ച് ക്ലാസുകൾ ഇതിനകം ആരംഭിച്ചു.
കോളജിന്റെ ഔപചാരികമായ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പയ്യന്നൂർ ടെമ്പിൾ റോഡിൽ ഫിഷറീസ് കോളജിന് സമീപമുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മൈതാനത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
1979ൽ എറണാകുളത്തെ പനങ്ങാട് ആരംഭിച്ച ഫിഷറീസ് കോളജാണ് സംസ്ഥാനത്തെ ആദ്യ ഫിഷറീസ് കോളജ്. രണ്ടാമത്തെ കോളജാണ് പയ്യന്നൂരിൽ തുടങ്ങുന്നത്. ഫിഷറീസ് മേഖലയിൽ പ്രത്യേകിച്ച് മത്സ്യകൃഷി രംഗത്ത് മലബാർ അഭിമുഖീകരിക്കുന്ന പിന്നാക്കവസ്ഥക്ക് ഇതോടെ ഒരളവുവരെ പരിഹാരമാകുമെന്ന് കുഫോസ് വി.സി പ്രഫ. ഡോ. റോസ്ലിൻ ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഫിഷറീസ്, സമുദ്രപഠനം തുടങ്ങിയ മേഖലയിൽ വിദ്യാർഥികൾക്ക് അനന്ത സാധ്യതകൾ തുറന്നിടുന്നതാണ് സമുദ്രപഠന സർവകലാശാല എന്നറിയപ്പെടുന്ന കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസ് (കുഫോസ്). ഇന്ത്യയിലെ ആദ്യത്തെ സമുദ്രപഠന സർവകലാശാലയും കേരളത്തിലാണ്.
സമുദ്രപഠന രംഗത്ത് പ്രാപ്തരായ ഉദ്യോഗാർഥികളാണ് ഓരോ വർഷവും കുഫോസിൽ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. മത്സ്യകൃഷി, ജല ആവാസവ്യവസ്ഥ, ടാക്സോണിയും ജൈവവൈവിധ്യവും സമുദ്ര ഉൾനാടൻ മത്സ്യബന്ധനവുമാണ് ഇവിടെ പഠനവിഷയമാക്കുന്നത്. വാർത്തസമ്മേളനത്തിൽ കുഫോസ് രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി, പി.ആർ.ഒ രാജു റാഫേൽ എന്നിവരും പങ്കെടുത്തു.
നിലവിൽ ബിരുദ കോഴ്സിൽ 40 കുട്ടികൾ
നിലവിൽ അഞ്ച് വർഷത്തേക്ക് വാടകക്ക് എടുത്ത കെട്ടിടത്തിലാണ് ക്ലാസ് മുറികളും ലാബുകളും സജ്ജമാക്കിയിട്ടുള്ളത്. 40 കുട്ടികളാണ് ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (ബി.എഫ്.എസ്.സി) കോഴ്സുള്ള പയ്യന്നൂർ കേന്ദ്രത്തിൽ ഇപ്പോൾ പഠിക്കുന്നത്. ഇതിൽ 20 ശതമാനം സീറ്റ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തതാണ്. ഏഴ് അസി. പ്രഫസർമാരെയും നിയമിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യവും ഒരുക്കി. മത്സ്യകൃഷി, ജല ആവാസ വ്യവസ്ഥ, ജൈവവൈവിധ്യം, സമുദ്ര ഉൾനാടൻ മത്സ്യബന്ധനം തുടങ്ങിയവയാണ് സർവകലാശാലയുടെ പ്രധാന പഠനവിഷയങ്ങൾ. ഇതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ സർക്കാർ അനുവദിച്ച ഒരു കോടി ചെലവിൽ പയ്യന്നൂരിൽ കോളജ് പ്രവർത്തനം തുടങ്ങിയത്.
സ്വന്തം കെട്ടിടം നിർമിക്കുന്നതിനായി കോറോം വില്ലേജിൽ കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം 12 ഏക്കർ ഭൂമി കണ്ടെത്തി സർവകലാശാലക്ക് കൈമാറിയിരുന്നു. പയ്യന്നൂരിൽ കൂടുതൽ കോഴ്സുകൾ കൊണ്ടുവരുന്നതിനെ കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്.
Kannur
വിവരങ്ങൾ ട്രാക്ക് ചെയ്യാം പോഷൺ ട്രാക്കർ ആപ്പിലൂടെ

അങ്കണവാടികളെ സ്മാർട്ടാക്കി മാറ്റുക എന്ന ദൗത്യത്തിന്റെ ഭാഗമായി നിലവിൽ വന്ന പോഷൺ ട്രാക്കർ ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കൾക്ക് അങ്കണവാടിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, കുട്ടികളുടെ വളർച്ചാ നിരീക്ഷണം എന്നിവയുടെ വിവരങ്ങൾ നേരിട്ട് പരിശോധിക്കാം. ഐ.സി.ഡി.എസ് പദ്ധതി മുഖേന ആറ് മാസം മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് വിവിധങ്ങളായ സേവനങ്ങൾ അങ്കണവാടികൾ വഴി നൽകി വരുന്നുണ്ട്. അങ്കണവാടികളിൽ പോഷൺ ട്രാക്കറിലൂടെ നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തവർക്ക് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാം. അങ്കണവാടി സേവനം സ്വീകരിക്കുന്ന എല്ലാ ഗുണഭോക്താക്കളും പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ അറിയിച്ചു.
Kannur
അശാസ്ത്രീയ മാലിന്യ സംസ്കരണം: 35,000 രൂപ പിഴയിട്ടു

പഴയങ്ങാടി: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാടായി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം കണ്ടെത്തിയതിനെ തുടർന്ന് 35000 രൂപ പിഴ ചുമത്തി. പഴയങ്ങാടിയിലെ ഡെൽറ്റ കെയർ ഡെന്റൽ ലാബ് എന്ന സ്ഥാപനത്തിന് 15000 രൂപ, നീതി ഇലക്ടിക്കൽസ് ആൻഡ് പ്ലമ്പിങ്, പബാബ് നാഷനൽ ബാങ്ക് എന്നിവക്ക് 10,000 രൂപ വീതം എന്നിങ്ങനെയാണ് 35000 രൂപ പിഴ ചുമത്തിയത്. ഡെൽറ്റ കെയർ ഡെന്റൽ ലാബിൽ നിന്നുള്ള മലിന ജലം പുഴയോട് ചേർന്ന പ്രദേശത്തേക്ക് ഒഴുക്കി വിട്ടതിനും ലാബിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും പുഴയോട് ചേർന്ന സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനുമാണ് സ്ക്വാഡ് 15000 രൂപ പിഴ ചുമത്തിയത്.പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നുള്ള കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയുടെ സമീപത്തു കൂട്ടിയിട്ടതിനും കത്തിച്ചതിനുമാണ് 10000 രൂപ പിഴ ചുമത്തിയത്. നീതി ഇലക്ട്രിക്കൽസ് ആൻഡ് പ്ലബിങ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ഹാർഡ് ബോർഡ് പെട്ടികളും തെർമോക്കോളും പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയുടെ സമീപത്ത് കൂട്ടിയിട്ട് കത്തിച്ചതിനും പ്ലാസ്റ്റിക് ചാക്കുകളും ഉപയോഗ ശൂന്യമായ ക്ലോസറ്റ്, പ്ലാസ്റ്റിക് കവറുകൾ മുതലായവ കൂട്ടിയിട്ടതിനുമാണ് സ്ക്വാഡ് 10000 രൂപ പിഴയിട്ടത്. മൂന്ന് സ്ഥാപന അധികൃതരോടും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കാൻ സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.
Kannur
ഡ്രൈവ് ഇൻ ബീച്ചിലേക്ക് ഡ്രൈവിങ് കടുകട്ടി; ബീച്ചിലേക്കുള്ള 4 റോഡുകളും ഇടുങ്ങിയത്: യാത്രാദുരിതം

മുഴപ്പിലങ്ങാട്: ഡ്രൈവ് ഇൻ ബീച്ചിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഒന്നാം ഘട്ട നവീകരണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴും ബീച്ചിലേക്കുള്ള റോഡുകൾക്ക് പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ല.മുഴപ്പിലങ്ങാട് കുളംബസാർ, എടക്കാട് ടൗൺ, മുഴപ്പിലങ്ങാട് മഠം, യൂത്ത് എന്നിവിടങ്ങളിലായി 4 റോഡുകളാണ് ഉള്ളത്. ഒരു വാഹനത്തിന് കഷ്ടിച്ച് പോകാൻ മാത്രം വീതിയുള്ളതാണ് ഈ 4 റോഡുകളും. ബസ് പോലുള്ള വലിയ വാഹനങ്ങൾ പ്രവേശിച്ചാൽ എതിരെനിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. 4 റോഡുകളിലും റെയിൽവേ ഗേറ്റ് ഉള്ളതിനാൽ ഗതാഗത ക്ലേശം രൂക്ഷമാണ്. കുളം ബസാർ, എടക്കാട് ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളാണ് ബീച്ചിലേക്ക് പോകാൻ സന്ദർശകർ കൂടുതലായും ഉപയോഗിക്കുന്നത്.
റോഡിന്റെ വീതിക്കുറവും റെയിൽവേ ഗേറ്റും കാരണമുള്ള ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം ഇട റോഡിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ് സന്ദർശകർക്ക്. ബീച്ച് റോഡുകളിലെ ഈ കുരുക്ക് കാരണം പരിസരവാസികളും യാത്ര നടത്താനാവാതെ ദുരിതത്തിലാണ്.കുളംബസാറിലെ റെയിൽവേ ക്രോസിനു മുകളിലൂടെ മേൽപാലം പണിയുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളോളം പഴക്കമുണ്ടെങ്കിലും ഇതുവരെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല.233.71 കോടി രൂപയുടെ വികസനം 233.71 കോടി രൂപയുടെ വികസന പദ്ധതികളാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് മുതൽ ധർമടം വരെ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ട നവീകരണം ഉദ്ഘാടനം ഡിസംബർ അവസാനത്തോടെ നടത്തുമെന്നാണ് അറിയുന്നത്. നാല് കിലോ മീറ്റർ നീളത്തിലുള്ള ബീച്ചിനോട് ചേർന്ന് ഒരു കിലോമീറ്ററിലധികം നീളത്തിലുള്ള നടപ്പാത, ഇതിൽ 18 മീറ്റർ നീളത്തിൽ പ്ലാറ്റ്ഫോം, സഞ്ചാരികൾക്ക് ഇരിപ്പിടം, കുട്ടികൾക്കുള്ള കളിയിടം, സുരക്ഷാ ജീവനക്കാർക്കുള്ള കാബിൻ, ശുചിമുറികൾ തുടങ്ങിയവയുടെ നിർമാണത്തിന്റെ അവസാനഘട്ട പ്രവൃത്തികളാണ് ബീച്ചിൽ ഇപ്പോൾ നടക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്